
ആലപ്പുഴ:കുട്ടനാട്ടിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ തുടക്കമാകും. പ്രളയത്തില്‍ മുങ്ങിയ വീടുകള്‍ ജനകീയ കൂട്ടായ്മയിലൂടെ ശുചിയാക്കും. അറുപതിനായിരം പേര്‍ ഇതില്‍ പങ്കാളികളാകുമെന്നാണ് പ്രതീക്ഷ.
അഴുക്കും ചെളിയുമെല്ലാം കളഞ്ഞ് അടുത്ത വെള്ളിയാഴ്ചയോടെ വീടുകള്‍ താമസയോഗ്യമാക്കുകയാണ് ലക്ഷ്യം. കുട്ടനാട്ടില്‍ 50000ലധികം വീടുകളാണ് ശുചിയാക്കാനുള്ളത്. ഓരോ വീട്ടിലെയും കുറഞ്ഞത് ഒരാളെങ്കിലും ശുചിയാക്കാനെത്തണം. ഒപ്പം സഹായവുമായി മറ്റ് ജില്ലകളില്‍നിന്നും ആളുകളെത്തും.
ശുചീകരണത്തിന്‍റെ ആദ്യ ഘട്ടമെന്ന നിലയില്‍ പാമ്പ് പിടുത്തക്കാര്‍ ഇന്ന് വീടുകളില്‍ പരിശോധന നടത്തും. നാളെ രാവിലെ എട്ട് മണിയോടെ അറുപതിനായിരത്തിലധികം വരുന്ന ആളുകള്‍ ഹൗസ് ബോട്ടുകളിലും കേവ് വള്ളങ്ങളിലുമായി കുട്ടനാട്ടിലെ 16 പഞ്ചായത്തുകളിലെത്തും. 1000 ഹൗസ് ബോട്ടുകളും ജില്ലയിലെ മുഴുവന്‍ ജങ്കാറുകളും ഇതിനായി ഉപയോഗിക്കും. ഇലക്ട്രീഷ്യന്‍, പ്ലംബര്‍, ആശാരി എന്നിങ്ങനെ എല്ലാ പ്രവര്ത്തനങ്ങള്‍ക്കും ആളുകളുണ്ടാകും.
നാളെ രാത്രി ഇവരെല്ലാം ഹൗസ് ബോട്ടുകളില്‍ താമസിക്കും. മറ്റന്നാളോടുകൂടി ശൂചീകരണം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ കൈനകരി, ചമ്പക്കുളം, പുളിങ്കുന്ന്, മുട്ടാര്‍ എന്നിവിടങ്ങളില്‍ ഭൂരിഭാഗം വീടുകള്‍ക്കുള്ളിലും ഇപ്പോഴും അരടിയോളം വെള്ളം കെട്ടിനില്‍ക്കുന്നുണ്ട്.
രണ്ട് ദിവസത്തിനുള്ളില്‍ വെള്ളം ഇറങ്ങുമെന്നാണ് കണക്കുകൂട്ടല്‍. 30ന് ക്യാമ്പുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കും. വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ വീടുകളിലേക്ക് പോകാനാകാത്തവര്‍ക്കായി ഓഡിറ്റോറിയങ്ങള്‍ കേന്ദ്രീകരിച്ച് പുതിയ ക്യാന്പുകള്‍ തുടങ്ങും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam