തെരഞ്ഞെടുപ്പ് വിജയം വികസനത്തിനും നല്ല ഭരണത്തിനുമുളള അംഗീകാരമെന്ന് മോദി

By Web DeskFirst Published Dec 18, 2017, 4:07 PM IST
Highlights

ദില്ലി: ഗുജറാത്തിലെയും ഹിമാചലിലെയും വിജയം വികസനത്തിനും നല്ല ഭരണത്തിനുമുളള അംഗീകാരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.  ഈ സംസ്ഥാനങ്ങളിൽ ബിജെപി പ്രവർത്തകർ നടത്തിയ കഠിനാധ്വാനത്തെ സല്യൂട്ട് ചെയ്യുന്നു. അവരുടെ ശ്രമങ്ങളാണ് പാർട്ടിയുടെ വലിയ വിജയത്തിനു കാരണമായതെന്നും മോദി പറഞ്ഞു.

ബിജെപിയിൽ വിശ്വാസമർപ്പിച്ച ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും ജനങ്ങള്‍ക്കു മുൻപിൽ തലകുമ്പിടുകയാണ്. ജനോപകാരപ്രദമായ വികസനം നടത്തുമെന്ന് നിങ്ങൾക്ക് ഉറപ്പുനൽകുന്നു. നിങ്ങൾക്കായി അക്ഷീണം പരിശ്രമിക്കുമെന്നും മോദി വ്യക്തമാക്കി. കൂടാതെ ബിജെപി പ്രവര്‍ത്തകര്‍ക്ക് മോദി നന്ദി അറിയിച്ചു.  ട്വിറ്ററിലൂടെയായിരുന്നു മോദി ഇക്കാര്യം അറിയിച്ചത്. 

ഗുജറാത്തില്‍ തുടര്‍ച്ചയായ ആറാം തവണയും ഭരണം നിലനിര്‍ത്തിയ ബിജെപി ഹിമാചല്‍ കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്തു. പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ സാധിച്ചില്ലെ‍ങ്കിലും 100 സീറ്റുകളില്‍ വ്യക്തമായ ഭൂരിപക്ഷവുമായാണ് ബിജെപി ഗുജറാത്തില്‍ ഭരണം ഉറപ്പിച്ചത്. 79  സീറ്റുകളില്‍ ജയിക്കാനുള്ള വ്യക്തമായ ഭൂരിപക്ഷം കോണ്‍ഗ്രസിനുമുണ്ട്. ഹിമാചലില്‍ നേരത്തെ 26 സീറ്റുകളില്‍ ഒതുങ്ങി നിന്ന ബിജെപിക്ക് 44 സീറ്റുകളുമായി മികച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചു.

വോട്ടിങ് ശതമാനം വര്‍ധിപ്പിക്കാനും ബിജെപിക്ക് കഴിഞ്ഞു. കോണ്‍ഗ്രസ് 36 സീറ്റില്‍ നിന്ന് 21-ലേക്ക് ഒതുങ്ങി. അതേസമയം  ഹിമാചലില്‍  ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രേംകുമാർ ദൂമല്‍ തോറ്റത് ബിജെപിക്ക് തിരിച്ചടിയായി.


 

click me!