വനിതാ മതില്‍: തുഷാറിനോട് അയഞ്ഞ് ശ്രീധരന്‍പിള്ള; പിള്ളയെ വിമര്‍ശിച്ച് മുരളീധരപക്ഷം

By Web TeamFirst Published Dec 28, 2018, 7:31 PM IST
Highlights

വനിതാമതിലിനെ ചൊല്ലി ബിജെപിയിലും ബിഡിജെഎസ്സിലും തർക്കം ശക്തമായിരിക്കുകയാണ്. അയ്യപ്പജ്യോതിയിൽ നിന്നും വിട്ടുനിന്ന എൻഡിഎ കൺവീനർ തുഷാർ വെള്ളാപ്പള്ളി മതിലിനോട് അനുകൂല നിലപാടെടുത്തത് വലിയ വിവാദമായിരുന്നു. 

തിരുവനന്തപുരം: വനിതാ മതിലിൽ പങ്കെടുക്കുന്നതിൽ തുഷാർ വെള്ളാപ്പള്ളിക്ക് സ്വതന്ത്രമായ തീരുമാനമെടുക്കാമെന്ന് ബിജെപി അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള. ശ്രീധരന്‍പിള്ളയുടെ പ്രസ്താവനയിൽ ബിജെപിക്കുള്ളിൽ അതൃപ്തി നിലനിൽക്കെ തുഷാറിനെതിരെ ബിഡിജെഎസ് വൈസ് പ്രസിഡണ്ട് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് രംഗത്തെത്തി. 

വനിതാമതിലിനെ ചൊല്ലി ബിജെപിയിലും ബിഡിജെഎസ്സിലും തർക്കം ശക്തമായിരിക്കുകയാണ്. അയ്യപ്പജ്യോതിയിൽ നിന്നും വിട്ടുനിന്ന എൻഡിഎ കൺവീനർ തുഷാർ വെള്ളാപ്പള്ളി മതിലിനോട് അനുകൂല നിലപാടെടുത്തത് വലിയ വിവാദമായിരുന്നു. തന്നെയും മകനെയും തമ്മിലകറ്റാൻ ബിജെപി ശ്രമിക്കുന്നതായി വെള്ളാപ്പള്ളിയും ആരോപിച്ചിരുന്നു. എന്നാൽ ബിജെപി സംസ്ഥാന അധ്യക്ഷൻ വനിതാ മതിലിൽ തീരുമാനം തുഷാറിന് വിട്ട് മൃദുനിലപാടെടുത്തിരിക്കുകയാണ്.

എന്നാല്‍ ശ്രീധരൻപിള്ള അയഞ്ഞപ്പോൾ ബിഡിജെഎസിൽ തുഷാറിനെതിരെ വിമർശനങ്ങൾ ഉയർന്നിരിക്കുകയാണ്. വെള്ളാപ്പള്ളിയോടും തുഷാറിനോടുമുള്ള ശ്രീധരൻപിള്ളയുടെ നിലപാടിൽ ബിജെപിയിലെ വി മുരളീധരപക്ഷത്തിന് കടുത്ത എതിർപ്പുണ്ട്. അഭിമാനപരിപാടിയായ അയ്യപ്പ ജ്യോതിയിൽ നിന്നും വിട്ടുനിന്ന തുഷാർ വനിതാ മതിലിനോട് സഹകരിച്ചാൽ കേന്ദ്ര നേതൃത്വത്തെ സമീപിക്കാനും മുരളീധരപക്ഷത്തിന് ആലോചനയുണ്ട്. രണ്ട് തോണിയിൽ കാല് വെച്ച് നീങ്ങുന്ന വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ കർക്കശ നിലപാട് വേണമെന്നാണ് ഇവരുടെ ആവശ്യം.

click me!