ബന്ധു നിയമന വിവാദം; മന്ത്രിസ്ഥാനത്ത് തുടരാന്‍ ജലീലിന് അവകാശമില്ല; കേസെടുക്കണമെന്ന് മുസ്ലിം ലീഗ്

By Web TeamFirst Published Nov 3, 2018, 7:20 PM IST
Highlights

'സ്വന്തം പിതൃ സഹോദര പുത്രനെയാണ് വഴിവിട്ട രീതിയില്‍ മന്ത്രി സ്വന്തം വകുപ്പിന് കീഴില്‍ നിയമിച്ചത്. സ്വകാര്യ ബാങ്കിലെ ജീവനക്കാരനെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സർക്കാർ ‍ സ്ഥാപനങ്ങളില്‍ നിയമിക്കുന്നത് കേട്ട് കേള്‍വിയില്ലാത്തതാണ്. കേരള സര്‍വ്വീസ് റൂളിന് വിരുദ്ധമായാണ് മന്ത്രി ബന്ധുവിന് നിയമനം നല്‍കിയിട്ടുള്ളത്'

മലപ്പുറം: ബന്ധു നിയമന വിവാദത്തില്‍ ആരോപണ വിധേയനായ മന്ത്രി കെ ടി ജലീലിനെതിരെ കേസെടുത്ത് അന്വഷണം നടത്തണമെന്ന് മുസ്ലീം ലീഗ്. മന്ത്രി പദവിയില്‍ തുടരാന്‍ ധാര്‍മ്മികമായും നിയമപരമായും ജലീലിന് അവകാശം നഷ്ടപ്പെട്ടതായും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പ്രസ്താവനനയിലൂടെ അഭിപ്രായപ്പെട്ടു. 

പ്രസ്താവന പൂര്‍ണരൂപത്തില്‍

ബന്ധു നിയമന വിവാദത്തില്‍ ആരോപണ വിധേയനായ മന്ത്രി കെ.ടി. ജലീല്‍ കുറ്റസമ്മതം നടത്തിയ സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. സ്വന്തം പിതൃ സഹോദര പുത്രനെയാണ് വഴിവിട്ട രീതിയില്‍ മന്ത്രി സ്വന്തം വകുപ്പിന് കീഴില്‍ നിയമിച്ചത്. സ്വകാര്യ ബാങ്കിലെ ജീവനക്കാരനെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സർക്കാർ ‍ സ്ഥാപനങ്ങളില്‍ നിയമിക്കുന്നത് കേട്ട് കേള്‍വിയില്ലാത്തതാണ്. കേരള സര്‍വ്വീസ് റൂളിന് വിരുദ്ധമായാണ് മന്ത്രി ബന്ധുവിന് നിയമനം നല്‍കിയിട്ടുള്ളത്. ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനെ മന്ത്രിയുടെ കീഴിലുള്ള കോര്‍പ്പറേഷനിലെ ഏറ്റവും ഉയര്‍ന്ന പദവിയായ ജനറല്‍ മാനേജര്‍ പദവിയാണ് നല്‍കിയിട്ടുള്ളത്. യൂത്ത് ലീഗ് ഉന്നയിച്ച പരാതി ആധികാരികവും ഗൗരവ സ്വഭാവമുള്ളതുമാണ്. മന്ത്രിക്കെതിരെ അടിയന്തിരമായി കേസെടുത്ത് അന്വേഷണം നടത്തണമെന്നും മന്ത്രി പദവിയില്‍ തുടരാന്‍ ധാര്‍മ്മികമായും നിയമപരമായും ജലീലിന് അവകാശം നഷ്ടപ്പെട്ടതായും കെ.പി.എ മജീദ് പ്രസ്താവനനയില്‍ വ്യക്തമാക്കി.

click me!