'നിങ്ങളുടെ ചോരയല്ല എന്‍റെ സിരകളില്‍ ഓടുന്നത്, നവോത്ഥാന മുന്നേറ്റങ്ങള്‍ക്കളില്‍ അങ്ങയ്ക്ക് എന്ത് പങ്ക്?': സഭയെ ചൂടുപിടിപ്പിച്ച മുനീറിന്‍റെ പ്രസംഗം

Published : Dec 13, 2018, 05:26 PM IST
'നിങ്ങളുടെ ചോരയല്ല എന്‍റെ സിരകളില്‍ ഓടുന്നത്, നവോത്ഥാന മുന്നേറ്റങ്ങള്‍ക്കളില്‍ അങ്ങയ്ക്ക് എന്ത് പങ്ക്?': സഭയെ ചൂടുപിടിപ്പിച്ച മുനീറിന്‍റെ പ്രസംഗം

Synopsis

അടിമുടി പ്രതിഷേധത്തിൽ മുങ്ങിയ പതിനാലാം സഭയുടെ പതിമുന്നാം സമ്മേളനം കയ്യാങ്കളിയിലാണ് അവസാനിച്ചത്. വനിതാ മതില്‍ വര്‍ഗീയ മതിലാണെന്ന പ്രതിപക്ഷ ഉപ നേതാവ് എംകെ മുനീറിന്‍റെ പരാമര്‍ശം വന്നതോടെയാണ് സഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്പോരിനും, തുടര്‍ന്നുണ്ടായ അസാധാരണ സംഭവങ്ങള്‍ക്കും പിന്നാലെയാണ് സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്

തിരുവനന്തപുരം: അടിമുടി പ്രതിഷേധത്തിൽ മുങ്ങിയ പതിനാലാം സഭയുടെ പതിമുന്നാം സമ്മേളനം കയ്യാങ്കളിയിലാണ് അവസാനിച്ചത്. വനിതാ മതില്‍ വര്‍ഗീയ മതിലാണെന്ന പ്രതിപക്ഷ ഉപ നേതാവ് എംകെ മുനീറിന്‍റെ പരാമര്‍ശം വന്നതോടെയാണ് സഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്പോരിനും, തുടര്‍ന്നുണ്ടായ അസാധാരണ സംഭവങ്ങള്‍ക്കും പിന്നാലെയാണ് സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്. മതിലില്‍ അണിചേരാത്തവരുടെ സ്ഥാനം ചരിത്രത്തിന്‍റെ ചവറ്റുകൊട്ടയിലാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.

അടിയന്തിര പ്രമേയ നോട്ടീസ് നല്‍കിയ എംകെ മുനീറിന്‍റെ പ്രസംഗത്തിന്‍റെ തുടക്കത്തില്‍ തന്നെയുള്ള ' വര്‍ഗീയ മതില്‍' പരാമര്‍ശമായിരുന്നു സഭ ബഹളമയമാക്കിയത്. എന്നാല്‍ ബഹളത്തിനിടയിലും മുനീര്‍ പ്രസംഗം തുടര്‍ന്നു.  'വര്‍ഗീയ  മതില്‍ തന്നെയാണ്. മറ്റ് വിഭാഗങ്ങളിലെ സ്ത്രീകളെ ഉള്‍പ്പെടുത്താതെ ഹിന്ദു വിഭാഗങ്ങളെ മാത്രം ഉള്‍പ്പെടുത്തയുള്ള മതിലിനെ പിന്നെ എന്താണ് വിളിക്കേണ്ടത്?'  വര്‍ഗീയ മതില്‍ എന്ന പരാമര്‍ശം പിന്‍വലിക്കണമെന്ന് സ്പീക്കറുടെ ആവശ്യം അംഗീകരിക്കാതിരുന്ന മുനീര്‍ തുടര്‍ന്നു. 

സ്ത്രീകള്‍ വര്‍ഗീയവാദികളാണെന്ന് താന്‍ പറഞ്ഞിട്ടില്ല. വര്‍ഗീയ മതിലിനെ കുറിച്ച് പറയുമ്പോള്‍ അത് വളച്ചൊടിക്കരുത്. മുഖ്യമന്ത്രി പറയുന്ന നവോത്ഥാന ആശയങ്ങളില്‍ എതിര്‍പ്പില്ല. കേരളത്തില്‍ നടന്ന നവോത്ഥാന മുന്നേറ്റങ്ങള്‍ക്കും ഞങ്ങള്‍ എതിരല്ല. ഈ മുന്നേറ്റങ്ങളില്‍ പിണറായി വിജയന് എന്ത് പങ്കാണുള്ളതെന്നും മുനീര്‍ ചോദിച്ചു.

നിങ്ങളുടെ ധാര്‍ഷ്ട്യത്തിന് മുമ്പില്‍ തലകുനിക്കുന്ന പ്രശ്നമില്ല. നിങ്ങളുടെ ചോരയല്ല സിരകളില്‍ ഓടുന്നത്. നട്ടെല്ല് ഉയര്‍ത്തി നിന്നാണ് സംസാരിക്കുന്നത്. നിങ്ങള്‍ ഭയപ്പെടുത്തുമ്പോള്‍ മാളത്തില്‍ ഒളിക്കുന്ന പാരമ്പര്യമല്ല ഞങ്ങള്‍ക്കുള്ളത്. സ്പീക്കര്‍ പറയുന്നത് കേള്‍ക്കാം, അംഗീകരിക്കാം. ചെയറിനെ ബഹുമാനിക്കുന്നു. ഇവര്‍ പറയുന്നതനുസരിച്ച് ഞാനെന്‍റെ വാക്കുകള്‍ തിരുത്തില്ല. താന്‍ ഓടിളക്കി വന്നതല്ലെന്നും മുനീര്‍ പറഞ്ഞു.

നവോത്ഥാനത്തില്‍ എല്ലാ വിഭാഗങ്ങള്‍ക്കും പങ്കുണ്ട്. വക്കം മൗലവിയുടെയും മക്തി തങ്ങളുടേയും നവോത്ഥാനത്തെ കുറിച്ച് മുഖ്യമന്ത്രി ഒന്നും സംസാരിക്കുന്നില്ല. ചാവറയച്ചനും, തോബിയോസും, എബ്രഹാം മൈക്കിളും, അര്‍ണോസ് പാതിരിയും നവോത്ഥാനത്തില്‍ പങ്കെടുത്തവരല്ലേ.. അല്ലെങ്കില്‍ അതില്‍ ഒരു മതവിഭാഗം മാത്രം മതിയെന്നാണോ? ക്രിസ്തീയ- ഇസ്ലാം വിഭാഗങ്ങളെ മാറ്റി നിര്‍ത്തുന്നതിനെ വര്‍ഗീയ മതില്‍ എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്?

ഏതെങ്കിലും മത-ജാതി വിഭാഗങ്ങള്‍ മാത്രം നടത്തുന്ന പരിപാടിക്ക് സര്‍ക്കാര‍് നേതൃത്വം നല്‍കരുതെന്ന്  ഇന്ത്യന്‍ ഭരണഘടന പറഞ്ഞിട്ടുണ്ടെന്നും  മുനീര്‍ പറഞ്ഞു.ജാതി സംഘടനകള്‍ക്കൊപ്പം നിന്നുള്ള വര്‍ഗസമരം വിപ്ലവമല്ലെന്ന് സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ അദ്ദേഹത്തിന്‍റെ നിലപാടിനൊപ്പമാണെന്നും മുനീര്‍ സഭയില്‍ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിനോയ് കുര്യൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ടി ശബ്ന
'ലോഹപാളികളിലേത് ശബരിമല സ്വർണമാണെന്നറിഞ്ഞ് തന്നെയാണ് കൊള്ളയ്ക്ക് കൂട്ട് നിന്നത്'; ഗോവർദ്ധനെയും പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി