തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ് ഗുജറാത്തില്‍ 1140 കോടിയുടെ പദ്ധതികളുമായി മോദി

By Web DeskFirst Published Oct 22, 2017, 4:57 PM IST
Highlights

ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ 1140 കോടിയുടെ വികസനപദ്ധതി പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പര്യടനം. വിശാല സഖ്യത്തിനായി ശ്രമിക്കുന്ന കോണ്‍ഗ്രസ്, ചടുലമായ രാഷ്‌ട്രീയ നീക്കങ്ങള്‍ നടത്തുകയാണ്. അതേസമയം ഹാര്‍ദിക് പട്ടേലിന്റെ രണ്ട് അടുത്ത അനുയായികള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.

ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം ദിവസങ്ങള്‍ക്കകം എത്താനിരിക്കെ വന്‍ രാഷ്‌ട്രീയ നീക്കങ്ങളാണ് കോണ്‍ഗ്രസും ബി.ജെ.പിയും നടത്തുന്നത്. ഈമാസം മൂന്നാം തവണ ഗുജറാത്തിലെത്തിയ മോദി,  കേന്ദ്രസര്‍ക്കാരിന്റെ 11,40 കോടിയുടെ പദ്ധതി പ്രഖ്യാപനങ്ങള്‍ നടത്തുകയാണ്.  ഭാവ്നഗറിലെ ഗോഗയ്‌ക്കും ബറൂച്ചിലെ ദഹേജിനുമിടയിലുള്ള 615 കോടി രൂപയുടെ റോ-റോ കടത്തു സര്‍വീസിന്റെ ആദ്യഘട്ട ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വ്വഹിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പ് തീയതി പ്രഖ്യാപിക്കുന്നത് വൈകിപ്പിച്ചത് മോദിക്ക് പദ്ധതി പ്രഖ്യാപനങ്ങള്‍ നടത്താന്‍വേണ്ടിയാണെന്ന കോണ്‍ഗ്രസ് ആരോപണത്തിനിടെയാണ് പ്രധാനമന്ത്രിയുടെ പരിപാടി.

ഗുജറാത്തില്‍ ബി.ജെ.പി സര്‍ക്കാരിനെതിരായ സംവരണ സമരം നയിച്ച പട്ടേല്‍ വിഭാഗത്തെയും ഒ.ബി.സി സമുദായങ്ങളേയും ജിഗ്നേഷ് മെവാനി അടക്കമുള്ള ദളിത് നേതാക്കളെയും ഒപ്പം കൂട്ടാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ദളിത് ആദിവാസി ഐക്യനേതാവ് അല്‍പേഷ് ഠാക്കൂറും അനുയായികളും നാളെ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസില്‍ ചേരും. ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും എതിര്‍ക്കുന്ന ഹാര്‍ദിക് പട്ടേല്‍ കൃത്യമായ രാഷ്‌ട്രീയ നിലപാട് വ്യക്തമാക്കിയിട്ടില്ല. അതേസമയം ഹാര്‍ദികിന്റെ അടുത്ത അനുയായികളായിരുന്നു രേഷ്മ പട്ടേലും വരുണ്‍ പട്ടേലും അമിത് ഷായുമായി ചര്‍ച്ച നടത്തി ബി.ജെ.പിയില്‍ ചേര്‍ന്നു. 

click me!