സംസ്ഥാനത്ത് കടുത്ത മാധ്യമനിയന്ത്രണം; മുഖ്യമന്ത്രി ഉൾപ്പടെയുള്ളവരുടെ പ്രതികരണം തേടാൻ അനുമതി വേണം

By Web TeamFirst Published Nov 30, 2018, 1:08 PM IST
Highlights

പൊതുസ്ഥലങ്ങളിലോ പരിപാടികൾക്കിടയിലോ അനുമതിയില്ലാതെ മുഖ്യമന്ത്രിയുൾപ്പടെയുള്ളവരുടെ പ്രതികരണം തേടരുതെന്നാണ് ഉത്തരവ്. മാധ്യമങ്ങളുടെ വാ മൂടിക്കെട്ടാൻ ശ്രമിയ്ക്കുകയാണ് സർക്കാരെന്ന് പ്രതിപക്ഷം ആരോപിയ്ക്കുന്നു.

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലും പൊതുസ്ഥലങ്ങളിലും മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തിയുള്ള സർക്കാർ ഉത്തരവ് വിവാദമാകുന്നു. മുൻകൂട്ടി അനുമതി ഇല്ലാതെ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രതികരണങ്ങൾ തേടുന്നതിന് വിലക്കിയാണ്  ഉത്തരവ്. ആഭ്യന്തരസെക്രട്ടറി സുബ്രതോ വിശ്വാസാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. മാധ്യമങ്ങളുടെ വാ മൂടിക്കെട്ടാനാണ് സർക്കാർ ശ്രമിയ്ക്കുന്നതെന്ന് കുറ്റപ്പെടുത്തുകയാണ് പ്രതിപക്ഷം.

ഉത്തരവിന്‍റെ വിശദാംശങ്ങൾ

പൊതുസ്ഥലത്ത് വച്ച് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിശിഷ്ടവ്യക്തികളുടെയും പ്രതികരണങ്ങള്‍ മാധ്യമങ്ങളാരായുന്നത് സുരക്ഷാ
ഭീഷണിയുണ്ടാക്കുന്നവെന്നാണ് ആഭ്യന്തരസെക്രട്ടറി സുബ്രതോ ബിശ്വാസിന്‍റെ ഉത്തരവിൽ പറയുന്നത്. മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവരുടെ അഭിമുഖങ്ങള്‍ക്ക് പി.ആർ.ഡി വഴി അനുമതി വാങ്ങണം. മുഖ്യമന്ത്രിയുടെ ഓഫീസിലെ മാധ്യമവിഭാഗത്തിനും പി.ആർ.ഡിക്കൊപ്പം വിവരങ്ങള്‍ നല്‍കാം.

ഇനി മുതൽ വകുപ്പുകള്‍ നേരിട്ട് മാധ്യമങ്ങള്‍ക്ക് വിവരം നൽകേണ്ടെന്നനും ഉത്തരവിൽ പറയുന്നു.  ജില്ലാതലങ്ങളിൽ വിവരങ്ങള്‍ നൽകുന്ന വകുപ്പ് ഉദ്യോഗസ്ഥരെ മാധ്യമപ്രവർ‍ത്തകർ ''സർക്കാർ വിരുദ്ധ സോഴ്സാ''ക്കി മാറ്റുന്നുവെന്നും ഉത്തരവിൽ പറയുന്നു. 

പി.ആർ‍.ചേമ്പറിലെ വാർ‍ത്താസമ്മേളനങ്ങള്‍ക്ക് എത്തുന്ന മാധ്യമപ്രവർ‍ത്തകരുടെയും ഒ.ബി വാനുകളുടെയും  വിവരങ്ങള്‍ മുൻ കൂട്ടി പിആർഡിയെ അറിയിക്കണം. പൊതുപരിപാടികൾക്കിടയിലും റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങളിൽ മന്ത്രിമാരുടെ പ്രതികരണമെടുക്കുന്നത് സഞ്ചാര സ്വാതന്ത്യത്തെ തടയലാണെന്ന വാദവും ഉത്തരവിൽ ഉന്നയിക്കുന്നു. ഈ സ്ഥലങ്ങളിൽ പി.ആർ.ഡി ഒരുക്കുന്ന സംവിധാനങ്ങള്‍ വഴി മാത്രമാകണം പ്രതികരണം നൽകേണ്ടത്.

അതേസമയം, മാധ്യമങ്ങൾക്ക് വിലക്കില്ലെന്നും ചില ക്രമീകരണം മാത്രമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. എ.കെ.ശശീന്ദ്രനുൾപ്പെട്ട ഫോൺവിളിക്കേസ് അന്വേഷിച്ച ആന്‍റണി കമ്മീഷൻ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഉത്തരവെന്നാണ് വിശദീകരണം.

click me!