വീട് കുത്തിതുറന്ന് മോഷണം; പ്രതികളെ കുടുക്കിയത് മൊബൈല്‍ ഫോണ്‍

By Web TeamFirst Published Sep 30, 2018, 11:08 PM IST
Highlights

ഓഗസ്റ്റ് നാലിനായിരുന്നു കേസിന് ആസ്പദമായ സംഭവം. അഴിഞ്ഞില്ലം സ്വദേശി വേണുഗോപാലന്‍റെ വീട്ടിലാണ് മോഷണം നടത്തിയത്. വീട്ടുകാര്‍ ഇല്ലാതിരുന്ന സമയം അകത്തുകയറിയ പ്രതികള്‍ 10 പവന്‍ വരുന്ന സ്വര്‍ണ്ണാഭരണങ്ങളും ലാപ് ടോപ്പുമാണ് കവര്‍ന്നത്. 

മലപ്പുറം:മലപ്പുറം കൊണ്ടോട്ടിക്ക് സമീപം വാഴക്കാട്, വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതികളെ പിടികൂടി. മോഷണത്തിനിടെ  ചാര്‍ജ് ചെയ്യാനിട്ട മൊബൈല്‍ ഫോണ്‍ എടുക്കാന്‍ മറന്നതാണ് പ്രതികളെ കുടുക്കാന്‍ സഹായിച്ചത്. കൊണ്ടോട്ടി വൈദ്യരങ്ങാടി സ്വദേശി ഹക്കീം റഹ്മാനും കണ്ണൂര് ചിറക്കല്‍ സ്വദേശി ഗിരീഷുമാണ് വാഴക്കാട് പൊലീസിന്‍റെ പിടിയിലായത്. 

ഓഗസ്റ്റ് നാലിനായിരുന്നു കേസിന് ആസ്പദമായ സംഭവം. അഴിഞ്ഞില്ലം സ്വദേശി വേണുഗോപാലന്‍റെ വീട്ടിലാണ് മോഷണം നടത്തിയത്. വീട്ടുകാര്‍ ഇല്ലാതിരുന്ന സമയം അകത്തുകയറിയ പ്രതികള്‍ 10 പവന്‍ വരുന്ന സ്വര്‍ണ്ണാഭരണങ്ങളും ലാപ് ടോപ്പുമാണ് കവര്‍ന്നത്. മോഷ്ടിക്കാന്‍ കയറിയപ്പോള്‍ ഹക്കീം റഹ്മാന്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനിട്ടിരുന്നു. ഇതിനിടെ വീട്ടുകാരെത്തിയത് കണ്ട് പിന്‍വാതിലിലൂടെ രക്ഷപ്പെടുന്നതിനിടെ ഫോണ്‍ എടുക്കാന്‍ മറന്നു. പ്രതികളെ വ്യക്തമായെങ്കിലും ഇരുവരും ഒളിവില്‍ പോയതിനാല്‍ പിടികൂടുന്നത് വൈകി. 

കഴിഞ്ഞദിവസം കൊണ്ടോട്ടിയിലെ ബന്ധുവീട്ടില്‍ ഹക്കീം എത്തിയെന്ന വിവരം കിട്ടിയതോടെ വാഴക്കാട് എസ്.ഐയുടെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു. ഹക്കീമില്‍നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് രാമനാട്ടുകരയില്‍നിന്ന് ഗിരീഷിനെ അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലാണ് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലും പാലക്കാട് ജില്ലയിലെ കല്ലടിക്കോട്, ഹേമാംബിക നഗര്‍ സ്റ്റേഷനുകളിലും മോഷണക്കേസുകളില്‍ പ്രതികളാണ് ഹക്കീം റഹ്മാനും ഗിരീഷും.
 

click me!