മിഠായിത്തെരുവ് ആക്രമണം: പിടികിട്ടാനുള്ള പ്രതികളുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടു

By Web TeamFirst Published Jan 10, 2019, 7:00 AM IST
Highlights

ശബരിമല കർമസമിതി നടത്തിയ ഹര്‍ത്താലിനിടെ മിഠായിത്തെരുവില്‍ ആക്രമണം നടത്തിയ പ്രതികളുടെ ചിത്രങ്ങള്‍ പൊലീസ് പുറത്ത് വിട്ടു. സൈബര്‍ സെല്ലിനെ വിവരമറിയിക്കാന്‍ നിര്‍ദേശം.

കോഴിക്കോട്:  ശബരിമല കർമസമിതി നടത്തിയ ഹര്‍ത്താലിനിടെ മിഠായിത്തെരുവില്‍ ആക്രമണം നടത്തിയവരുടെ ഫോട്ടോകള്‍ പൊലീസ് പുറത്ത് വിട്ടു. ഇനിയും പിടിയില്‍ ആകാനുള്ളവരുടെ ചിത്രങ്ങളാണ് തിരിച്ചറിയലിനായി സൈബര്‍ സെല്‍ പുറത്ത് വിട്ടിരിക്കുന്നത്.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലിനിടെ മിഠായിത്തെരുവില്‍ വ്യാപക ആക്രമണം അഴിച്ച് വിട്ടിരുന്നു. തുറന്ന കടകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. കേസില്‍ ഇതിനകം 32 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇനിയും പിടിയിലാകാനുള്ള 11 പേരുടെ ചിത്രങ്ങളാണ് സൈബര്‍ സെല്‍ പുറത്ത് വിട്ടിരിക്കുന്നത്.

ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കസബ എസ് ഐയേയോ സൈബര്‍ സെല്ലിനേയോ വിവരം അറിയിക്കണമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. പൊലീസ് പകര്‍ത്തിയ ദൃശ്യങ്ങളില്‍ നിന്നാണ് ആക്രമികളെ കണ്ടെത്തി ഫോട്ടോ പുറത്ത് വിട്ടിരിക്കുന്നത്. കടകളിലെ സി സി ടിവി ദൃശ്യങ്ങളും ശേഖരിച്ചിരുന്നു.

ഹര്‍ത്താല്‍ ദിനത്തില്‍ നടന്ന ആക്രമണത്തില്‍ മിഠായിത്തെരുവിനോട് ചേര്‍ന്നുള്ള കോയന്‍കോ ബസാറില്‍ 16 കടകളാണ് ബി ജെ പി, ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ എറിഞ്ഞും അടിച്ചും തകര്‍ത്തത്. മിഠായിത്തെരുവില്‍ നടന്ന ആക്രമണം തടയുന്നതില്‍ വീഴ്ച പറ്റിയെന്ന് വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികളെ പിടികൂടാന്‍ ശക്തമായ നടപടികളുമായി പൊലീസ് മുന്നോട്ട് പോകുന്നത്.

click me!