റോഹിങ്ക്യന്‍ വിഷയത്തില്‍  ദുഃഖമുണ്ടെന്ന് ഓങ് സാൻ സൂ ചി

By Web DeskFirst Published Sep 19, 2017, 11:05 AM IST
Highlights

നയ്‌ചിദോ: റോഹിങ്ക്യന്‍ വിഷയത്തില്‍ രാജ്യാന്തര സമൂഹത്തിന്‍റെ ചോദ്യങ്ങളെ ഭയക്കുന്നില്ലെന്ന് മ്യാൻമർ നേതാവ് ഓങ് സാൻ സൂ ചി. റോഹിങ്ക്യന്‍ പ്രശ്നത്തിന് ശേഷം  ഇതാദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു സൂചി. എല്ലാ മനുഷ്യാവകാശലംഘനങ്ങളെയും നിയമലംഘന പ്രവർത്തനങ്ങളെയും അപലപിക്കുന്നുവെന്നു പറഞ്ഞ സൂചി അക്രമ സംഭവങ്ങളിൽ അതീവ ദു:ഖമുണ്ടെന്നും കൂട്ടിച്ചേർത്തു.

18 മാസം പോലുമായിട്ടില്ല മ്യാൻമറിൽ പുതിയ ഭരണമെത്തിയിട്ട്. 70 വർഷം നീണ്ട ആഭ്യന്തര കലാപത്തിനൊടുവിൽ സമാധാനവും സുസ്ഥിരതയും രാജ്യത്തേക്കു കൊണ്ടുവരേണ്ടതുണ്ട്. വടക്കൻ റാഖൈനിൽ രോഹിൻഗ്യ മുസ്‌ലിംകൾ നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ പ്രതിജ്ഞാബദ്ധരാണ്. അവർക്കുണ്ടായ കഷ്ടനഷ്ടങ്ങളില്‍ അതീവ ദുഃഖമുണ്ട്.

റോഹിങ്ക്യകള്‍ക്ക് രാജ്യം വിടേണ്ടിവരുന്ന അവസ്ഥ ഉത്കണ്ഠയുണ്ടാക്കുന്നതാണ്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന് പരിശോധിക്കും. പലായനം ചെയ്ത ജനങ്ങളുമായി കൂടിക്കാഴ്ചയ്ക്കും ആഗ്രഹമുണ്ട്. സമാധാനവും സുസ്ഥിരതയും തിരികെ കൊണ്ടുവരാനും രോഹിൻഗ്യ വിഭാഗങ്ങളിൽ ഒത്തൊരുമ കൊണ്ടുവരാനുമുള്ള സർക്കാർ ശ്രമങ്ങൾ തുടരുമെന്നും സൂചി പറഞ്ഞു.

വടക്കൻ റാഖൈനിൽ സമാധാനം കൊണ്ടുവരാനായി കോഫി അന്നൻ കമ്മിഷന്റെ ശുപാർശകൾ നടപ്പാക്കുമെന്നും സൂ ചി പറഞ്ഞു. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഇതു സംബന്ധിച്ച പഠനത്തിനായി കോഫി അന്നൻ ഫൗണ്ടേഷനു കീഴിൽ കമ്മിഷനെ നിയോഗിച്ചത്. കഴിഞ്ഞ മാസം റിപ്പോർട്ടു സമർപ്പിച്ചു. 

റാഖൈനിൽ വികസനത്തിനും സമാധാനം ഉറപ്പാക്കാനും കേന്ദ്രകമ്മിറ്റിയെ നിയോഗിച്ചതായും സൂ ചി പറഞ്ഞു. തിരിച്ചു വരാൻ ആഗ്രഹിക്കുന്നവരുടെ അഭയാർഥികളുടെ പരിശോധന പ്രക്രിയകൾ ഉടൻ തുടങ്ങും. ഭൂരിപക്ഷം രോഹിൻഗ്യ മുസ‌ലിം ഗ്രാമങ്ങളിലും അക്രമമില്ല. അവിടങ്ങളിൽ സന്ദർശനം നടത്താൻ നയതന്ത്രജ്ഞരെ ക്ഷണിക്കുന്നതായും സൂ ചി പറഞ്ഞു. 

വംശഹത്യയുടെ പേരിൽ മ്യാൻമറിന് ഉപരോധം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തുകയും രാജ്യാന്തര സമ്മർദം ശക്തമാകുകയും ചെയ്ത സാഹചര്യത്തിലാണ് ഓങ് സാൻ സൂ ചിയുടെ ഇടപെടൽ. പ്രശ്നപരിഹാരത്തിനു സൂ ചിക്ക് ഇത് അവസാന അവസരമാണെന്നു യുഎ‍ൻ നേരത്തേ മുന്നറിയിപ്പു നൽകിയിരുന്നു.

രാജ്യത്തെ ജനാധിപത്യം ഇപ്പോള്‍ പിച്ചവയ്ക്കുന്നതെയുള്ളൂ. വളരെ ചെറുതും ദുർബലവുമായ രാജ്യമാണിത്. ഇവിടത്തെ അനേകം പ്രശ്നങ്ങളിൽ ഒന്നു മാത്രമാണു റാഖൈനിൽ നടക്കുന്നത്. പലതരം രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ഒരാളെ ചികിത്സിക്കുന്ന പോലെയാണ് ഇതും കൈകാര്യം ചെയ്യേണ്ടത്. വളരെ കുറച്ചുപേരിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റില്ലെന്നും സൂചി പറഞ്ഞു.

click me!