
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുളള രൂപസാദൃശ്യം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ താരമായ പയ്യന്നൂർ സ്വദേശി മഠത്തില്‍ രാമചന്ദ്രന്‍ ഒടുവില്‍ തന്റെ അപരത്വം ഉപേക്ഷിക്കാനൊരുങ്ങുന്നു. നരേന്ദ്ര മോദിയുടെ രൂപം തനിക്ക് പുലിവാലാകുമെന്ന് കണ്ടാണ് രാമചന്ദ്രന്‍ ഒടുവില്‍ 'മോഡി താടി' വടിക്കാൻ ഒരുങ്ങുന്നത്. അടുത്ത ആഴ്ച തന്നെ താടി വടിക്കുമെന്നാണ് രാമചന്ദ്രന്റെ പ്രഖ്യാപനം. മോദിയുടെ അപരനെന്ന നിലയില്‍ തന്നെക്കുറിച്ചുളള വർത്തമാനങ്ങൾ അതിരുകടക്കുന്നതിലും സ്വകാര്യത നഷ്ടമാകുന്നതിലുമാണ് രാമചന്ദ്രന് പ്രധാനമായും പരിഭവം.
പൊതുജീവിതത്തിൽ ചില്ലറ തമാശകളൊക്കെ വേണമെന്നായിരുന്നു സോഷ്യൽ മീഡിയയിൽ വൈറലായ തന്റെ അപരന്റെ ചിത്രത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ മറുപടി.പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ രാമചന്ദ്രന്‍ നില്‍ക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.
പയ്യന്നൂരെത്തിയ മോദി ആരാണെന്നറിയാനുളള ആകാംക്ഷ തീർക്കാനാണ് നിന്നുകൊടുത്തതെങ്കിലും അതിനുശേഷം രാമചന്ദ്രന്റെ ഫോണിന് വിശ്രമമില്ല. അപ്രതീക്ഷിതമായി വന്ന പ്രശസ്തി ആദ്യമൊക്കെ ആസ്വദിച്ചെങ്കിലും മഠത്തില്‍ രമചന്ദ്രന്‍ ഇപ്പോള്‍ പറയുന്നത് തമാശയൊക്കെ മതിയായെന്നാണ്.ട്വിറ്ററിൽ തന്റെ ചിത്രത്തിന്റെ പേരിൽ ട്രോൾ ഗ്രൂപ്പിനെതിരെ കേസായതായും ഇതിനിടെ കേട്ടു. സ്വകാര്യത പോയി, പുറത്തിറങ്ങിയാൽ പടമെടുക്കാനെത്തുന്നവരുടെ തിരക്കായി.
ഇതില്‍ നിന്നെല്ലാം രക്ഷപ്പെടാൻ ആകെയൊരു വഴിയേ ഉളളൂ, ഈ താടി അങ്ങ് വടിച്ച് അപരത്വം ഉപേക്ഷിക്കുക. ഒപ്പം മോദിയില്‍ നിന്ന് വ്യത്യസ്തനാവാനായി യാത്രകളും അവസാനിപ്പിക്കുകയാണ് രാമചന്ദ്രന്‍. അപ്പോൾ ഇനിയാരും മോദിയുടെ അപരനെത്തേടി പയ്യന്നൂരിലേക്ക് വരേണ്ടതില്ലെന്ന് ചുരുക്കം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam