Latest Videos

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി

By Web DeskFirst Published Sep 19, 2017, 11:11 AM IST
Highlights

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തു.രണ്ട് വിദ്യാര്‍ത്ഥികള്‍ പ്രവേശനത്തിന് എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ പേരില്‍ നടക്കുന്ന തട്ടിപ്പില്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങരുതെന്ന് അധികൃതര്‍ അറിയിച്ചു.

കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്ത സീറ്റിലാണ് തട്ടിപ്പ്.ഈ സംവരണ സീറ്റ് ഒഴിവാണെന്ന് പ്രിന്‍സിപ്പാള്‍ ഡയരക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വ്വീസിനെ അറിയിച്ചിരുന്നു. തട്ടിപ്പ് സംഘം ഈ സീറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. ഇതിനായി മെഡിക്കല്‍ കോളേജിന്‍റെ വ്യാജ ലെറ്റര്‍ പാഡ് സംഘം ഉണ്ടാക്കി. 

വിദ്യാര്‍ത്ഥികളില്‍ നിന്ന് മൂന്ന് ലക്ഷം രൂപയാണ് തട്ടിയത്.സംഘം നല്‍കിയ പ്രവേശനത്തിന് അനുമതി ലഭിച്ചതായുള്ള രേഖകളുമായി വിദ്യാര്‍ത്ഥികള്‍ പ്രവേശനത്തിന് എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. മലപ്പുറം, പത്തനംതിട്ട എന്നിവടങ്ങളില്‍ നിന്നുള്ള രണ്ട് വിദ്യാര്‍ത്ഥികളാണ് പ്രവേശനത്തിന് എത്തിയത്.

അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. വിദ്യാര്‍ത്ഥികള്‍ നിരപരാധികളാണെന്ന് പൊലീസ് പറഞ്ഞു.അന്‍പത്തയ്യായിരം രൂപ അടച്ച്  കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചേരാനാണ് സംഘം വിദ്യാര്‍ത്ഥികളോട് പറഞ്ഞത്.തട്ടിപ്പിന് എത്ര പേര്‍ ഇരയായെന്ന് വ്യക്തമല്ല.തട്ടിപ്പിന് പിന്നില്‍ വന്‍ സംഘം ഉണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം.

സീറ്റൊഴിവിന്‍റെ കാര്യ വ്യക്തമാക്കി വ്യാപക പ്രചാരണം നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ജാഗ്രത പാലിക്കണമെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

click me!