
ദില്ലി/ലക്‌നൗ: ഉത്തര്‍പ്രദേശിലെ നിലവിലെ സ്ഥിതിഗതികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അതൃപ്തി അറിയിച്ചതായി സൂചന.
ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പുകളിലുണ്ടായ പരാജയത്തെക്കുറിച്ചും, യുപിയിലെ ദളിത് എംപിമാര്‍ സംസ്ഥാനനേതൃത്വത്തിനെതിരെ ഉന്നയിച്ച പരാതികളിലും മോദിയും ഷായും ആദിത്യനാഥില്‍ നിന്ന് വിശദീകരണം തേടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ശനിയാഴ്ച്ചയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ദില്ലിയിലെത്തി പ്രധാനമന്ത്രിയേയും പാര്‍ട്ടി അധ്യക്ഷനേയും നേരില്‍ കണ്ടത്. സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികളില്‍ അതൃപ്തി അറിയിച്ച ഇരുവരും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കാര്യക്ഷമമായി ഇടപെടണമെന്ന് ആദിത്യനാഥിനോട് ആവശ്യപ്പെട്ടതായാണ് വിവരം.
വരുന്ന ഏപ്രില്‍ 11-ന് അമിത് ഷാ യുപി സന്ദര്‍ശിക്കുമ്പോള്‍ ഇതു സംബന്ധിച്ച കൂടുതല്‍ നടപടികളുണ്ടായേക്കും. ആര്‍എസ്എസ് നേതാക്കളായ കൃഷണഗോപാല്‍, ദത്താത്രേയ ഹൊസബല്ല എന്നിവര്‍ യുപിയില്‍ നടത്തിയ ത്രിദിന സന്ദര്‍ശനത്തിന് പിന്നാലെയാണ് യുപി സര്‍ക്കാരിനോടും പാര്‍ട്ടി നേതൃത്വത്തോടും ശക്തമായ നടപടികളെടുക്കാന്‍ കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.
ഉന്നതനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം യുപിയിലെത്തിയ കൃഷ്ണഗോപാലും, ഹൊസബല്ലയും ഉപമുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, ബിജെപി നേതാക്കള്‍, ആര്‍എസ്എസ് നേതാക്കള്‍ തുടങ്ങിയവരെ കണ്ട് അഭിപ്രായം ശേഖരിച്ചിരുന്നു. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുക്കാന്‍ ആദിത്യനാഥിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ആദിത്യനാഥിന്റേത് കേവലം സൗഹൃദസന്ദര്‍ശനമല്ലെന്നും വരുംദിവസങ്ങളില്‍ സംസ്ഥാന സര്‍ക്കാരിലും പാര്‍ട്ടി നേതൃത്വത്തിലും കാര്യമായ അഴിച്ചു പണിക്ക് സാധ്യതയുണ്ടെന്നുമാണ് ദില്ലിയില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍. എസ്.പിയും ബിഎസ്പിയും കൈകോര്‍ക്കുകയും സംസ്ഥാനത്തെ ദളിത്-മുസ്ലീം വിഭാഗങ്ങളില്‍ പാര്‍ട്ടിക്കെതിരായ വികാരം ശക്തമാക്കുകയും ചെയ്ത സാഹചര്യത്തില്‍ യുപിയില്‍ ശക്തമായ ഇടപെടലുകള്‍ വേണമെന്നാണ് ആര്‍എസ്എസ് നേതൃത്വം അമിത്ഷായോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam