
കൊച്ചി: ചേരാനെല്ലൂര്‍ പഞ്ചായത്തിൽ പ്രളയത്തിൽ വീടുകൾ തകർന്നിട്ടില്ലെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ടിനെതിരെ പ്രതിഷേധം. ഹൈബി ഈഡൻ എ.എൽ.എയുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. എറണാകുളം ജില്ലയിൽ പ്രളയം ഏറെ നാശം വിതച്ച പഞ്ചായത്തുകളിലൊന്നാണ് ചേരാനെല്ലൂർ. ജനപ്രതിനിധികൾ ശേഖരിച്ച കണക്കനുസരിച്ച് 240 തിലധികം വീടുകൾ പൂർണമായും 600 ലേറെ വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. ഒൻപതു കുടുംബങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുകയാണ്. തകർന്ന വീടുകൾ വിവിധ സംഘടനകളുടെ സഹായത്തോടെ പുനർ നിർമ്മിക്കാനുള്ള ജോലികൾ നടന്നു വരികയാണ്.
ഇതിനിടെയാണ് പഞ്ചായത്ത് സെക്രട്ടറി ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നൽകിയ സാക്ഷ്യപത്രം പുറത്തു വന്നത്. പഞ്ചായത്തിൽ പൂർണമായോ 75 ശതമാനത്തിലധികമോ തകർന്ന വീടില്ലെന്നാണ് സെക്രട്ടറി സാക്ഷ്യപത്രം നൽകിയിരിക്കുന്നത്. ഇതാണ് പ്രതിഷേധത്തിന് കാരണമായത്. സംഭവം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് എംഎൽഎ തദ്ദേശ സ്വയം ഭരണ മന്ത്രിക്ക് കത്തു നൽകിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam