എം.ബി.ബി.എസ് പരീക്ഷാഫലം ചോര്‍ത്തി

By Web DeskFirst Published Jun 20, 2017, 3:53 PM IST
Highlights

കേരള ആരോഗ്യ സര്‍വ്വകലാശാലയിലെ എം.ബി.ബി.എസ് പരീക്ഷാഫലം ചോര്‍ന്നതായി പരാതി. ഇന്ന് പ്രഖ്യാപിക്കേണ്ട പരീക്ഷാഫലം കോലഞ്ചേരി മെഡിക്കല്‍ കോളേജ് വെബ്സൈറ്റില്‍ ഇന്നലെ പ്രത്യക്ഷപ്പെട്ടു. ഇതേത്തുടര്‍ന്ന് ആരോഗ്യ സര്‍വ്വകലാശാല സൈബര്‍ സെല്ലിനും പൊലീസിനും പരാതി നല്‍കി.

2012 എം.ബി.ബി.എസ് ബാച്ചിന്റെ അവസാന വര്‍ഷ പരീക്ഷാഫലമാണ് ചോര്‍ന്നത്. എറണാകുളം കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പരീക്ഷയെഴുതിയ കുട്ടികളുടെ ഫലം സ്വകാര്യ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട ഐ.എം.എ വിദ്യാര്‍ത്ഥി യൂണിയന്‍ ആരോഗ്യ സര്‍വ്വകലാശാല പരീക്ഷാ കണ്‍ട്രോളറെ ഇക്കാര്യം അറിയിച്ചു. ആരോഗ്യ സര്‍വ്വകലാശാല പരീക്ഷാ വിഭാഗം കോളജിന്റെ വെബ്സൈറ്റില്‍ കയറി പരിശോധിച്ചപ്പോള്‍ യഥാര്‍ത്ഥ ഫലം തന്നെയാണ് ചോര്‍ന്നതെന്ന് കണ്ടെത്തി. ഇതിനിടെ സൈറ്റില്‍ നിന്ന് ഫലം അപ്രത്യക്ഷമാവുകയും ചെയ്തു. സ്വകാര്യ വെബ്സൈറ്റില്‍ പരീക്ഷഫലം പ്രസിദ്ധീകരിക്കപ്പെട്ടത് മൂല്യനിര്‍ണയമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സംശയമുണ്ടാക്കുന്നതാണെന്നാണ് ഐ.എം.എ വിദ്യാര്‍ത്ഥിയൂണിയന്‍ ആരോപിക്കുന്നത്. വെബ്സൈറ്റ് ഹാക്ക് ചെയ്തതോ ആരെങ്കിലും ചോര്‍ത്തിയതോ ആകാമെന്നാണ് സര്‍വ്വകലാശാലയുടെ വിലയിരുത്തല്‍. ഫലത്തില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സ്ഥിരീകരിച്ചതിനാല്‍ പരീക്ഷാ ഫലം വൈകിട്ടോടെ പ്രസിദ്ധീകരിച്ചു.

click me!