Latest Videos

ബാര്‍ തുറക്കുന്ന പോലെ ഡാമുകള്‍ തുറക്കരുതെന്ന് എം.കെ.മുനീര്‍

By Web TeamFirst Published Aug 30, 2018, 3:10 PM IST
Highlights

ശബരിഗിരി പദ്ധതിയുടെ ഭാഗമായുള്ള പന്പ,കക്കി,ആനത്തോട് ഡാമുകള്‍ തുറന്ന് 47,000 ലിറ്റര്‍ വെള്ളമാണ് പന്പയിലൂടെ സെക്കന്‍ഡില്‍ വന്നതെങ്കില്‍ പിറ്റേന്ന് രാവിലെ ആറ് മണിക്ക് 9.39 ലക്ഷം ലിറ്റര്‍ വെള്ളം വീതമാണ് പന്പയിലൂടെ മൂന്ന് മണ്ഡലങ്ങളിലേക്ക് ഒഴുകിയെത്തി സര്‍വനാശം വരുത്തിയത്. 

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രളയത്തിന് കാരണം 25 ശതമാനം മഴ പെയ്തതും 75 ശതമാനം ഡാം തുറന്നതുമാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ.മുനീര്‍. ജലസേചനവകുപ്പിനും വൈദ്യുതിവകുപ്പിനും പറ്റിയ പാളിച്ചകള്‍ മുഖ്യമന്ത്രി പരിശോധിക്കണം. 40 കോടി ലാഭിക്കാന്‍ 50,000 കോടി നശിപ്പിച്ചവരെ പാഠം പഠിപ്പിക്കണം. ബാറുകള്‍ തുറക്കുന്നത് പോലെ ഡാമുകള്‍ തുറക്കരുതെന്നും സര്‍ക്കാരിനെ മുനീര്‍ ഉപദേശിച്ചു. 

മുനീര്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്.... 

ശബരിഗിരി പദ്ധതിയുടെ ഭാഗമായുള്ള പന്പ,കക്കി,ആനത്തോട് ഡാമുകള്‍ തുറന്നതോടെയാണ് പത്തനംതിട്ട ജില്ല വെള്ളത്തിലായത്. സെക്കൻഡിൽ 47,000 ലിറ്റര്‍ വെള്ളമാണ് പമ്പയിലൂടെ ആദ്യം വന്നതെങ്കിൽ പമ്പ,കക്കി,ആനത്തോട് ഡാമുകൾ തുറന്നതോടെ പിറ്റേന്ന് രാവിലെ ആറ് മണിക്ക്  സെക്കന്‍ഡില്‍  9.39 ലക്ഷം ലിറ്റര്‍ വെള്ളമാണ് പമ്പയുടെ തീരങ്ങളിലേക്ക് ഒഴുകിയെത്തിയത്. 

പമ്പയിലുണ്ടായ പ്രളയത്തിൽ മൂന്ന് മണ്ഡലങ്ങളിൽ സർവനാശമാണുണ്ടായത്. റാന്നി,ആറന്മുള, ചെങ്ങന്നൂര്‍ എന്നീ മണ്ഡലങ്ങള്‍ വെള്ളത്തിൽ മുങ്ങി. ശേഷം ഈ വെള്ളമെല്ലാം കുട്ടനാട്ടിലേക്ക് എത്തി. അടിയന്തരസാഹചര്യത്തില്‍ ഡാമുകള്‍ തുറക്കുന്പോള്‍ അത് സ്ഥലം എംഎല്‍എമാരെ എങ്കിലും അറിയിക്കേണ്ടതാണ് എന്നാൽ ഒരൊറ്റ എംഎൽഎയ്ക്ക് പോലും ഇതുസംബന്ധിച്ച വിവരം കിട്ടിയില്ല. 

ബാറുകള്‍ തുറക്കുന്ന ലാഘവത്തോടെ ഡാമുകള്‍ തുറക്കരുത്. ഡാമുകള്‍ തുറന്നതിനെപ്പറ്റി പ്രതിപക്ഷം ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട് എന്നാല്‍ അത് മാത്രം പോരാ. മുഖ്യമന്ത്രി സ്വന്തം നിലയില്‍ വിദഗ്ദ്ധരെ വച്ച് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കണം. പുനരിധാവാസ പ്രവര്‍ത്തനങ്ങളില്‍ എന്തു സഹായം നല്‍കാനും പ്രതിപക്ഷം തയ്യാറാണ്. എന്നാല്‍ മുന്നോട്ടുള്ള പോകില്‍ ചില കാര്യങ്ങളില്‍ തിരുത്തല്‍ വേണം. 

ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിലെ ജനങ്ങള്‍ ആയിരം കോടി ഇതിനോടകം ചിലവാക്കിയിട്ടുണ്ട്. ഓഖി ദുരന്തം ഉണ്ടായപ്പോള്‍ ഇവിടൊരു മന്ത്രി മത്സ്യത്തൊഴിലാളികളെ പരിഹസിച്ചു, മാധ്യമങ്ങളെ പരിഹസിച്ചു. ഇപ്പോള്‍ ഒരാവശ്യം വന്നപ്പോള്‍ അവരൊക്കെ തന്നെ വേണ്ടി വന്നു. 

 സൗജന്യ റേഷന്‍ കൊടുക്കാതിരുന്നിട്ടും സംസ്ഥാനത്ത് മുഴുവന്‍ ദുരിതാശ്വാസക്യാംപുകളും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചത് നമ്മളെല്ലാം ഒറ്റക്കെട്ടായി നിന്നതുകൊണ്ടാണ്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി മലയാളികള്‍ ഇതുവരെ ആയിരം കോടിയോളം ചിലവാക്കിയിട്ടുണ്ട്. ഇതുവരെ ക്യൂവില്‍ നിന്നു സഹായിച്ചവരോട് ഇനി നിങ്ങളുടെ ആവശ്യമില്ല എല്ലാം ഞങ്ങള്‍ ഒറ്റയ്ക്ക് ചെയ്തോള്ളാം എന്ന് പറയരുത്. 

നിയമസഭയില്‍ മുഖ്യമന്ത്രി വളരെ ഡിപ്ലോമാറ്റിക്കായാണ് സംസാരിച്ചത്. എന്നാല്‍  കാര്യങ്ങളുടെ അവസ്ഥ മോശമാണ്. കേന്ദ്രസര്‍ക്കാരില്‍ നിന്നൊരു സഹായവും നമ്മുക്ക് കിട്ടുന്നില്ല. 21 ലക്ഷം കോടിയുടെ വാര്‍ഷിക ബജറ്റുള്ള കേന്ദ്രസര്‍ക്കാര്‍ 20,000 കോടി രൂപ കേരളത്തിന് തന്നേ തീരൂ.  കേന്ദ്രത്തെ നിര്‍ത്തേണ്ടത് പോലെ നിര്‍ത്തി വാങ്ങാനുള്ളത് സര്‍ക്കാര്‍ വാങ്ങണം.

click me!