മണക്കാട് പ്രസംഗം: എം.എം. മണിക്കെതിരായ കേസ് തള്ളി

By Web DeskFirst Published May 4, 2017, 7:44 AM IST
Highlights

തൊടുപുഴ: വിവാദമായ മണക്കാട് പ്രസംഗത്തെത്തുടര്‍ന്ന് മന്ത്രി എം.എം. മണിക്കെതിരെ ആദ്യം എടുത്ത കേസ് തള്ളി. മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തൊടുപുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു. പ്രസംഗത്തിലെ പരാമര്‍ശത്തിന്‍റെ അടിസ്ഥാനത്തില്‍ 3 കേസുകള്‍ കൂടി എം.എം. മണിക്കെതിരെ നിലവിലുണ്ട്.

രാഷ്ട്രീയ എതിരാളികളെ വകയിരുത്തിയെന്ന എം.എം. മണിയുടെ മണക്കാട് പ്രസംഗത്തിന്‍റെ അടിസ്ഥാനത്തില്‍ ഏറ്റവും ആദ്യം എടുത്ത കേസാണ് തള്ളിയത്. 2012 മെയിലായിരുന്നു തൊടുപുഴക്ക് സമീപം മണിയുടെ വിവാദമായ വണ്‍, ടു, ത്രീ പ്രസംഗം. 2013ല്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഗൂഡാലോചന, പൊലീസിന്‍റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളായിരുന്നു ചുമത്തിയിരുന്നത്. 

ഇത് നിലനില്‍ക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി എം.എം. മണി സമ്പാദിച്ച വിടുതല്‍ ഹര്‍ജിയാണ് തൊടുപുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയത്. വിധിയില്‍ ആഹ്ളാദം പ്രകടിപ്പിച്ച് സിപിഎം പ്രവര്ത്തകര്‍ കോടതിക്ക് സമീപം ലഡു വിതരണം ചെയ്തു. മണക്കാട് പ്രസംഗത്തിലെ പരാമര്‍ശത്തിന്‍റെ പേരില്‍ 3 കേസുകള്‍ കൂടി എം.എം. മണിക്കെതിരെ നിലവിലുണ്ട്. 

അഞ്ചേരി ബേബി, മുള്ളന്‍ചിറ മത്തായി, മുട്ടുകാട് നാണപ്പന് എന്നിവര് കൊല്ലപ്പെട്ട കേസുകളാണിവ. ഇതില്‍ അഞ്ചേരി ബേബി വധക്കേസില്‍ എം.എം. മണി സമര്‍പ്പിച്ച വിടുതല്‍ ഹര്ജി കോടതി തള്ളിയിരുന്നു. വിചാരണ നടപടികള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. 

click me!