
തിരുവനന്തപുരം: മഹാപ്രളയത്തില്‍ നിന്ന് അതിജീവനത്തിന്‍റെ കുതിപ്പിലാണ് കേരളം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്. പ്രളയ ശേഷം വീട്ടിലെത്തുന്നവര്‍ വൈദ്യുതിയുടെ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി മന്ത്രി എംഎം മണി തന്നെ രംഗത്തെത്തി.
മഹാപ്രളയമുണ്ടായതുമുതല്‍ അഹോരാത്രം രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസത്തിനും മുന്നിലുണ്ടായിരുന്ന മന്ത്രിയുടെ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാണ്. ഫേസ്ബുക്കിലൂടെയാണ് മണിയുടെ നിര്‍ദേശങ്ങള്‍.
1 വൈദ്യുതി വിതരണം പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ വൈദ്യുതി ബോര്‍ഡും ജീവനക്കാരും അവധി ദിവസങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കിയാകും ഈ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. പൊതുജനങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ പൂര്‍ണ്ണമായും മനസ്സിലാക്കി പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന ഈ വേളയില്‍ എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.
2 വെള്ളപ്പൊക്കത്തില്‍ തകരാറിലായ ട്രാന്‍സ്ഫോര്‍ സ്റ്റേഷനുകള്‍ പുനരുദ്ധരിക്കുന്ന ജോലികള്‍ക്കാവും പ്രഥമ പരിഗണന. തെരുവ് വിളക്കുകള്‍ കുടിവെള്ള പമ്പിംഗ് സ്റ്റേഷനുകള്‍, ആശുപത്രികള്‍, മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവിടങ്ങളില്‍ വൈദ്യുതി പുന:സ്ഥാപിക്കാനും, അതോടൊപ്പം, വൈദ്യുതി സുരക്ഷ ഉറപ്പാക്കുന്ന മുറയ്ക്ക് വീടുകളിലെയും, സ്ഥാപനങ്ങളിലെയും കണക്ഷന്‍ പുന:സ്ഥാപിക്കുകയും ചെയ്യുക എന്ന മുന്‍ഗണനയിലാണ് പ്രവര്‍ത്തനങ്ങള്‍ ആസുത്രണം ചെയ്തിട്ടുള്ളത്.
3 തെരുവ് വിളക്കുകള്‍ കേടായ ഇടങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സാധനങ്ങള്‍ നല്‍കുന്ന മുറയ്ക്ക് സൌജന്യമായി അവ സ്ഥാപിച്ച് നല്‍കും. കൂടാതെ സെക്ഷന്‍ ഓഫീസുകള്‍, റിലീഫ് ക്യാമ്പുകള്‍ മറ്റ് പൊതു ഇടങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പൊതുജനങ്ങള്‍ക്ക് സൌജന്യമായി മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സംവിധാനവും ഏര്‍പ്പെടുത്തുന്നുണ്ട്.
4 കണക്ഷന്‍ പുന:സ്ഥാപിക്കാന്‍ താമസം നേരിടുന്ന വീടുകളില്‍ എര്‍ത്ത് ലീക്കേജ് സര്‍ക്ക്യൂട്ട് ബ്രേക്കര്‍ ഉള്‍പ്പടുത്തി ഒരു ലൈറ്റ് പോയിന്റും, പ്ലഗ് പോയിന്റും മാത്രമുള്ള താല്‍ക്കാലിക സംവിധാനത്തിലൂടെ വൈദ്യുതി നല്‍കാന്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.
5 കണക്ഷന്‍ പുന:സ്ഥാപിക്കുന്നതിന് മുമ്പായി വയറിംഗ് സംവിധാനവും, വൈദ്യുതി ഉപകരണങ്ങളും പരിശോധിച്ച് അപകട സാധ്യത ഇല്ല എന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇവ ഉറപ്പാക്കാതെ കണക്ഷന്‍ പുന:സ്ഥാപിക്കുന്നത് വൈദ്യുതി അപകടത്തിന് ഇടയാക്കും. ഇക്കാര്യത്തില്‍ ഇലക്ട്രീഷ്യന്‍മാരുടെ സേവനവും, സന്നദ്ധ സംഘടനകളുടെ സേവനവും ലഭ്യമാക്കാന്‍ പ്രാദേശികമായ ഇടപെടല്‍ അത്യാവശ്യമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam