
തിരുവനന്തപുരം: ശബരിമല അയ്യപ്പന് കീ ജെയ് വിളിച്ചുകൊണ്ടാണ് മാതാ അമൃതാന്ദമയി സംസാരിച്ചു തുടങ്ങിയത്. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് അടുത്തിടെ ഉണ്ടായ സംഭവങ്ങൾ ദൗർഭാഗ്യകരമാണ്. ക്ഷേത്ര സങ്കൽപ്പത്തെക്കുറിച്ചും ക്ഷേത്രാരാധനയെക്കുറിച്ചും വേണ്ടത്ര അറിവില്ലാത്തതുമാണ് മിക്ക പ്രശ്നത്തിനും കാരണമെന്ന് മാതാ അമൃതാനന്ദമയി പറഞ്ഞു.
ഓരോ ക്ഷേത്രത്തിനും അതിന്‍റേതായ പ്രതിഷ്ഠാ സങ്കൽപ്പങ്ങളുണ്ട്. ക്ഷേത്രത്തിലെ ദേവതയും സർവവ്യാപിയായ ഈശ്വരനും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണം. സർവവ്യാപിയായ ഈശ്വരന്‍റെ അനന്തമായ ശക്തിക്ക് സ്ത്രീപുരുഷ വ്യത്യാസമില്ല. എന്നാൽ ക്ഷേത്രത്തിന്‍റെ കാര്യത്തിൽ ആ വ്യത്യാസമുണ്ട്.
സമുദ്രത്തിലെ മത്സ്യവും ടാങ്കിലെ മത്സ്യവും തമ്മിൽ വ്യത്യാസമുണ്ട്. ടാങ്കിൽ കിടക്കുന്ന മത്സ്യത്തിന് സമയാസമയം ഭക്ഷണം കൊടുക്കണം, വെള്ളം മാറ്റിക്കൊടുക്കണം, ഓക്സിജൻ കൊടുക്കണം. സമുദ്രജല മത്സ്യത്തിന് ഇത്തരം നിബന്ധനകൾ ഒന്നുമില്ല. അതുപോലെ നദിയിൽ ഇറങ്ങി കുളിക്കുന്നതിന് പ്രത്യേകം നിബന്ധനകൾ ഒന്നുമില്ല. അതേസമയം നദിയിലെ വെള്ളം ഒരു സ്വിമ്മിംഗ് പൂളിലേക്ക് മാറ്റുമ്പോൾ അതിൽ ക്ലോറിൻ ഇടണം, ഫിൽട്ടർ ചെയ്യണം. അതിൽ കുളിക്കാൻ ഇറങ്ങുന്നതിന് മുമ്പ് നമ്മൾ വേറെ വെള്ളത്തിൽ കുളിക്കണം. വിയർപ്പെല്ലാം കളഞ്ഞ് ഒരു പ്രത്യേക വസ്ത്രം ധരിക്കണം. മാത്രമല്ല, സ്വിമ്മിംഗ് പൂളിൽ കുളിക്കുമ്പോൾ സോപ്പ് തേയ്ക്കാനും പാടില്ല. നദിയിലെ വെള്ളം തന്നെയാണ് സ്വിമ്മിംഗ് പൂളിലും ഉള്ളത്. സർവവ്യാപിയായ ഈശ്വരന്‍റെ ഒരു ഭാഗം തന്നെയാണ് അതും. പക്ഷേ അതിൽ ശുദ്ധാശുദ്ധിയും ആചാരാനുഷ്ടാനങ്ങളും ആവശ്യമാണ്.
നമ്മൾ ഏതു രീതിയിൽ ഭാവിക്കുന്നോ, അതുപോലെ ഫലവും കിട്ടും. ഒരു വിത്ത് നട്ടാൽ അതിന് വെള്ളവും വളവും കൊടുക്കുന്നത് കൊണ്ടാണ് പൂവും കായും ഫലങ്ങളും കിട്ടുന്നത്. ഓരോ ക്ഷേത്ര ദേവതയ്ക്കും യഥാസമയം പൂജ ചെയ്യണം, നിവേദ്യങ്ങൾ സമർപ്പിക്കണം, ശുദ്ധാശുദ്ധങ്ങൾ നോക്കണം. സർവവ്യാപിയായ ഈശ്വരന് ഇത്തരം പരിമിതികൾ ഇല്ല. ക്ഷേത്രത്തിലെ ഓരോ ദേവതയ്ക്കും പ്രത്യേകം സങ്കൽപ്പമുണ്ട്. രൗദ്രഭാവത്തിലെ സങ്കൽപ്പം വേറെ, ശാന്തഭാവത്തിലെ സങ്കൽപ്പം വേറെ. പാരമ്പര്യം അനുസരിച്ചുള്ള ആചാരങ്ങൾ പാലിച്ചില്ലെങ്കിൽ അത് ക്ഷേത്രത്തെ ബാധിക്കും. ക്ഷേത്രം മൈനറാണ്. കൊച്ചുകുട്ടിക്ക് അച്ഛനും അമ്മയും അദ്ധ്യാപകരും ആവശ്യമാണെന്നതുപോലെ ക്ഷേത്രത്തിന് തന്ത്രിയുടേയും പൂജാരിയുടേയും വിശ്വാസികളുടേയും സംരക്ഷണം വേണം. വിശ്വാസമില്ലാത്തവർ അവിടെ പോയാൽ തുപ്പുകയും തൂറുകയുമൊക്കെ ചെയ്യും.
ശബരിമല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയായിരുന്നു. അദ്ദേഹം സമാധിയാകുന്നതിന് മുമ്പേ പ്രകടിപ്പിച്ച ഒരാഗ്രഹം അനുസരിച്ചാണ് ഇത്തരം സമ്പ്രദായങ്ങൾ നിലവിൽ വന്നതെന്നാണ് വിശ്വാസം. ആചാരങ്ങൾക്ക് കാലത്തിന് അനുസരിച്ച് മാറ്റം വന്നാൽ മൂല്യങ്ങൾ നഷ്ടമായിപ്പോകും. കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടി ഇല്ലാതാക്കാൻ ഇടയാക്കരുത്. ശങ്കരാചാര്യർ അദ്വൈതമാണ് സ്ഥാപിച്ചത്. നാരായണ ഗുരുവും അദ്വൈതമാണ് സ്ഥാപിച്ചത്. ചട്ടമ്പി സ്വാമികളുടെ കാര്യം നോക്കിയാലും അങ്ങനെ തന്നെയാണ്. അവരൊക്കെ തിരിച്ചുവന്ന് ക്ഷേത്രം സ്ഥാപിച്ചിട്ടുണ്ട്.
ഓരോ ക്ഷേത്രത്തിനും ഓരോ രീതിയുണ്ട്. ശിവക്ഷേത്രത്തിൽ പ്രദക്ഷിണം വയ്ക്കാൻ പ്രത്യേക രീതിയുണ്ട്. എല്ലായിടത്തും ഈശ്വരനുണ്ട് എന്നറിയാമെങ്കിലും പോകുന്ന ക്ഷേത്രങ്ങളിലെല്ലാം അവിടത്തെ ആചാരം താൻ അനുഷ്ടിക്കാറുണ്ടെന്ന് മാതാ അമൃതാനന്ദമയി പറഞ്ഞു. പ്രതിഷ്ട നടത്തിയപ്പോഴും സന്യാസം കൊടുത്തപ്പോഴും തന്ത്രിമാരെയും സന്യാസി പരമ്പരകളുടേയും ഉപദേശം സ്വീകരിച്ചിട്ടാണ് ചെയ്തത്. ക്ഷേത്രങ്ങൾ സംസ്കാരത്തിന്‍റെ തൂണുകളാണെന്നും അവ സംരക്ഷിച്ചില്ലെങ്കിൽ നൂലുപൊട്ടിയ പട്ടം പോലെയാകുമെന്നും അമൃതാനന്ദമയി പറഞ്ഞു.
നമുക്കറിയാം പണ്ട് വിദേശത്തൊക്കെ പോകുമ്പോൾ പ്ലെയിനിന്‍റെ ഇന്നഭാഗത്തിരുന്ന് സിഗരറ്റ് വലിക്കാം എന്ന് പറയുമായിരുന്നു, ഇപ്പോഴത് പറ്റില്ല. ഇന്ന സ്റ്റേഷനിൽ ഇന്നയിടത്തേ സിഗരറ്റ് വലിക്കാവൂ. മണ്ണാറശാലയിൽ അമ്മയാണ് പൂജിക്കുന്നത്. സ്ത്രീകൾക്കുള്ള കോളേജുകളുണ്ട്, സ്കൂളുകളുണ്ട്, ആണുങ്ങൾക്കുള്ള സ്കൂളുകളുണ്ട്. അതിനെ ലിംഗവ്യത്യാസം എന്ന് പറയാൻ പറ്റില്ല. സ്ത്രീകളെ ശബരിമലയിൽ തള്ളിയിട്ടില്ല എന്നതാണ് സത്യം. ഒരു കൊച്ചുകുട്ടിയോട് കള്ളം പറഞ്ഞാൽ കണ്ണുപൊട്ടും എന്ന് പറയും. അങ്ങനെയാണെങ്കിൽ നമ്മുടെയെല്ലാം കണ്ണ് പൊട്ടുമായിരുന്നു. അത് അറിവില്ലാത്ത പ്രായത്തിൽ ചെയ്തതാണ്.
ഹൃദയത്തിന്‍റെ ഭാഷയിൽ സംസാരിക്കാനാകണം. ആ തലത്തിലേക്ക് ഇറങ്ങിച്ചെല്ലണം. ക്ഷേത്രങ്ങൾ സ്റ്റെയർകെയ്സ് പോലെയാണ്. സ്റ്റെയർകെയ്സ് കേറിക്കഴിയുമ്പോ കെട്ടിടം വാർത്തിരിക്കുന്ന മേൽക്കൂരയും നിർമ്മിച്ചിരിക്കുന്നത് സിമന്‍റും മെറ്റലും ചരലും കൊണ്ടാണെന്ന് മനസ്സിലാകും. എന്നുകരുതി നമ്മൾ സ്റ്റെയർകെയ്സ് തള്ളിക്കളയില്ല. എല്ലാത്തിലും ഈശ്വരനെ കാണണം. ആചാരാനുഷ്ടാനങ്ങൾ വേണ്ടെന്ന് വച്ചാൽ സംസ്കാരം നഷ്ടമാകും.
ശബരിമല സീസൺ സമയത്ത് താൻ ഒരു ഗവേഷണം നടത്തിയെന്ന് മാതാ അമൃതാനന്ദമയി പറഞ്ഞു. പതിനഞ്ച് വർഷമായിട്ട് എല്ലാ സീസൺ സമയത്തും എല്ലാ ആശുപത്രികളിലും ആളെ അയക്കും. ആ സമയത്ത് മുപ്പത് മുതൽ നാൽപ്പത് ശതമാനം വരെ രോഗികൾ കുറവാണ്. ആ സമയത്ത് ആളുകൾ മദ്യം കുടിക്കുന്നില്ല, മാംസാഹാരം കഴിക്കുന്നില്ല, ഭാര്യമാരെ ചീത്ത വിളിക്കുന്നില്ല, കുടുംബമായി വ്രതം അനുഷ്ടിക്കുന്നു എന്നതാണ് ഇതിന് കാരണം. മനസും ശരീരവും തമ്മിൽ ആ സമയത്ത് ഒരു താളലയം വരുന്നുണ്ട്.
ആചാരങ്ങൾ തെറ്റിക്കരുതെന്നും സംസ്കാരത്തിന്‍റെ കെട്ടും കുറ്റിയും അതിലാണെന്നും മാതാ അമൃതാനന്ദമയി ആവർത്തിച്ചു. അർജുനൻ കൃഷ്ണനോട് യുദ്ധമുറ ചോദിച്ചപ്പോൾ ഭീഷ്മരോട് ചോദിക്കാനായിരുന്നു കൃഷ്ണന്‍റെ മറുപടി. തനിക്കും അതേ പറയാനുള്ളൂ. തന്ത്രിയും പൂജാരികളും ഭക്തരും കൂടിയാലോചിച്ച് കാര്യങ്ങൾ തീരുമാനിക്കണം. പയ്യെത്തിന്നാൽ പനയും തിന്നാം. അതുകൊണ്ട് തനിക്ക് മറ്റൊന്നും പറയാനില്ല എന്നു പറഞ്ഞാണ് മാതാ അമൃതാനന്ദമയി തന്‍റെ സംസാരം അവസാനിപ്പിച്ചത്.
ലൈവ് വീഡിയോ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam