ഡോ. വി സി ഹാരിസിനെതിരായ നടപടി  എം.ജി സര്‍വകലാശാല പിന്‍വലിച്ചു

By Web DeskFirst Published Aug 12, 2017, 12:22 PM IST
Highlights

തിരുവന്തപുരം: എം.ജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഡോ. വി സി ഹാരിസിനെ മാറ്റിയ നടപടി എം.ജി സര്‍വകലാശാല പിന്‍വലിച്ചു.

ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് സര്‍വകലാശാല മുന്‍തീരുമാനം പിന്‍വലിച്ചത്. ഇന്നലെ ചേര്‍ന്ന സിന്‍സിക്കേറ്റ് യോഗമാണ് ഡോ. ഹാരിസിനെ നീക്കം ചെയ്ത നടപടി പിന്‍വലിച്ച് തീരുമാനമെടുത്തത്. ഡോ. ഹാരിസിനെതിരെ സിന്‍ഡിക്കേറ്റ് ഉയര്‍ത്തിയ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ നിയമിച്ച രണ്ടംഗ സമിതി ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തിലാണ് പുതിയ നടപടി. 

ഡോ. ഹാരിസിനെ മാറ്റിയ ഇടതു പക്ഷ സിന്‍ഡിക്കേറ്റിന്റെ നടപടിക്കെതിരെ എസ് എഫ് ഐയും സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് വിദ്യാര്‍ത്ഥികളും സമരത്തിനിറങ്ങിയിരുന്നു. ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഉള്‍പ്പടെ സിന്‍ഡിക്കേറ്റ് നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായി രംഗത്തുവരികയും ചെയ്തു. തട്ടിക്കൂട്ടിയ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ സിന്‍ഡിക്കേറ്റ് മുന്‍ തീരുമാനം പിന്‍വലിക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു. 

യൂനിവേഴ്‌സിറ്റി കാമ്പസില്‍ നടക്കുന്ന കോടിക്കണക്കിന് രൂപയുടെ നിര്‍മാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ്  കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം ഡോ. ഹാരിസിനെ ഡയരക്ടര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്തത്. ഇതിനുപിന്നാലെ, വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചാണ് നടപടി എന്നാരോപിച്ച് സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് വിദ്യാര്‍ത്ഥികള്‍ അടക്കം പ്രതിഷേധമാരംഭിച്ചു. സിന്‍ഡിക്കേറ്റിന്റെയും വിസിയുടെയും കച്ചവട, അഴിമതി താത്പര്യങ്ങള്‍ അനുസരിക്കുന്നവരെ കൊണ്ടുവരാനുള്ള നീക്കമാണ് ഇതെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ ആരോപണം. അതിനിടെ, ഹാരിസിന് പകരക്കാരനായി സിന്‍ഡിക്കേറ്റ് നിയമിച്ച ഡോ. പി.എസ് രാധാകൃഷ്ണന്‍ സ്ഥാനം ഏറ്റെടുക്കുന്നതിന് വിസമ്മതിച്ച് സിന്‍ഡിക്കേറ്റിന് കത്തുനല്‍കി. 

പ്രമുഖ അക്കാദമീഷ്യനും അധ്യാപകനും എഴുത്തുകാരനുമായ ഡോ. വിസി ഹാരിസ് ഈ വര്‍ഷം ആദ്യമാണ് ഡയരക്ടര്‍ ആയി നിയമിതനായത്. അക്കാദമിക് കാര്യങ്ങളേക്കാള്‍ സര്‍വകലാശാലാ കാമ്പസില്‍ കോടിക്കണക്കിന് രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് സിന്‍ഡിക്കേറ്റിന് താല്‍പ്പര്യമെന്ന് ആരോപണം വ്യാപകമായതിനു പിന്നാലെയാണ് ഇടതുപക്ഷത്തിന് മുന്‍തൂക്കമുള്ള സിന്‍ഡിക്കേറ്റ് ഡോ. ഹാരിസിനെതിരെ നടപടി സ്വീകരിച്ചത്. നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സിന്‍ഡിക്കേറ്റ് പദ്ധതികളോട് ഡോ. ഹാരിസ് വിയോജിക്കുന്നതാണ് നടപടിക്കു കാരണമെന്നായിരുന്നു ആരോപണം. മറ്റ് പല ഡിപ്പാര്‍ട്ട്‌മെന്റ് അധ്യക്ഷന്‍മാരും സിന്‍ഡിക്കേറ്റ് നടപടികള്‍ക്കു മുന്നില്‍ നിശ്ശബ്ദരാവുന്ന സാഹചര്യത്തിലും വിയോജിപ്പുകള്‍ തുറന്നു പറഞ്ഞതാണ് സിന്‍ഡിക്കേറ്റിനെ ചൊടിപ്പിച്ചതെന്ന് പ്രക്ഷോഭത്തിനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. 

ഇതിനെതിരെ വിദ്യാര്‍ത്ഥി പ്രക്ഷോഭം നടക്കുകയും സോഷ്യല്‍ മീഡിയയിലടക്കം ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തു. ഹാരിസിനെ മാറ്റാന്‍ തീരുമാനിച്ചെന്ന് പറഞ്ഞ വിസി ഡോ. ബാബു സെബാസ്റ്റിയന്‍ തന്നെ പിന്നീട് ഹാരിസിനെ മാറ്റാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞു. സിന്‍ഡിക്കേറ്റും നിലപാട് മാറ്റി. പരാതികള്‍ അന്വേഷിക്കാനുള്ള സമിതിയുടെ റിപ്പോര്‍ട്ട് വരും മുമ്പ് എന്തിനായിരുന്നു നടപടിയെന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ കഴിയാതിരുന്ന സിന്‍ഡിക്കേറ്റ് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ താല്‍ക്കാലികമായി മാറ്റി നിര്‍ത്തിയതാണെന്ന മറുപടി നല്‍കി മുഖം രക്ഷിച്ചു. ഇതിനിടെയാണ് ഡോ. ഹാരിസിനെ തിരിച്ചെടുക്കാനുള്ള തീരുമാനം. 

അതിനിടെ, സിന്‍ഡിക്കേറ്റ് തീരുമാനത്തിനെതിരായ പോരാട്ടത്തില്‍ പങ്കാളികളായ മുഴുവന്‍ പേര്‍ക്കും നന്ദി പറഞ്ഞ് ഡോ. ഹാരിസ് ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തു. 

click me!