
റാന്നി: മഹാപ്രളയം കഴിഞ്ഞ് ഒന്നര മാസമായിട്ടും റാന്നിയിലെ വ്യാപാരമേഖല തകർച്ചയിൽ നിന്ന് കരകയറിയിട്ടില്ല. മൊറട്ടോറിയം നിലനില്‍ക്കെ വായ്പ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ടുളള നോട്ടീസുകള്‍ വ്യാപാരികള്‍ക്ക് ലഭിക്കുന്നുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച പലിശ രഹിത വായ്പാ പദ്ധതിയും നടപ്പായിട്ടില്ല. അവഗണനയില്‍ പ്രതിഷേധിച്ച് ഇന്ന് മുതല്‍ കളക്ടറേറ്റിനു മുന്നില്‍ അനിശ്ചിതകാല സമരം നടത്താനാണ് വ്യാപാരികളുടെ തീരുമാനം.
റാന്നിയിലെ എബനേസര്‍ സില്‍ക്സ് ഉടമ എബി സ്റ്റീഫന് പ്രളയത്തിലുണ്ടായ നഷ്ടം രണ്ടര കോടിയിലേറെയാണ്. റാന്നി ടൗണില്‍ പരന്നൊഴുകിയ പമ്പാ നദി വസ്ത്രശാല ഉള്‍പ്പെടെ എബിയുടെ ഏഴ് കടകളെയും മുക്കി. വസ്ത്രശാല, ബേക്കറി, ഫര്‍ണിച്ചര്‍ഷോപ്പ്, ചെരുപ്പ് കട എന്നിവിയിലെയെല്ലാം സ്റ്റോക്ക് പ്രളയം കൊണ്ടുപോയതോടെ സംഭവിച്ചത് ഭീകര നഷ്ടമാണ്.
ജീവിതം ആകെ തകര്‍ന്നു നില്‍ക്കുമ്പോഴാണ് റാന്നി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നുളള നോട്ടീസ് എബിയ്ക്ക് ലഭിക്കുന്നത്. അമ്മ ലീലാമ്മ സ്റ്റീഫന്‍റെ പേരില്‍ എടുത്ത വായ്പാ തുകയായ 15 ലക്ഷം രൂപ പലിശ സഹിതം ഒക്ടോബര്‍ 30നകം തിരിച്ചടയക്കണം. ബാങ്കിലെത്തി അന്വേഷിച്ചപ്പോള്‍ മൊറട്ടോറിയും പ്രഖ്യാപിച്ചതായി വാര്‍ത്ത വന്നിട്ടുണ്ടെങ്കിലും ബാങ്കില്‍ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ബാങ്ക് അധികൃതരുടെ മറുപടി.
നാല്‍പ്പത് വര്‍ഷത്തിലേറെയായി റാന്നിയില്‍ പ്രിന്‍റിംഗ് പ്രസ് നടത്തുന്ന രാജേഷിന്‍റെ സ്ഥിതിയും സമാനമാണ്. എട്ടടിയോളം വെളളത്തില്‍ പ്രസ് രണ്ടു നാള്‍ മുങ്ങിക്കിടന്നതോടെ പുതിയ യന്ത്രങ്ങളടക്കം നശിച്ചു. നഷ്ടം 85 ലക്ഷം രൂപയിലേറെ. ലോണിന് ഇന്‍ഷൂറന്‍സ് ഉണ്ടെങ്കിലും ഇപ്പോള്‍ ബാങ് അധികൃതര്‍ കൈ മലര്‍ത്തുവെന്ന് രാജേഷ് പറയുന്നു.
പ്രളയത്തില്‍ നശിച്ച സ്റ്റോക്ക് കൂട്ടിയിട്ട് കത്തിക്കുന്ന വസ്ത്രവ്യാപാരികളെയും റാന്നിയില്‍ കണ്ടു. ദുരന്തബാധിതരായ വ്യാപാരികള്‍ക്ക് പലിശ രഹിത വായ്പയായി പത്ത് ലക്ഷം രൂപ അനുവദിക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ പലിശയോടുകൂടി പോലും പുതിയ വായ്പ അനുവദിക്കാന്‍ ബാങ്കുകള്‍ തയ്യാറാവുന്നില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam