ജെഎൻയു വിദ്യാർത്ഥിയുടെ തിരോധാനം; അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് സിബിഐ

By Web TeamFirst Published Oct 8, 2018, 4:57 PM IST
Highlights

അന്വേഷണ ചുമതലയില്‍നിന്ന് സിബിഐയെ നീക്കി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന നജീബിന്റെ മാതാവ് ഫാത്തിമ നഫീസ് സമർപ്പിച്ച ഹർജി തള്ളിയാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് എസ്. മുരളീധർ, വിനോദ് ഗോയൽ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് തീരുമാനം. സിബിഐ റിപ്പോര്‍ട്ട് ലഭിക്കാനായി നജീബിന്റെ മാതാവിന് വിചാരണക്കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. 

ദില്ലി: ജവഹർലാൽ നെഹ്റു സർവകാലാശാലയിലെ വിദ്യാർത്ഥി നജീബ് അഹമ്മദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം അവസാനിപ്പിച്ചുള്ള റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ സിബിഐക്ക് ദില്ലി ഹൈക്കോടതി അനുമതി. അന്വേഷണ ചുമതലയില്‍നിന്ന് സിബിഐയെ നീക്കി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന നജീബിന്റെ മാതാവ് ഫാത്തിമ നഫീസ് സമർപ്പിച്ച ഹർജി തള്ളിയാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് എസ്. മുരളീധർ, വിനോദ് ഗോയൽ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് തീരുമാനം. സിബിഐ റിപ്പോര്‍ട്ട് ലഭിക്കാനായി നജീബിന്റെ മാതാവിന് വിചാരണക്കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. 

അതേസമയം, സിബിഐയുടെ അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച ഫാത്തിമയുടെ അഭിഭാഷകൻ കോളിൻ ഗോൺസാൽവ്സ് രംഗത്തെത്തി. നജീബിന്റെ തിരോധാനത്തിന് പിന്നില്‍ രാഷ്ട്രീയ നീക്കമാണ് ഉള്ളതെന്നും സിബിഐ ഇതിന് പിന്നിലുള്ളവരുടെ മുന്നില്‍ മുട്ടുമടക്കിയെന്നും ഫാത്തിമയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. 

നജീബിനെ കാണാതായതിന്റെ തലേദിവസം എബിവിപി പ്രവര്‍ത്തകരും നജീബുമായി വാക്കു തര്‍ക്കമുണ്ടായിരുന്നു. ഇത് കണ്ട ദൃക്സാക്ഷികളായ 18 വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ എട്ട് പേരെ തിരിച്ചറിഞ്ഞുവെന്നും, അവരെ കണ്ടെത്താനോ മൊഴി എടുക്കാനോ സിബിഐ തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു. പരാതിയില്‍ പറയുന്ന എട്ടു പേര്‍ തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.

മകനെ കണ്ടെത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് 2016 നവംബർ 25ന് ഫാത്തിമ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ദില്ലി പൊലീസ് അന്വേഷിച്ച കേസ് 2017 മെയ് ആറിന് സിബിഐ ഏറ്റെടുത്തു. എന്നാൽ, അന്വേഷണത്തിൽ‌ നജീബിനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് സിബിഐ കോടതിയെ അറിയിക്കുകയായിരുന്നു. ഇതുകൂടാതെ തിരോധാനത്തിനു പിന്നിലുള്ളവരെന്ന് നജീബിന്റെ കുടുംബം സംശയിച്ച ഒന്‍പത് വിദ്യാര്‍ഥികളെ ചോദ്യം ചെയ്‌തെങ്കിലും സംശയകരമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു. ദൃക്‌സാക്ഷികളുടെയും ഹോസ്റ്റല്‍ വാര്‍ഡന്‍മാരുടെയും മൊഴികള്‍ വിശദമായി പരിശോധിക്കാന്‍ സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം കേസ് അവസാനിപ്പിക്കാനുള്ള സിബിഐ നീക്കം അനുവദിക്കില്ലെന്നും ഇതിനായി ആവശ്യമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും ഫാത്തിമ വ്യക്തമാക്കിയിരുന്നു. 

2016 ഒക്ടോബര്‍ 15നാണ് ജെഎന്‍യു ക്യാംപസിലെ മഹി മാണ്ഡവി ഹോസ്റ്റലില്‍നിന്ന് ദുരൂഹ സാഹചര്യത്തില്‍ നജീബിനെ കാണാതായത്. കാണാതാവുന്നതിന്റെ തലേദിവസം എബിവിപി പ്രവര്‍ത്തകരായ ചിലരും നജീബുമായി വാക്കു തര്‍ക്കമുണ്ടായിരുന്നു. തുടർന്നാണ് നജീബിനെ കാണാതാകുന്നത്. നജീബിനെ ആക്രമിച്ച സംഭവത്തില്‍ എബിവിപി പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് ജെഎന്‍യു അധികൃതര്‍ കണ്ടെത്തിയിരുന്നു. തിരോധാനത്തെ തുടർന്ന് നജീബിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ദില്ലി പൊലീസ് പത്തുലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. 

click me!