വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ലഹരിവസ്തു വിൽപ്പന നടത്തുന്നവർക്കെതിരെ കഠിനതടവും പിഴയും: സി.രവീന്ദ്രനാഥ്‌

By Web DeskFirst Published Mar 17, 2018, 6:01 PM IST
Highlights
  • വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും വിൽപ്പന നടത്തുന്നവർക്കെതിരെ ഒരുവർഷം വരെ കഠിനതടവും ലക്ഷത്തിൽ കുറയാത്ത പിഴയും ചുമത്തുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു

കാസർകോട്: വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും വിൽപ്പന നടത്തുന്നവർക്കെതിരെ ഒരുവർഷം വരെ കഠിനതടവും ലക്ഷത്തിൽ കുറയാത്ത പിഴയും ചുമത്തുമെന്നും വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്‌ പറഞ്ഞു. 

കാസർകോട് ജില്ലയിലെ ചില വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾ കഞ്ചാവിനും മറ്റു മയക്കു മരുന്നുകൾക്കും അടിമകൾആകുന്നത് വിദ്യാഭ്യാസ വകുപ്പിന്‍റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ കർശന നടപടികൾ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

കാസർകോട് വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.  ലഹരിവിമുക്ത കേരളത്തിൽ വിദ്യാർഥികൾ ഒരിക്കലും മയക്ക് മരുന്ന് ഉപയോഗത്തിലേക്ക് വരാൻപാടില്ലാത്തതായിരുന്നു. എന്നാൽ പ്രത്യേകിച്ച് കാസർകോട് ജില്ലയിലെ ഒറ്റപ്പെട്ട വിദ്യാർത്ഥികളുമായി ബന്ധപെട്ട് മാധ്യമങ്ങളിൽവരുന്ന കഞ്ചാവുമായി ബന്ധപ്പെട്ട വാർത്ത വിദ്യാഭ്യാസ വകുപ്പിനെ കുറിച്ചിടത്തോളം ദൗർഭാഗ്യകരമാണ്.

കഞ്ചാവ് മാഫിയ കൊലപ്പെടുത്തി എന്നുപറയുന്ന ഉദുമയിലെ ജസീമിന്‍റെ മരണവുമായി ബന്ധപെട്ട് പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. വിദ്യാർത്ഥികളിൽ ലഹരി ഉപയോഗം കൂടിയതായും അവനിയന്ത്രക്കാനും കർശന നടപടികൾ സ്വീകരിക്കുവാനും ബന്ധപ്പെട്ടവർക്ക് ഇതിനകം തന്നെ നിർദ്ദേശവും നൽകിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളിൽ മയക്കുമരുന്നിന്‍റെ ഉപയോഗംതടയാൻ പുതിയ മാർഗ്ഗനിർദ്ദേശങ്ങളും മറ്റും സർക്കാർ നടപ്പാക്കും. ഇതിനായി ഓരോജില്ലയിലും ലഹരിക്കടിമകളാകുന്ന വിദ്യാർത്ഥികളെ നിരീക്ഷിക്കാൻ സ്റ്റാഫുകളെ നിയമിക്കുമെന്നും വിദ്യാലയങ്ങളിലും കലാലയങ്ങളിലും പൂർണ്ണമായും ലഹരി ഉപയോഗം തടയുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

അടുത്ത അധ്യയന വർഷം ആരംഭത്തിൽ തന്നെ വിദ്യാർത്ഥികളുടെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള ബോധവത്കരണ ക്‌ളാസുകളും സെമിനാറുകളും സംഘടിപ്പിക്കുമെന്നും ഇതിലൂടെ സംസ്ഥാനത്തെ വിദ്യാലയങ്ങളെയും കലാലയങ്ങളെയും ലഹരി വിമുക്ത വിദ്യാഭ്യാസത്തിലേക്കു നയിക്കുമെന്നും മന്ത്രി രവീന്ദ്രനാഥ്‌ പറഞ്ഞു.


 

click me!