പത്ത് വര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ എംഎല്‍എമാരുടെ ശമ്പളം വര്‍ധിച്ചത് 1100 ശതമാനം

By Web DeskFirst Published Mar 17, 2018, 6:29 PM IST
Highlights
  • പത്ത് വര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ എംഎല്‍എമാരുടെ ശമ്പളം വര്‍ധിച്ചത് 1100 ശതമാനം

ദില്ലി: അടുത്തിടെയാണ് കേരള നിയമസഭയിലെ മന്ത്രിമാരുടെയും എംഎല്‍മാരുടെയും ശമ്പളം വര്‍ധിപ്പിച്ചുകൊണ്ട് മന്ത്രിസഭായോഗം തീരുമാനമെടുത്തത്.മന്ത്രിമാരുടെ ശമ്പളം അമ്പതിനായിരത്തില്‍ നിന്ന് 90300 രൂപയാക്കി വര്‍ധിപ്പിച്ചപ്പോള്‍ എംഎല്‍എമാരുടെ ശമ്പളം മുപ്പതിനായിരത്തില്‍ നിന്ന് 62000 രൂപയാക്കി നിജപ്പെടുത്തി. ഖജനാവ് കാലിയാണെന്നും മുണ്ടുമുറുക്കണമെന്നുമുള്ള ധനകാര്യമന്ത്രി തോമസ് ഐസക്കിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെയുള്ള മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളവര്‍ധനവും മന്ത്രിമാര്‍ക്കായി ഇന്നോവ ക്രിസ്റ്റ കാര്‍ വാങ്ങിയതും വിവാദമായിരിക്കുകയാണ്. 

ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ എംഎല്‍എമാരുടെ ശമ്പളം കൂടി പരിശോധിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് എക്സാം അപ്ഡേറ്റ്സ് എന്ന പരീക്ഷ സഹായിയായ വെബ്സൈറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വെബ്സൈറ്റ് കണക്കു പ്രകാരം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മറ്റ് വിദേശ രാജ്യങ്ങളിലെ എംഎല്‍എമാരുടെ ശമ്പളത്തെ അപേക്ഷിച്ച് 1100 ശതമാനമാണ് ഇന്ത്യന്‍ എംഎല്‍എമാരുടെ ശമ്പളം വര്‍ധിച്ചത്. 

ആര്‍ട്ടിക്കിള്‍ 164 പ്രകാരം സംസ്ഥാനങ്ങളിലെ നിയമസഭാ സാമാജികരുടെ ശമ്പളം നിര്‍ണയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ എംഎല്‍എമാര്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന അഞ്ച് സംസ്ഥാനങ്ങള്‍ ഇവയാണ്. തെലങ്കാനയിലാണ് എംഎല്‍എമാര്‍ക്ക് ഏറ്റവും കൂടുതല്‍ ശമ്പളമുള്ളത്. രണ്ട് ലക്ഷത്തി അമ്പതിനായിരം രൂപയാണ് ഇവിടെ ശമ്പളം. 2,10,000 രൂപ ശമ്പളമുള്ള മധ്യപ്രദേശ്, ദില്ലി എന്നീ സംസ്ഥാനങ്ങളാണ് രണ്ടാംസ്ഥാനത്ത്. 

ബീഹാറില്‍ 1,65,000, മഹാരാഷ്ട്രയില്‍ 160000 എന്നിങ്ങനെയാണ് കണക്ക്. എംഎല്‍എമാര്‍ക്ക് ഏറ്റവും കുറവ് ശമ്പളമുള്ള സംസ്ഥാനങ്ങള്‍ ത്രിപുരയും മേഘാലയയുമാണ്. ത്രിപുരയില്‍ 25,890, മേഘാലയയില്‍ 27,750എന്നിങ്ങനെയാണ് ശമ്പളം. ഏറ്റവും കൂടുതല്‍ ശമ്പളം  വാങ്ങുന്ന മുഖ്യമന്ത്രി തെലങ്കാനയിലാണ്. 4.21 ലക്ഷം രൂപയാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന് ലഭിക്കുന്നത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശമ്പളം 1,60,000 രൂപയാണ്. 

കേരളം ശമ്പളം വര്‍ധിപ്പിക്കുന്നതിന് മുമ്പ് അടുത്തിടെ എട്ട് സംസ്ഥാനങ്ങള്‍ എംഎല്‍എമരുടെ ശമ്പളം വര്‍ധിപ്പിച്ചിരുന്നു. ഇന്ത്യയിലെ എംഎല്‍മാരുടെ ശരാശി ശമ്പളം ഒരു ലക്ഷത്തിന് മുകളിലാണ്.  ഇതിന് പുറമെ ഒരു നിയമസഭാ സിറ്റിങ്ങിന് 2000 രൂപയാണ് അലവന്‍സ്. മറ്റ് ഔദ്യോഗിക യോഗങ്ങളില്‍ പങ്കെടുത്താലും ഈ അലവന്‍സ് ലഭിക്കും.  ഇതിനെല്ലാം പുറമെ ട്രാവലിങ് അലവന്‍സ്, മെഡിക്കല്‍ അലവന്‍സ്, മൈലേജ് അലവന്‍സ് എന്നിവയും ലഭിക്കും. 

മുന്‍  എംഎല്‍മാര്‍ക്ക് പെന്‍ഷന്‍, മെഡിക്കല്‍ അലവന്‍സ്, ട്രാവല്‍ ആനുകൂല്യങ്ങള്‍, കുടുംബ പെന്‍ഷന്‍ എന്നിവയും പല സംസ്ഥാനങ്ങളിലും നിലവിലുണ്ട്. നിലവില്‍ പത്തോളം സംസ്ഥാനങ്ങളിലെ എംഎല്‍എമാരുടെ ശമ്പളത്തേക്കാള്‍ കൂടുതലാണ് കേരളത്തിലെ എംഎല്‍എമാരുടെ ശമ്പളം. വിവിധ ഗവണ്‍മെന്‍റ് വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കണക്കുകള്‍ തയ്യാറാക്കയിരിക്കുന്നത്. 

കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ശമ്പളം


 

click me!