
മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ ഇപ്പോഴും അതീവ രഹസ്യ രേഖ. വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന വിവരാവകാശ കമ്മിഷണറുടെ ഉത്തരവിന് സര്‍ക്കാര്‍ നല്‍കിയത് പുല്ലുവിലയാണ് .മന്ത്രിസഭാ യോഗ തീരുമനങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കേണ്ടതില്ലെന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്‍റെ നിലപാട് തന്നെയാണോ പിന്‍തുടരുന്നതെന്ന് വ്യക്തമാക്കാനും എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.
മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ ആഴ്ചതോറും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കേണ്ടെതില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാടിന് പുറകെയാണ് ചട്ടപ്രകാരം രേഖകള്‍ നല്‍കാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നത്. മന്ത്രിസഭ എടുത്ത തീരുമാനങ്ങള്‍ നാല്‍പ്പത്തെട്ട് മണിക്കൂറിനകം സര്‍ക്കാറിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ പരസ്യപ്പെടുത്തണമെന്നാണ് വിവരാവകാശ കമ്മിഷണര്‍ വിന്‍സന്‍ എം പോളിന്‍റെ ഉത്തരവ്. നിയമപ്രകാരം ആവശ്യപ്പെട്ട രേഖകള്‍ നിശ്ചിത സമയപരിധിക്കകം ലഭ്യമാക്കണമെന്ന കമ്മിഷണറുടെ അപ്പീല്‍ തീര്‍പ്പും സര്‍ക്കാര്‍ അനുസരിച്ചില്ല.
പശ്ചാത്തലം ഇങ്ങനെ- യുഡിഎഫ് സര്‍ക്കാറിന്‍റെ അവസാനകാലത്തെ വിവാദ മന്ത്രിസഭാ യോഗങ്ങളുടെ മിനിറ്റ്സും അജണ്ടയും നല്‍കണമെന്നാവശ്യപ്പെട്ടാണ് വിവരാവകാശ പ്രവര്‍ത്തകര്‍ സര്‍ക്കാറിനെ സമീപിച്ചത്. ഇത് വിവരാവകാശ പരിധിയില്‍ വരുന്നതല്ലെന്ന് കാണിച്ച് ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 12 വരെയുള്ള രേഖ നല്‍കിയില്ല. ഇതിനെതിരെ മുഖ്യവിവരാവകാശ കമ്മിഷണര്‍ക്ക് അപ്പീല്‍ നല്‍കുകയും ജൂണ്‍ 15 ന് രേഖകള്‍ പത്ത് ദിവസത്തിനകം ലഭ്യമാക്കാന്‍ ഉത്തരവിറക്കുകയും ചെയ്തു. നാളിതുവരെ ഒരു നടപടിയും സര്‍ക്കാറിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന് മാത്രമല്ല ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam