രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മോദി

By Web DeskFirst Published Dec 22, 2016, 2:15 AM IST
Highlights

കൈക്കൂലി ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തു വന്നു. പ്രസംഗിക്കാന്‍ പഠിക്കുന്ന രാഹുല്‍ സംസാരിച്ചതോടെ രാജ്യം ഭൂകമ്പത്തില്‍ നിന്ന് രക്ഷപ്പെട്ടു എന്ന് നരേന്ദ്ര മോദി പറഞ്ഞു. സഹാറ ഡയറിയുടെ അടിസ്ഥാനത്തില്‍ മോദി രാജിവയ്‌ക്കണമെന്ന് ആംആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. സഹാറ പേപ്പറുകള്‍ വിശ്വാസയോഗ്യമല്ലെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം.
 
അവരുടെ ഒരു യുവനേതാവ് ഉണ്ട് , ഇപ്പോള്‍ പ്രസംഗം പഠിക്കുകയാണ്. സംസാരിക്കാതിരുന്നെങ്കില്‍ രാജ്യത്തിനു താങ്ങാന്‍ കഴിയാത്ത ഭൂകമ്പം ഉണ്ടാകുമായിരുന്നു. ഇപ്പോള്‍ സംസാരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ഭൂകമ്പത്തില്‍ നിന്ന് രക്ഷപ്പെട്ടു - മോദി പറഞ്ഞു.
 
സഹാറയില്‍ നിന്ന് 40.1 കോടി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ വാങ്ങിയെന്ന ആരോപണം രാഹുല്‍ ഗാന്ധി ഉന്നയിച്ചതിന് മറുപടിയായാണ് മോദിയുടെ പരിഹാസം. 2009ല്‍ രാഹുല്‍ രംഗത്തു വന്നപ്പോള്‍ പാക്കറ്റില്‍ എന്തെന്ന് പലര്‍ക്കും അറിയില്ലായിരുന്നു എന്നും ഇപ്പോള്‍ മനസ്സിലായെന്നും നരേന്ദ്ര മോദി പറഞ്ഞു. 1970 മുതല്‍ ഏതെങ്കിലും ഒരു പ്രധാനസ്ഥാനത്ത് കയറിപ്പറ്റിയിരുന്ന മന്‍മോഹന്‍സിംഗ് 60 ശതമാനം പട്ടിണിക്കാരുടെ നാട്ടില്‍ ക്യാഷ്‍ലെസ് പ്രായോഗികമല്ലെന്ന് വ്യക്തമാക്കുമ്പോള്‍ സ്വന്തം റിപ്പോര്‍ട്ട് കാര്‍ഡല്ലേ നല്‍കുന്നതെന്നും മോദി ചോദിച്ചു. പാക്കിസ്ഥാന്‍ സേന ഭീകരര്‍ക്ക് കവചം നല്കുന്നതു പോലെ പ്രതിപക്ഷം കള്ളപ്പണക്കാര്‍ക്ക് രക്ഷാകവചം തീര്‍ക്കുകയാണെന്നും നരേന്ദ്ര മോദി ആരോപിച്ചു.

കൈക്കൂലി വാങ്ങിയോ എന്ന ചോദ്യത്തിന് എന്തുകൊണ്ട് നരേന്ദ്ര മോദി ഉത്തരം നല്‍കുന്നില്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. സഹാറ കുറിപ്പുകളില്‍ മന്ത്രി രവിശങ്കര്‍ പ്രസാദ് കോണ്‍ഗ്രസ് നേതാക്കളായ ദ്വിഗ് വിജയ് സിംഗ, സല്‍മാന്‍ ഖുര്‍ഷിദ്, ഷീലാ ദീക്ഷിത് തുടങ്ങി പല നേതാക്കളുടെയും പേരുകള്‍ ഉണ്ട്. ദാദാ എന്ന് രേഖപ്പെടുത്തിയത് ഇപ്പോള്‍ ഉന്നത പദവിയില്‍ ഇരിക്കുന്ന ഒരു വ്യക്തിയെ ഉദ്ദേശിച്ചാണെന്നും സംശയിക്കുന്നു. അതേസമയം വെറുമൊരു ഷീറ്റില്‍ കുറെ പേരുകള്‍ രേഖപ്പെടുത്തിയതല്ലാതെ പണം നല്‍കിയതിന് ഒരു തെളിവുമില്ലെന്നും ഇത് കെട്ടിച്ചമച്ചതായിരിക്കാമെന്നുമാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം.

click me!