പൊലീസിന്‍റെ കൂട്ട തരംതാഴ്ത്തൽ പട്ടികയിൽ തെറ്റ്; നടപടിക്കെതിരെ ഡിവൈഎസ്‍പിമാർ ഹൈക്കോടതിയിലേക്ക്

By Web TeamFirst Published Feb 2, 2019, 4:07 PM IST
Highlights

അച്ചടക്കനടപടി നേരിടുന്ന ഡിവൈഎസ്‍പിമാരെ കൂട്ടത്തോടെ തരം താഴ്ത്തി ഇറക്കിയ ഉത്തരവിലാണ് തെറ്റ് കണ്ടെത്തിയിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 11 ഡിവൈഎസ്‍പിമാരെയാണ് തരംതാഴ്ത്തിയത്. 

തിരുവനന്തപുരം: അച്ചടക്ക നടപടി നേരിടുന്ന സംസ്ഥാനത്തെ 11 ഡിവൈഎസ്പിമാരെ സിഐമാരാക്കി തരംതാഴ്ത്തി സർക്കാർ ഇറക്കിയ ഉത്തരവിൽ തെറ്റ്. തരംതാഴ്ത്തിയ ഉദ്യോഗസ്ഥൻ മാറ്റപ്പട്ടികയിലും ഉൾപ്പെട്ടു. തരംതാഴ്ത്തിയ ടി അനിൽകുമാറിനെ ആറ്റിങ്ങൽ ഡിവൈഎസ്‍പിയായാണ് സ്ഥലംമാറ്റിയത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി 63 ഡിവൈഎസ്‍പിമാരെയാണ് സർക്കാർ മാറ്റി നിയമിച്ചത്.

കൂട്ടനടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് തരംതാഴ്ത്തിയ ഡിവൈഎസ്പിമാരുടെ തീരുമാനം. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിച്ഛായ നന്നാക്കാനാണ് ആഭ്യന്തരവകുപ്പ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് കരുതപ്പെടുന്നത്. എന്നാൽ ഇത്തരത്തിൽ നടപടിയെടുക്കാൻ ആഭ്യന്തരവകുപ്പിനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവൈഎസ്‍പിമാർ നിയമനടപടികളിലേക്ക് നീങ്ങുന്നത്.

2014 മുതൽ താൽക്കാലിക പ്രൊമോഷൻ നൽകിയിരുന്ന ഡിവൈഎസ്പിമാരുടെ പട്ടികയാണ് സർക്കാർ പുനപരിശോധിച്ചത്. ഇതിൽ അച്ചടക്ക നടപടി നേരിട്ട 12 പേരെ തരംതാഴ്ത്താൻ ആഭ്യന്തരവകുപ്പ് ശുപാർശ നൽകിയിരുന്നു.  ഡിവൈഎസ്പിയായ എം.ആർ മധുബാബു ഇന്നലെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് സ്റ്റേ വാങ്ങിയതിനാൽ പട്ടികയിൽ നിന്ന് ഒഴിവായി.

ഇന്നലെ അർദ്ധരാത്രിയോടെ ബാക്കി 11 പേരെ തരംതാഴ്ത്തി സർക്കാർ ഉത്തരവിറക്കുകയായിരുന്നു. അച്ചടക്ക നടപടി സ്ഥാനക്കയറ്റത്തിന് തടസ്സമല്ലെന്ന പൊലീസ്ആക്ടിലെ സുപ്രധാന വകുപ്പ് സർക്കാർ രണ്ടാഴ്ച മുമ്പ് റദ്ദാക്കിയിരുന്നു. ഇതിന് ശേഷമാണ് ഡിവൈഎസ്പിമാരുടെ പട്ടിക പുനഃപരിശോധിച്ച് ഉത്തരവിറക്കിയത്.അതേസമയം, തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പൊലീസ് സേനയിലെ അഴിച്ചുപണികളും തുടങ്ങി. 63 ഡിവൈഎസ്പിമാരെയും 11 അഡിഷണൽ എസ്പിമാരെയും സ്ഥലംമാറ്റി.

click me!