
കണ്ണൂർ: 'കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ എത്തിയവരെ'ന്ന പേരിൽ കേരളത്തിൽ ഇതരസംസ്ഥാനത്തൊഴിലാളികൾക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവർക്കും നേരെ വ്യാപക അക്രമങ്ങളാണ് നടന്നത്. അതുവരെ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രം നമ്മൾ കണ്ട ആൾക്കൂട്ട ആക്രമണങ്ങൾ കേരളത്തിലും പല തവണ ആവർത്തിച്ചു.
ആ ആൾക്കൂട്ട ആക്രമണക്കേസുകൾക്ക് എന്താണ് സംഭവിക്കുന്നത്? മൊബൈൽ വീഡിയോകളിലെ ദൃശ്യങ്ങളായി മാത്രം നമ്മൾ കണ്ട ഇരകൾക്ക് എന്ത് സംഭവിച്ചു? ഏഷ്യാനെറ്റ് ന്യൂസ് 'റോവിംഗ് റിപ്പോർട്ടർ' അന്വേഷിക്കുകയാണ്.
കണ്ണൂർ കൂത്തുപറമ്പിൽ വച്ചാണ് ഞങ്ങൾ ഛോട്ടുവിനെ കണ്ടത്. നിഷ്കളങ്കമായി ചിരിച്ച് ഛോട്ടു ഞങ്ങളെ എതിരേറ്റു. ഛോട്ടു എന്ന് ഞങ്ങളാ യുവാവിനെ വിളിച്ചു എന്നേയുള്ളൂ. യഥാർഥ പേര് അതല്ല. സ്വന്തം പേരെന്തായിരുന്നു? അത് ഛോട്ടു മറന്നുപോയി.
ഇക്കഴിഞ്ഞ ഫെബ്രുവരി 9-ന് കണ്ണൂരിലെ മാനന്തേരിയിൽ വച്ചാണ് ഛോട്ടു ആൾക്കൂട്ട ആക്രമണത്തിനിരയായത്. ഗുജറാത്തിലോ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലോ അല്ല. നമ്മുടെ കേരളത്തിൽ. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ എത്തിയ ആൾ എന്ന് കരുതിയാണ് ഒരു സംഘമാളുകൾ ഛോട്ടുവിനെ ക്രൂരമായി മർദ്ദിച്ചത്.
ഛോട്ടു പറഞ്ഞതൊന്നും മർദിച്ചവർക്ക് മനസ്സിലായില്ല. പ്രാദേശിക ഹിന്ദിയേ ഛോട്ടുവിന് അറിയാവൂ. അത് തർജമ ചെയ്തത് ഒരു പ്രദേശവാസിയാണ്. അയാളാകട്ടെ ആൾക്കൂട്ടത്തെ തെറ്റിദ്ധരിപ്പിച്ചു.
കലി പൂണ്ട ജനക്കൂട്ടം ഛോട്ടുവിനെ തലങ്ങും വിലങ്ങും മർദ്ദിച്ചു. ഒടുവിൽ പൊലീസ് എത്തിയാണ് ഛോട്ടുവിനെ രക്ഷിച്ചെടുത്തത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന റാക്കറ്റുമായി ഇയാൾക്ക് യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
പക്ഷേ, അപ്പോഴേയ്ക്കും ഛോട്ടുവിന് സ്വന്തം ജീവിതം നഷ്ടപ്പെട്ടിരുന്നു. പേര്, ഊര്, നാട് - ഒന്നും ഛോട്ടുവിന് ഇന്ന് ഓർമയില്ല. താൻ ആരെന്ന് പോലുമറിയില്ല. മർദ്ദനമേൽപിച്ച ശാരീരികവും മാനസികവുമായ ആഘാതത്തിൽ ഓർമകൾ നഷ്ടപ്പെട്ടു. അങ്ങനെയാണ് കൂത്തുപറമ്പിനടുത്തുള്ള സ്നേഹഭവനിൽ ഛോട്ടു എത്തുന്നത്.
മുഖമില്ലാത്ത ആ ആൾക്കൂട്ടം എവിടെ?
ഛോട്ടുവിനെ മർദിച്ച ആൾക്കൂട്ടത്തിനെന്തു സംഭവിച്ചു? കണ്ടാലറിയാവുന്ന 16 പേർക്കെതിരെ കേസെടുത്തു. നാലുപേരെ പിടികൂടി. അറസ്റ്റിലായവർക്ക് മേൽ ദുർബലവകുപ്പുകൾ മാത്രം ചുമത്തി. ബാക്കിയുളളവരെല്ലാം മാസങ്ങളായി നിയമത്തിന് വെളിയിൽ സസുഖം കഴിയുന്നു. ഭൂതകാല ഓർമകൾ നഷ്ടപ്പെട്ടെങ്കിലും ആൾക്കൂട്ട മർദ്ദനത്തിന്‍റെ പേടിപ്പെടുത്തുന്ന നിമിഷങ്ങൾ ഇപ്പോഴും ഛോട്ടുവിനെ വേട്ടയാടുന്നു.
ഓർമകളിലേക്കുളള മടങ്ങിവരവാണ് ഈ മുപ്പതുകാരന് ഇനി ജീവിതം. എങ്കിലേ ജനിച്ച നാട്ടിൽ തിരികെ എത്താനാകൂ. ഉറ്റവരെയും ഉടയവരെയും വീണ്ടും കാണാനാകൂ. പേരു പോലും മറന്നുപോകുംവിധം ഓർമ്മകൾ തല്ലിക്കെടുത്തിയ മുഖമില്ലാത്ത ആ ആൾക്കൂട്ടത്തിന് വേണ്ടി കേരളം മാപ്പുചോദിയ്ക്കണം.
കേരളത്തിലെ ആൾക്കൂട്ട ആക്രമണങ്ങളെക്കുറിച്ചുള്ള റോവിംഗ് റിപ്പോർട്ടർ പരമ്പര വരുംദിവസങ്ങളിലും തുടരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam