
തിരുവനന്തപുരം: പ്രളയത്തിന് ശേഷം നവകേരളത്തെ വാര്‍ത്തെടുക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങളെ കണ്ടില്ലെന്ന് നടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ആരോപണങ്ങള്‍ ജനശ്രദ്ധ കിട്ടാനുള്ള ശ്രമമാണെന്ന് വൈദ്യുത മന്ത്രി എം.എം. മണി. സാലറി ചലഞ്ച് പരാജയപ്പെട്ടെന്നാണ് ചെന്നിത്തലയുടെ കണ്ടുപിടുത്തം. അദ്ദേഹം അതിൽ വളരെ ആഹ്ളാദത്തിലുമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചെന്നിത്തലക്കെതിരെ മന്ത്രി വിമര്‍ശനം നടത്തിയിരിക്കുന്നത്.
ചിലരുണ്ട്, ആളുകൾ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലേ എന്ന ഭയത്താൽ വെറുതേ ബഹളം വയ്ക്കും. പ്രതിപക്ഷനേതാവിന്റെ പ്രസ്താവനകളും പ്രസംഗങ്ങളും ഇത്തരം ഒരു ബഹളംകൂട്ടലാണ്. സർക്കാരിന് പിശക് പറ്റുമ്പോൾ അത് ചൂണ്ടിക്കാട്ടി ക്രിയാത്മക വിമർശനം നടത്തേണ്ടത് പ്രതിപക്ഷത്തിന്റെ കടമയാണ്. പക്ഷേ അത് എളുപ്പമല്ല. കാര്യങ്ങൾ പഠിക്കണം. അതിനൊന്നും പറ്റാതാകുമ്പോൾ ബഹളം വയ്ക്കുകയല്ലാതെ മാർഗ്ഗമില്ല. അതാണ് ചെന്നിത്തല ചെയ്യുന്നതും- എംഎം മണി പറഞ്ഞു.
പ്രളയകാലത്ത് മുഖ്യമന്ത്രിക്കൊപ്പം ദുരിതാശ്വാസ ക്യാമ്പുകളും മറ്റും സന്ദർശിച്ച് സർക്കാർ നടപടികൾക്കൊപ്പം നിന്ന് കാര്യങ്ങളെല്ലാം ഭംഗിയായി നടക്കുന്നുവെന്ന് പറഞ്ഞ ചെന്നിത്തല, പിന്നീട് എല്ലാം പട്ടാളത്തെ ഏൽപ്പിക്കണമെന്ന് മുറവിളി കൂട്ടിയത് ശ്രദ്ധ പിടിച്ചുപറ്റാനുള്ള ഒരു പൊടിക്കൈ ആയിരുന്നുവെന്നും മന്ത്രി ആരോപിച്ചു.
എം.എം. മണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
ചിലരുണ്ട്, ആളുകൾ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലേ എന്ന ഭയത്താൽ വെറുതേ ബഹളം വയ്ക്കും. പ്രതിപക്ഷനേതാവിന്റെ പ്രസ്താവനകളും പ്രസംഗങ്ങളും ഇത്തരം ഒരു ബഹളംകൂട്ടലാണ്. പ്രളയകാലത്ത് മുഖ്യമന്ത്രിക്കൊപ്പം ദുരിതാശ്വാസ ക്യാമ്പുകളും മറ്റും സന്ദർശിച്ച് സർക്കാർ നടപടികൾക്കൊപ്പം നിന്ന് കാര്യങ്ങളെല്ലാം ഭംഗിയായി നടക്കുന്നുവെന്ന് പറഞ്ഞ ചെന്നിത്തല, പിന്നീട് എല്ലാം പട്ടാളത്തെ ഏൽപ്പിക്കണമെന്ന് മുറവിളി കൂട്ടിയത് ശ്രദ്ധ പിടിച്ചുപറ്റാനുള്ള ഒരു പൊടിക്കൈ ആയിരുന്നു. സംസ്ഥാന സർക്കാർ പട്ടാളത്തിന്റെ കൂടി സഹായത്തോടെ ഫലപ്രദമായ രക്ഷാദൗത്യം നിർവഹിച്ചുവരുന്ന സന്ദർഭത്തിലാണ് ചെന്നിത്തല പട്ടാളത്തിന് ദൗത്യത്തിന്റെ പൂർണ്ണ ചുമതല നൽകണമെന്നും പറഞ്ഞ് രംഗത്തെത്തിയത്.
രക്ഷാദൗത്യം ഭംഗിയായി പൂർത്തീകരിച്ച് പുനരധിവാസ പ്രവർത്തനങ്ങൾ ഫലപ്രദമായി നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് പ്രളയത്തിന് കാരണം ഡാം തുറന്നുവിട്ടതാണെന്നും പറഞ്ഞ് ചെന്നിത്തല വീണ്ടും രംഗത്തു വന്നത്. ഡാമുകളില്ലാത്ത അച്ചൻകോവിലാറിലും, മീനച്ചിലാറിലും, ചാലിയാറിലുമൊക്കെ വെള്ളപ്പൊക്കമുണ്ടായതെങ്ങിനെ എന്നതിന് മിണ്ടാട്ടം മുട്ടിയെങ്കിലും ബഹളം അവസാനിപ്പിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല. പ്രത്യേക നിയമസഭാ സമ്മേളനത്തിൽ കാര്യങ്ങളെല്ലാം വിശദമാക്കി മുഖ്യമന്ത്രി മറുപടി പറഞ്ഞു. പറഞ്ഞതൊന്നും മനസ്സിലാകാത്തതു കൊണ്ടാകും അതിനുശേഷവും അദ്ദേഹം ബഹളം തുടരുകയാണ് .
കേരളം പുനർനിർമ്മിക്കുന്നതിന് എല്ലാ സഹായവും ഉണ്ടാകുമെന്ന് നിയമസഭയിൽ ഉറപ്പ് നൽകിയ പ്രതിപക്ഷനേതാവ്, ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യാനുള്ള മുഖ്യമന്ത്രിയുടെ അഭ്യർത്ഥന വന്നപ്പോൾ കളം മാറ്റിച്ചവിട്ടുകയാണ്. സാലറി ചലഞ്ചിനെ എതിർത്തുകൊണ്ട് ചെന്നിത്തലയും കൂട്ടരും തലങ്ങും വിലങ്ങും പ്രസ്താവനകളുമായി ഓടിയിട്ടും ബഹുഭൂരിപക്ഷം ജീവനക്കാരും സർക്കാർ നിർദ്ദേശം അംഗീകരിച്ച് ശമ്പളം സംഭാവന ചെയ്തു.
പക്ഷേ, ഈ കണക്കൊന്നും ഞാനറിഞ്ഞില്ലേ എന്ന മട്ടിൽ സാലറി ചലഞ്ച് പരാജയപ്പെട്ടെന്നാണ് ചെന്നിത്തലയുടെ കണ്ടുപിടുത്തം. അദ്ദേഹം അതിൽ വളരെ ആഹ്ളാദത്തിലുമാണ്. സർക്കാരിന് പിശക് പറ്റുമ്പോൾ അത് ചൂണ്ടിക്കാട്ടി ക്രിയാത്മക വിമർശനം നടത്തേണ്ടത് പ്രതിപക്ഷത്തിന്റെ കടമയാണ്. പക്ഷേ അത് എളുപ്പമല്ല. കാര്യങ്ങൾ പഠിക്കണം. അതിനൊന്നും പറ്റാതാകുമ്പോൾ ബഹളം വയ്ക്കുകയല്ലാതെ മാർഗ്ഗമില്ല. അതാണ് ചെന്നിത്തല ചെയ്യുന്നതും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam