
വളരെ പെട്ടെന്ന് വിഷയങ്ങൾ മനസ്സിലാക്കുന്ന ന്യായാധിപൻ, കാർക്കശ്യക്കാരനെങ്കിലും തികഞ്ഞ നീതിമാൻ. ഇതാണ് കേരള ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ആയിരുന്ന ചെലമേശ്വറിനെക്കുറിച്ച് ഹൈക്കോടതി അഭിഭാഷകർക്കും വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ പോയിരുന്ന മാധ്യമപ്രവർത്തകർക്കും പറയാനുള്ളത്. കേരള ഹൈക്കോടതിയുടെ ഇടനാഴികളിൽ കേട്ട വാക്കുകൾ പിന്നീട് പരമോന്നത കോടതിയുടെ ഇടനാഴികളിലും കേട്ടു. ഇന്ന് രാജ്യമാകെ ആ പേര് പറയുന്നു. ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തിൽ നടന്ന നീതിപീഠവിപ്ലവത്തെക്കുറിച്ച് നിയമവിദഗ്ധർക്കിടയിൽ രണ്ടഭിപ്രായം ഉണ്ടാകാം, പക്ഷെ ചെലമേശ്വർ എന്ന ന്യായാധിപനെ സംബന്ധിച്ച് എതിരഭിപ്രായങ്ങൾ ഇല്ലെന്ന് തന്നെ പറയാം.
2010 മാർച്ചിലാണ് ഗുവാഹത്തി ഹൈക്കോടതിയിൽ നിന്ന് ജ.ചെലമേശ്വർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായെത്തുന്നത്. 2011 ഒക്ടോബറിൽ സുപ്രീം കോടതി ജഡ്ജിയായി പോകുന്നതുവരെ 19 മാസം അദ്ദേഹം കേരള ഹൈക്കോടതിയിൽ തുടർന്നു. ഇക്കാലയളവിൽ പല സുപ്രധാനവിധികളും പുറപ്പെടുവിച്ചു.
നീണ്ടകാലം പരോൾ പോലും നിഷേധിക്കപ്പെട്ട് ജയിലിൽ കഴിയേണ്ടിവന്ന മെൽവിൻ പാദുവയുടെ ജയിൽമോചനത്തിൽ 2011ൽ സുപ്രധാന വിധി പുറപ്പെടുവിച്ചത് ജസ്റ്റിസ് ചെലമേശ്വറാണ്.
മെൽവിൻ പാദുവ നേരിട്ട മനുഷ്യാവകാശ ലംഘനം തിരിച്ചറിഞ്ഞ് ഉടൻ പരോളിന് ഉത്തരവിട്ട ജ.ചെലമേശ്വർ, ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര സെക്രട്ടറി കെ ജയകുമാർ അധ്യക്ഷനായി പ്രത്യേക കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. ഈ കേസിൽ ഹാജരായ അഡ്വ ഡി ബി ബിനുവിന് ജ.ചെലമേശ്വർ എന്ന ന്യായാധിപനിൽ ദർശിക്കാൻ കഴിഞ്ഞ ഏറ്റവും വലിയ മേൻമ നിർഭയത്വമാണ്.
ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ അഡ്വക്കേറ്റ് കാളീശ്വരം രാജ് മറ്റൊരു സുപ്രധാന സംഭവം ഈ അവസരത്തിൽ ഓർത്തെടുക്കുന്നുണ്ട്. സംഭവങ്ങളുടെ തുടക്കം 2011ലാണ്. അന്യസംസ്ഥാന ലോട്ടറിയുമായി ബന്ധപ്പെട്ട കേസിൽ ജസ്റ്റിസ് ചെലമേശ്വർ പുറപ്പെടുവിച്ച വിധിയിലെ പിഴവുകൾ ചൂണ്ടിക്കാട്ടി കാളീശ്വരം രാജ് ഒരു ലേഖനം എഴുതുകയുണ്ടായി. പിന്നീട് കാളീശ്വരം രാജ് എഴുതിയ The Rethinking in judicial reforms എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ ജ. ചെലമേശ്വർ പറഞ്ഞ വാക്കുകൾ രാജ്യത്തെ മറ്റൊരു ജഡ്ജിയും ഇന്ന് പറഞ്ഞേക്കില്ല.
തന്റെ വിധിയിലെ പിശകുകൾ ചൂണ്ടിക്കാട്ടിയ അഭിഭാഷകനോട് അങ്ങേയറ്റത്തെ ബഹുമാനവും സ്നേഹവും ഉണ്ടെന്നാണ് ചെലമേശ്വർ പ്രസംഗിച്ചത്. നിയമത്തിൽ മാത്രമല്ല, നിയമത്തിന്റെ ചരിത്രപരവും രാഷ്ട്രീയപരവുമായ പശ്ചാത്തലവും നല്ലപോലെ അറിയുന്ന ന്യായാധിപനാണ് ജ. ചെലമേശ്വർ എന്നാണ് അഡ്വ. കാളീശ്വരംരാജിന്റെ അഭിപ്രായം. ഇന്ത്യൻ കോടതികളിൽ നിന്നുണ്ടായ സുപ്രധാനവിധികളെക്കുറിച്ച് മാത്രമല്ല, വിദേശരാജ്യങ്ങളിലെ കോടതികൾ പുറപ്പെടുവിച്ച സുപ്രധാന വിധികളെക്കുറിച്ചും അഗാധ പാണ്ഡിത്യം. സുപ്രീം കോടതിയിലെ ഏറ്റവും അറിവുള്ള, ധൈര്യശാലിയായ സത്യസന്ധനായ ന്യായാധിപൻ, അതാണ് ചെലമേശ്വറിനെക്കുറിച്ച് കാളീശ്വരം രാജിന് പറയാനുളളത്.
കേരളത്തിലെ മാധ്യമപ്രവർത്തകരെ സംബന്ധിച്ചിടത്തോളം ജസ്റ്റിസ് ചെലമേശ്വർ ഇവിടെ ഇല്ലാതെപോയത് വലിയൊരു നഷ്ടമാണ്. കാരണം ചെലമേശ്വറായിരുന്നു ഇപ്പോൾ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസെങ്കിൽ മാധ്യമങ്ങളും അഭിഭാഷകരും തമ്മിൽ നിലനിൽക്കുന്ന സമരം ഒരിക്കലും ഉണ്ടാകുമായിരുന്നില്ല.
മാധ്യമസ്വാതന്ത്ര്യത്തെ എന്നും ഉയർത്തിപ്പിച്ച ആളാണദ്ദേഹം. സുപ്രീം കോടതി ജഡ്ജി എന്ന നിലയിൽ ചെലമേശ്വർ പുറപ്പെടുവിച്ച ഏറ്റവും സുപ്രധാന വിധിയും അഭിപ്രായ സ്വാതന്ത്ര്യത്തെ സംബന്ധിച്ചുള്ളതാണ്. അഭിപ്രായ പ്രകടനത്തിന് മൂന്ന് വർഷം വരെ തടവ് നൽകാവുന്ന ഐടി ആക്ടിലെ 66എ വകുപ്പ് ഭരണഘധടനാപരമല്ലെന്ന് കണ്ടെത്തി റദ്ദാക്കിയത് ജ.ചെലമേശ്വറും ജ. റോഹിന്റൻ നരിമാനും അംഗങ്ങളായ സുപ്രീംകോടതി ബെഞ്ചായിരുന്നു.
ആധാർ ഇല്ലാത്തതിന്റെ പേരിൽ പൗരന്റെ അവകാശങ്ങൾ നിഷേധിക്കരുതെന്ന സുപ്രധാന വിധി ആദ്യമുണ്ടായതും ചെലമേശ്വറിന്റെ ബെഞ്ചിൽ നിന്നാണ്. ജഡ്ജിമാരുടെ നിയമനത്തിന് കൂടുതൽ സുതാര്യമായ സംവിധാനം വേണമെന്ന അടിയുറച്ച അഭിപ്രായമുള്ള ആളുമായിരുന്നു അദ്ദഹം. ജഡ്ജിമാരുടെ നിയമനത്തിനായി കേന്ദ്രസർക്കാർ കൊണ്ടുവന്ന നാഷ്ണൽ ജുഡീഷ്യൽ അപ്പോയിൻമെന്റ് കമ്മീഷൻ ബില്ലിനെ അനുകൂലിച്ചതും ചരിത്രം. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ എം ജോസഫിനെ സൂപ്രീം കോടതി ജഡ്‍ജിയാക്കാത്ത കൊളീജിയം തീരുമാനത്തിനെതിരെ വിയോജനക്കുറിപ്പെഴുതിയും രാജ്യം ഏറെ ശ്രദ്ധിച്ച സംഭവമാണ്.
ഇപ്പോൾ ഉയർത്തിയിരിക്കുന്ന കലാപത്തിന്റെ പേരിൽ മാത്രമല്ല, നിയമപരിജ്ഞാനത്തിന്റെ കാര്യത്തിലും നിലപാടുകളുടെ കാര്യത്തിലും ഇന്ത്യൻ നീതിന്യായ വ്യവസ്ഥിതിയുടെ ചരിത്രത്തിൽ എഴുതപ്പെടേണ്ട പേര് തന്നെയാണ് ജസ്റ്റിസ് ചെലമേശ്വറിന്റേത്. 1953 ജൂൺ 23ന് ആന്ധ്രയിലെ കൃഷ്ണജില്ലയിലെ മൊവ്വമണ്ഡലിലാണ് അദ്ദേഹം ജനിച്ചത്. ചെന്നൈയിലെ ലൊയോള കോളേജിൽ നിന്ന് ഫിസിക്സിൽ ബിരുദം നേടിയ ശേഷമാണ് നിയമപഠനത്തിലേക്ക് കടന്നത്. ആന്ധ്ര സർവകലാശാലയിൽ നിന്ന് നിയമബിരുദം നേടിയ അദ്ദേഹം ദീർഘകാലം ആന്ധ്രപ്രദേശ് ലോകായുക്ത സ്റ്റാൻഡിങ് കോൺസലായും സർക്കാർ അഭിഭാഷകനായും പ്രവർത്തിച്ചിട്ടുണ്ട്.
1997ൽ ആന്ധ്രപ്രദേശ് ഹൈക്കോടതിയിൽ അഡീഷ്ണൽ ജഡ്ജിയായ ജ.ചെലമേശ്വർ 2007 ലാണ് ഗുവാഹത്തി ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായത്. 2011ൽ സുപ്രീം കോടതിയിലെത്തിയ അദ്ദേഹത്തിന് രണ്ടാമത്തെ ഗഡുവിൽ ശുപാർശ ചെയ്യപ്പെട്ടുവെന്നതിന്റെ പേരിലാണ് ചീഫ് ജസ്റ്റിസാകാൻ കഴിയാതെ പോയത്. ഈ വർഷം ജൂൺ 22 വരെയാണ് ജസ്റ്റിസ് ചെലമേശ്വറിന്റെ കാലാവധി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam