മോദിക്ക് കനേഡിയന്‍ പ്രധാനമന്ത്രിയോട് എന്താണ് കലിപ്പ്.!

By Web DeskFirst Published Feb 19, 2018, 6:42 PM IST
Highlights

ഗാന്ധിനഗര്‍: ഗുജറാത്ത് സന്ദര്‍ശിക്കുന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ അവഗണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലാദ്യമായി ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന ജസ്റ്റിന്‍ ട്രൂഡോയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതു വരെ കാണാന്‍ തയ്യാറായിട്ടില്ല. മോദിയുടെ സ്വദേശമായ ഗുജറാത്തിലെത്തുന്ന രാഷ്ട്രതലവന്മാരെ അനുഗമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ജസ്റ്റിന്‍ ട്രൂഡോയെ അനുഗമിക്കാത്തതിന്റെ കാരണം വ്യക്തമല്ല.

ശനിയാഴ്ച രാത്രി ദില്ലിയില്‍ എത്തിയ ജസ്റ്റിന്‍ ട്രൂഡോയെ കേന്ദ്രകാര്‍ഷിക സഹമന്ത്രി ഗജേന്ദ്ര  ഷെഖാവത്താണ് സ്വീകരിച്ചത്. ജസ്റ്റിന്‍ ട്രൂഡോ താജ് മഹല്‍ സന്ദര്‍ശിക്കുന്നതിനു വേണ്ടി യുപിലെത്തിയ അവസരത്തില്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി യോഗി ആദത്യനാഥും എത്തിയിരുന്നില്ല.

2016 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കാനഡ സന്ദര്‍ശിച്ചപ്പോള്‍ ട്രൂഡോ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ എത്തിയിരുന്നില്ല. മോദി ദില്ലി വിമാനത്താവളത്തില്‍ ജസ്റ്റിന്‍ ട്രൂഡോയെ സ്വീകരിക്കാന്‍ എത്താതില്‍ പ്രോട്ടോക്കോള്‍ വീഴ്ചയില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ട്വിറ്ററില്‍ സജീവമായ നരേന്ദ്ര മോദി ഇതുവരെ കനേഡിയന്‍ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ട്വീറ്റ് പോലും ചെയ്തില്ലെന്നതും ശ്രദ്ധേയമാണ്.

2014 ല്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, 2017 ല്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ, 2018 ല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവര്‍ ഗുജറാത്ത് സന്ദര്‍ശിച്ച വേളയില്‍ മോദി ഒപ്പമുണ്ടായിരുന്നു. വലിയ റോഡ്‌ഷോ നടത്തിയാണ് ഇവരെ മോദി ഗുജറാത്തിലേക്ക് സ്വാഗതം ചെയ്തത്.

click me!