
ദില്ലി: റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേലിന്‍റെ രാജിയില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും. ഉര്‍ജിത് പട്ടേല്‍ അതിസമര്‍ഥനായ സാമ്പത്തിക വിദഗ്ധനാണെന്ന് നരേന്ദ്ര മോദി പ്രതികരിച്ചു. എന്നാല്‍, ഊർജിത് പട്ടേലിന്‍റെ രാജിക്ക് പിന്നിൽ ആര്‍ എസ് എസ് അജൻഡയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. വിജയ് മല്യയെ ബ്രിട്ടനിൽ നിന്നു വിട്ടുകിട്ടുന്നതു സർക്കാരിന്‍റെ വിജയമല്ലെന്നും രാഹുല്‍ വിമര്‍ശിച്ചു.
അഞ്ച് സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെയാണ് ഊർജിത് പട്ടേലിന്‍റെ രാജി. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ഊർജിത് പട്ടേൽ വ്യക്തമാക്കുന്നത്. തന്‍റെ സഹപ്രവർത്തകർക്ക് നന്ദി പറഞ്ഞുകൊണ്ട് ഊർജിത് പട്ടേൽ പുറത്തിറക്കിയ പ്രസ്താവനയിൽ പക്ഷേ കേന്ദ്രസർക്കാരിനെക്കുറിച്ചോ ധനമന്ത്രിയെക്കുറിച്ചോ ഒരു വാക്ക് പോലും പറയുന്നില്ലെന്നതാണ് ശ്രദ്ധേയം. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെ ഊർജിത് പട്ടേലിന്‍റെ രാജി കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കും. നേരത്തേ തന്നെ കേന്ദ്രധനമന്ത്രി അരുൺ ജയ്‍റ്റ്‍ലിയുമായി കടുത്ത ഭിന്നതയിലായിരുന്നു ആർബിഐ ഉന്നതമേധാവികൾ.
അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബി ജെ പിക്കെതിരെ വിശാല സഖ്യം രൂപീകരിക്കുന്നതിനായി പ്രതിപക്ഷ കക്ഷികൾ വിളിച്ചു ചേർത്ത യോഗത്തില്‍ 21 പാർട്ടികൾ പങ്കെടുത്തു. ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജരിവാൾ യോഗത്തിനെത്തിയപ്പോൾ പ്രധാന കക്ഷികളായ സമാജ്‌വാദി പാർട്ടിയുടെ അഖിലേഷ് യാദവും ബി എസ് പിയുടെ മായാവതിയും യോഗത്തിൽ നിന്ന് വിട്ടുനിന്നു. അതേസമയം കേന്ദ്രമന്ത്രി സഭയിൽ നിന്ന് ഇന്ന് രാജിവച്ച രാഷ്ട്രീയ ലോക് സമതാ പാർട്ടിയുടെ ഉപേന്ദ്ര കുശ്വാഹ യോഗത്തിൽ പങ്കെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam