
ചെങ്ങന്നൂര്‍: കേരളത്തെ പ്രളയം ഗ്രസിച്ചപ്പോള്‍ നാടിന്‍റെ ഹീറോകളായി മാറിയ ഒരുപാട് പേരുണ്ട്. മത്സ്യത്തൊഴിലാളികളും സെെന്യവുമെല്ലാം രക്ഷാപ്രവര്‍ത്തനത്തില്‍ മുന്നിട്ട് നിന്നു. അവരുടെ ഇടയില്‍ തലയുയര്‍ത്തിയാണ് ചിന്ന ദുരെ നില്‍ക്കുന്നത്. വെെകല്യത്തെ മനസാന്നിധ്യം കൊണ്ട് തോല്‍പ്പിച്ച് ഒരു ജീവന്‍ കരയ്ക്കെത്തിച്ച റിയല്‍ ഹീറോ ആയി ചിന്ന ദുരെ മാറിയിരിക്കുന്നു.
ചെങ്ങന്നൂരിലെ ആറാട്ട് പുഴയിലാണ് സംഭവം. രക്ഷിക്കണേ എന്ന നിലവിളി കേട്ടാണ് ദുരെ വീടിന് പുറത്തേക്ക് നോക്കിയത്. വെള്ളത്തിൽ ഉയർന്ന് താഴുന്ന സ്ത്രീയെ കണ്ടു. തന്‍റെ കാലിന്‍റെ അവസ്ഥയെയും അപകടത്തെപ്പറ്റിയും അപ്പോള്‍ ദുരെ ഓര്‍ത്തില്ല. ഉടൻ തന്നെ ഒരു പിണ്ടി ചങ്ങാടം ഉണ്ടാക്കി.
വെള്ളം ഉയര്‍ന്നപ്പോള്‍ ലൈന്‍ കമ്പികളില്‍ പിടിച്ച് അവർക്കരികിൽ എത്തി ചങ്ങാടത്തില്‍ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു. ജന്മനാ കാലുകൾക്ക് സ്വാധീനമില്ലാത്ത ദുരെ 90 വയസായ അമ്മയ്ക്ക് ഒപ്പം ഒറ്റമുറി വീട്ടിലാണ് ദുരൈ താമസിക്കുന്നത്. പ്രളയത്തിന് ശേഷം വീടിനുള്ളില്‍ നിറയെ ചെളി അടിഞ്ഞു. തന്നെക്കൊണ്ട് ഒറ്റയ്ക്ക് ഇത് വൃത്തിയാക്കാനാകില്ല.
താന്‍ സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ടുവെന്നും നാല്‍പ്പത്തിയാറുകാരനായ ദുരൈ പറയുന്നു. അയല്‍വാസിയായ സണ്ണിയുടെ ഭാര്യയെയാണ് ദുരെ രക്ഷിച്ചത്. ഹൃദ്രോഗിയായ സണ്ണിക്ക് ഭാര്യയെയും രക്ഷിച്ച് നീന്താന്‍ സാധിക്കില്ലായിരുന്നു, ഇത് മനസിലാക്കിയ ദുരൈ തന്‍റെ ജീവൻ പണയം വെച്ച് അവരെ രക്ഷപ്പെടുത്തുകയായിരുന്നു.
മഴ മൂലമുണ്ടായ പ്രളയം ഏറ്റവും അധികം ബാധിച്ച പ്രദേശങ്ങളിലൊന്നാണ് ചെങ്ങന്നൂരിലെ ആറാട്ടുപുഴ. വന്‍ ദുരന്തമാണ് ഇവിടെയുണ്ടായത്. വീടുകളില്‍ എല്ലാം വെള്ളം കയറുകയും നിരവധി നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തു. പലരുടെയും വീട്ടില്‍ നിന്നും വളര്‍ത്തുമൃഗങ്ങള്‍ ഒഴുകിപ്പോയി.വീടുകൾ ചെളിയില്‍ നിറഞ്ഞു. നിരവധി പേരാണ് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ഇപ്പോഴും ആറാട്ട് പുഴ ഭാഗങ്ങളില്‍ പലയിടത്തും വെള്ളം ഇറങ്ങിയിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam