
ദില്ലി: ഗുജറാത്തിൽ തോറ്റെങ്കിലും 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയെ വെല്ലുവിളിക്കാൻ കരുത്തുണ്ടെന്ന് തെളിയിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി . അന്തര്‍മുഖനും സ്ഥിരതയില്ലാത്ത നേതാവുമെന്ന പ്രതിച്ഛായയിൽ നിന്ന്, സ്ഥിരതയോടെ കടന്നാക്രമണത്തിലേയ്ക്ക് മാറുന്ന പക്വതയാര്‍ന്ന പോരാളിയെന്ന പ്രതീതി സൃഷ്ടിക്കുകയാണ് രാഹുൽ.
പുലിമടയിൽ ചെന്ന് പുലിയെ വെല്ലുവിളിക്കുക. കോണ്‍ഗ്രസിന്‍റെ യുദ്ധമുറി മെനഞ്ഞ തിരഞ്ഞെടുപ്പ് തന്ത്രം തന്‍റെ കുറുവുകള്‍ ഒട്ടൊക്കെ മറികടന്ന് രാഹുൽ ഗാന്ധി ഗുജറാത്തിൽ നടപ്പാക്കി. ജി.എസ്.ടി.യും നോട്ട് നിരോധനവും പ്രചാരണ വിഷയമാക്കിയ രാഹുൽ മര്‍മം അറിഞ്ഞ് മോദിയുമായി പോരാടി. കുറിക്ക് കൊള്ളുന്ന ട്വീറ്റുകളും, ജിഎസ്ടിയെ ഗബ്ബാര്‍ സിംഗ് ടാക്സ് എന്ന് പരിഹസിച്ച രീതിയിലുള്ള പ്രസംഗങ്ങളും ആ ഇമേജ് ഉയര്‍ത്തി.
ഗുജറാത്തിലെ മോദി വിരുദ്ധ ഘടകങ്ങളെയെല്ലാം ഏകോപിപ്പിച്ചു. ഹാര്‍ദിക് പട്ടേലും അല്‍പേഷ് ഠാക്കൂറും ജിഗ്നേഷ് മേവാനിയുമായി കൈകോര്‍ത്തു . ദുര്‍ബലമായ കോണ്‍ഗ്രസ് സംഘടനാ ബലം മറികടക്കാനായിരുന്നു ഈ സോഷ്യൽ എന്‍ജീനീയറിങ്. ഉത്തര്‍പ്രദേശിലെ കനത്ത തിരിച്ചടിക്ക് ശേഷം ഗുജറാത്തിലെത്തിയ രാഹുലും കോണ്‍ഗ്രസും മൃദു ഹിന്ദുത്വ സമീപനത്തിലേയ്ക്ക് അടവു മാറ്റി. പ്രചാരണത്തിന്‍റെ മിക്കവാറും ഘട്ടങ്ങളിൽ അജണ്ട നിശ്ചിയിക്കാനും രാഹുലിനായി.
വിറപ്പിച്ചെങ്കിലും മോദിയെന്ന പുലിയെ വീഴ്ത്താൻ രാഹുലിന് ഇനിയും ഏറെ ദുരം മൂന്നോട്ട് പോകണം .മോദിക്കൊപ്പം ഓടിയെങ്കിലും ഫിനിഷിങ് പോയിന്‍റെ വരെ വേഗം നിലനിര്‍ത്താൻ രാഹുലിന് ആയില്ല. അതിനുള്ള ശക്തി സമാഹരിക്കാൻ ദുര്‍ബലമായി പാര്‍ട്ടിയെ അടിത്തട്ടുമുതൽ കരുത്തുള്ളതാക്കണം. ജനങ്ങളുടെയും ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളുടെയും വിശ്വാസം ആര്‍ജ്ജിക്കാനുള്ള നടപടികളും വേണ്ടി വരും. സ്ഥിരതയില്ലാത്തയാളെന്ന പേരുദോഷം മാറ്റണം. എന്നാലെ ഗുജറാത്ത് നല്‍കിയ ആത്മവിശ്വാസം മുതലാക്കി 2019 ൽ രാഹുലിന് മോദിയെ പോരിന് വിളിക്കാനാകൂ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam