തനിക്ക് അറിയാവുന്ന റോയ് അതീവ ആത്മവിശ്വാസമുള്ള ആളായിരുന്നുവെന്നും, മറ്റുള്ളവരെ സഹായിക്കാൻ എപ്പോഴും മുന്നിൽ നിന്നിരുന്ന വ്യക്തിയായിരുന്നുവെന്നും ചക്രവർത്തി ചന്ദ്രചൂഡ്

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകൻ ഡോ. സി.ജെ. റോയിയുടെ മരണം ബിസിനസ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ആദായനികുതി വകുപ്പ് റെയ്ഡിനിടെ സി ജെ റോയി ഇന്നലെ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. സി. ജെ റോയിയുടെ അടുത്ത സുഹൃത്തും മുതിർന്ന മാധ്യമ പ്രവർത്തകനുമായ ചക്രവർത്തി ചന്ദ്രചൂഡിന്റെ വെളിപ്പെടുത്തൽ റോയിയുടെ മരണത്തിന് തൊട്ടുമുൻപുള്ള സാഹചര്യങ്ങളേക്കുറിച്ച് ഗൗരവകരമായ കാര്യങ്ങൾ വെളിപ്പെടുത്തുന്നതാണ്. പുറമെ നിന്ന് നോക്കുമ്പോൾ അതീവ സമ്പന്നരും ആഡംബര ജീവിതം നയിക്കുന്നവരുമായി തോന്നുമെങ്കിലും, സി.ജെ. റോയിയെപ്പോലുള്ള ബിസിനസ് പ്രമുഖർ വലിയ രീതിയിലുള്ള മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോയിരുന്നതെന്ന് ചന്ദ്രചൂഡ് പറയുന്നു. ഐടി റെയ്ഡുകളും മറ്റ് അന്വേഷണങ്ങളും ഇവരെ കടുത്ത മാനസിക വിഷമത്തിലാക്കാറുണ്ട്. റെയ്ഡ് നടന്നുകൊണ്ടിരിക്കെ റോയി ഏറെ അസ്വസ്ഥനായിരുന്നുവെന്നും, ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലുകളും സമ്മർദ്ദവും റോയിക്ക് താങ്ങാനായില്ലെന്നും ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടുന്നു. അധികാരികളിൽ നിന്നുള്ള അമിതമായ സമ്മർദ്ദമാണ് ഇത്തരമൊരു കടുത്ത തീരുമാനമെടുക്കാൻ റോയിയെ പ്രേരിപ്പിച്ചതെന്ന് ചക്രവർത്തി ചന്ദ്രചൂഡ് ആരോപിക്കുന്നു. 

തനിക്ക് അറിയാവുന്ന റോയ് അതീവ ആത്മവിശ്വാസമുള്ള ആളായിരുന്നുവെന്നും, മറ്റുള്ളവരെ സഹായിക്കാൻ എപ്പോഴും മുന്നിൽ നിന്നിരുന്ന വ്യക്തിയായിരുന്നുവെന്നും ചക്രവർത്തി ചന്ദ്രചൂഡ് ഓർക്കുന്നു. എന്നിട്ടും ഇത്തരമൊരു ദുരന്തം സംഭവിച്ചത് ദൗർഭാഗ്യകരമാണെന്ന് ചക്രവർത്തി ചന്ദ്രചൂഡ് കൂട്ടിച്ചേർത്തു. സഫലമായ ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത ഒരു വ്യക്തി ഇത്തരത്തിൽ മരണപ്പെട്ടത്, ബിസിനസ് സമൂഹത്തിന് മേൽ അധികൃതർ ചെലുത്തുന്ന അമിത നിയന്ത്രണങ്ങളെയും സമ്മർദ്ദങ്ങളെയും കുറിച്ചുള്ള ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം