മറ്റത്തൂരിലെ കൂറുമാറ്റത്തിൽ തെറ്റ് പറ്റിയെന്ന് കാണിച്ച് ഡിസിസി പ്രസിഡന്റിന് വിമത മെമ്പറുടെ കത്ത്.
തൃശ്ശൂർ: മറ്റത്തൂരിലെ കൂറുമാറ്റത്തിൽ തെറ്റ് പറ്റിയെന്ന് കാണിച്ച് ഡിസിസി പ്രസിഡന്റിന് വിമത മെമ്പറുടെ കത്ത്. 23ാം വാർഡ് അംഗമായ അക്ഷയ് സന്തോഷാണ് കത്ത് നൽകിയത്. പാർട്ടിയിൽ തിരിച്ചെടുക്കണമെന്നുമാണ് ആവശ്യം. ഡിസിസി ജനറൽ സെക്രട്ടറി ചന്ദ്രന്റെ നിർദേശപ്രകാരമാണ് രാജിവെച്ചതെന്നും അക്ഷയ് പറയുന്നു. പുതിയ മെമ്പർ എന്ന നിലയിൽ വീഴ്ച പറ്റി. പാർട്ടിയിലെ എല്ലാ തീരുമാനങ്ങൾക്കും നിർദ്ദേശങ്ങൾക്കും അനുസരിച്ച് പ്രവർത്തിക്കും. ബിജെപിയുടെ പിന്തുണയോടെ ഭരണം പിടിക്കാം എന്ന് ടി എൻ ചന്ദ്രൻ പറഞ്ഞതായും കത്തിൽ പരാമര്‍ശിക്കുന്നുണ്ട്.
ഇതിൽ പറയുന്ന പ്രധാനപ്പെട്ട കാര്യം ബിജെപി അംഗങ്ങള്‍ക്ക് പിന്തുണ നൽകണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി ടിഎൻ ചന്ദ്രനും മണ്ഡലം പ്രസിഡന്‍റ് ഷാഫി കല്ലൂപ്പറമ്പനും നൽകിയ നിര്‍ദേശ പ്രകാരമാണ് പാര്‍ട്ടിയിൽ നിന്നും രാജിവെച്ച് ബിജെപിക്ക് പിന്തുണ നൽകിയത് എന്നാണ്. തനിക്ക് തെറ്റുപറ്റിയെന്നും ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിൽ തുടര്‍ന്ന് പ്രവര്‍ത്തിക്കാനാണ് താത്പര്യമെന്നും അക്ഷയ് സന്തോഷ് കത്തിൽ പറയുന്നു. ടി എൻ ചന്ദ്രനാണ് മറ്റത്തൂരിലെ കൂറുമാറ്റത്തിന് ചുക്കാൻ പിടിച്ച കോണ്‍ഗ്രസ് നേതാവ്. ചന്ദ്രൻ പിന്നീട് പറഞ്ഞത് ബിജെപിയുമായി യാതൊരു തരത്തിലുള്ള ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ഇതൊരു പ്ലാൻഡ് ഓപ്പറേഷൻ അല്ല എന്നുമായിരുന്നു. ബിജെപി ഞങ്ങള്‍ നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ടിഎൻ ചന്ദ്രൻ ഉയര്‍ത്തിയ പ്രധാന വാദം. എന്നാൽ ഈ വാദങ്ങളെയെല്ലാം തള്ളുന്നതാണ് അക്ഷയ് സന്തോഷ് ഇപ്പോള്‍ നൽകിയിരിക്കുന്ന കത്തിന്‍റെ ഉള്ളടക്കം.


