
ഗ്യാംഗ്ടോക്: സിക്കിമിലെ പാക്യോംഗ് വിമാനത്താവള ഉദ്ഘാടനത്തിനായുള്ള യാത്രയിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിനിടെ താന്‍ പകര്‍ത്തിയ ചില ആകാശ ദൃശ്യങ്ങള്‍ മോദി ട്വിറ്ററിലൂടെ പങ്കുവച്ചു. സ്വച്ഛവും മനോഹരവുമെന്നാണ് കാഴ്ചയെ മോദി വിശേഷിപ്പിച്ചത്. ഒപ്പം ഇന്‍ക്രഡിബിള്‍ ഇന്ത്യ എന്ന ഹാഷ്ടാഗും ഫോട്ടോയ്ക്കൊപ്പം അദ്ദേഹം നല്‍കി.
ഇന്ത്യന്‍ ടൂറിസത്തിന്‍റെ ടാഗ്‍ലൈനാണ് ഇന്‍ക്രഡിബിള്‍ ഇന്ത്യ എന്നത്. എംഐ -8 ഫെലികോപ്റ്ററിലാണ് മോദി സിക്കിമിലെത്തിയത്. സിക്കിം മുഖ്യമന്ത്രി പവന്‍ ചാംലിംഗ് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ആര്‍മി ഹെലിപ്പാഡില്‍ എത്തിയിരുന്നു.
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിന്ന് 60 കി.മീ മാത്രം അകലെ സ്ഥിതി ചെയ്യുന്ന പാക്യോംഗ് വിമാനത്താവളം പ്രതിരോധ രംഗത്തും ഇന്ത്യയ്ക്ക് നിര്‍ണായകമുന്‍തൂക്കം നല്‍കുന്നുണ്ട്. ഇന്ത്യന്‍ വ്യോമസേനയുടെ വിവിധ വിമാനങ്ങള്‍ക്ക് ഇവിടെ ഇറങ്ങാന്‍ സാധിക്കും. നേരത്തെ വ്യോമസേനയുടെ ഡ്രോണിയര്‍ 228 വിമാനം ഇവിടെ ലാന്‍ഡ് ചെയ്തിരുന്നു.
വിമാനത്താവളം പ്രവര്‍ത്തനസജ്ജമാക്കുന്നതോടെ സിക്കിമിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കാര്യമായ പുരോഗതിയുണ്ടാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് സിക്കിം. നേരത്തെ സിക്കിമിലെത്താന്‍ സഞ്ചാരികള്‍ പശ്ചിമ ബംഗാളിലെ ഭഗ്ദോര വിമാനത്താവളമാണ് ഉപയോഗിച്ചിരുന്നത്.
പാക്യോംഗ് മലനിരകള്‍ക്കിടയില്‍ അതീവ സാഹസികമായാണ് വിമാനത്താവളം പണി കഴിപ്പിച്ചിരിക്കുന്നത്. 4500 അടി ഉയരത്തിലാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. 605 കോടി രൂപയാണ് വിമാനത്താവളത്തിന്‍റെ നിര്‍മ്മാണചെലവ്. 30 മീറ്റര്‍ വീതിയില്‍ 1.75 കിമീ നീളമുള്ള റണ്‍വേയാണ് വിമാനത്താവളത്തിനുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam