അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനാവില്ലെന്ന് വൈദ്യുത മന്ത്രി എം.എം. മണി

By Web DeskFirst Published Mar 10, 2018, 8:21 PM IST
Highlights
  • മുന്നണിയില്‍ എതിര്‍പ്പ്
  • അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനാവില്ല

പാലക്കാട്: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കാനാവില്ലെന്ന് വൈദ്യുത മന്ത്രി എം. എം മണി. പദ്ധതി നടപ്പാക്കുന്നതിൽ ഇടത് മുന്നണിയിൽ തന്നെ എതിർപ്പുള്ള സാഹചര്യത്തിൽ സമവായ സാധ്യതകൾ കുറവാണെന്നും മന്ത്രി പറഞ്ഞു. ഷൊര്‍ണ്ണൂരില്‍ പുതുതായി നിര്‍മ്മിച്ച വൈദ്യതി ഭവന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്‍ കിട ജല വൈദ്യുതി പദ്ധതികള്‍ക്ക് സംസ്ഥാനത്ത് ഇനി സാധ്യത ഇല്ലെന്നും  അതുകൊണ്ട് ചെറുകിട ജല വൈദ്യുത പദ്ധതികള്‍ നടപ്പാക്കാനാണ് ഉദ്ദേശമെന്നും തുറന്നു പറഞ്ഞാണ് മന്ത്രി എം.എം മണി ആതിരപ്പള്ളി ജല വൈദ്യുത പദ്ധതി നടപ്പാകില്ലെന്ന് പ്രസ്താവിച്ചത്.

എഴുപത്  ശതമാനം പണി പൂര്‍ത്തീകരിച്ച പള്ളിവാസല്‍ പദ്ധതി കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉപേക്ഷിച്ചത് ദേശദ്രോഹമാണെന്നും മന്ത്രി ആരോപിച്ചു.  കല്‍ക്കരി നിലയങ്ങള്‍ പ്രയോജനപ്പെടുത്താന്‍ എതിര്‍പ്പ് കാരണം കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ സോളാര്‍ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തും. 600 മെഗാവാട്ട് വൈദ്യതി  ഉണ്ടാക്കാനവശ്യമായ പദ്ധതികള്‍ ആവിഷ്കരിക്കും. സംസ്ഥാനത്ത് പുതിയ ഊര്‍ജ്ജനയം പ്രഖ്യാപിക്കേണ്ടതുണ്ട്. വൈദ്യുതി ഉത്പാദനത്തില്‍ കൈ നനയാതെ മീന്‍ പിടിക്കണം എന്ന നയം പാര്‍ട്ടികളും സംഘടനകളും ഉപേക്ഷിക്കണം എന്നും മന്ത്രി പറഞ്ഞു. പി.കെ ശശി എം എല്‍ എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

click me!