മോദിയുടെ ശക്തമായ പിന്തുണ; ഹരിയാന മുഖ്യമന്ത്രി രാജിവക്കില്ല

By Web DeskFirst Published Aug 26, 2017, 6:36 PM IST
Highlights

ന്യൂ‍ഡല്‍ഹി: ഹരിയാനയിലെ വ്യാപക അക്രമസംഭവങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്‍റെ രാജിയ്ക്കായി മുറവിളി ശക്തമാണെങ്കിലും അദ്ദേഹം സ്ഥാനത്ത് തുടരുമെന്ന്  ഉറപ്പായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശക്തമായ പിന്തുണയാണ് ഇതിന് പ്രധാന കാരണം. ഇതിനിടെ, ശിക്ഷ വിധിക്കുന്ന തിങ്കളാഴ്ച റാം റഹീമിനെ വീഡിയോ കോണ്‍ഫറന്സിലൂടെ കോടതിയില്‍ ഹാജരാക്കിയാല്‍ മതിയെന്ന് പൊലീസ് തീരുമാനിച്ചു

മൂന്ന് സംസ്ഥാനങ്ങളിലേക്ക് വരെ വ്യാപിച്ച കലാപത്തിന്‍റെ ധാര്‍മിക ഉത്തരവാദിത്തം  ഏറ്റെടുത്ത് മുഖ്യമന്ത്രി മനോഹര് ലാല്‍ ഖട്ടാര്‍ രാജിവെക്കണം എന്ന ആവശ്യം ശക്തമാണ്. എന്നാല്‍ അക്രമത്തിന്‍റെ പേരില്‍ ഖട്ടാര്‍ രാജിവെക്കേണ്ടതില്ലെന്നാണ് ബിജെപി നേതൃത്വം പറയുന്നത്.മുഖ്യമന്ത്രി മാത്രം വിചാരിച്ചാല് നേരിടാന്‍ കഴിയാവുന്ന സാചര്യമായിരുന്നില്ല പഞ്ചകുളയില്‍ ഉണ്ടായിരുന്നത്.മാത്രമല്ല അക്രമം പൊട്ടിപ്പറപ്പെട്ട് മൂന്ന് മണിക്കൂറിനകം സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.എന്നാല് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അടുത്ത ബന്ധമാണ് ഖട്ടാറിന്‍റെ മുഖ്യമന്ത്രി പദം സുരക്ഷിതമാക്കുന്നതെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം പറയുന്നു.

1996 ല്‍ ഹരിയാനയുടെ ചുമതലയുമായി നരേന്ദ്ര മോദി എത്തിയതു മുതല്‍ അദ്ദേഹവുമായി ഖട്ടാറിന് അടുത്ത ബന്ധമാണുള്ളത്. 2014 ല്‍ ഭരണം കിട്ടയപ്പോള്‍ മോദിയുടെ പിന്തുണയോടെ ഖട്ടാര്‍ അധികാരത്തിലെത്തുകയും ചെയ്തു. ബാബാ രാംപാലിന്‍റെ അറസ്ററുമായും ജാട്ട് പ്രക്ഷോഭമായും ബന്ധപ്പെട്ട് അക്രമപരന്പരകള്‍ അരങ്ങേറിയപ്പോഴും ഈ ബന്ധം തന്നെയാണ് ഖട്ടാറിന് തുണയായത്. ഇതിനിടെ കലാപത്തില്‍ പഞ്ച്ഗുളയിലെ നാട്ടുകാര് ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും മരിച്ചവരെല്ലാം റാം റഹീമിന്‍റെ അനുയായികളാണെന്നും ഹരിയാനാ ചീഫ് സെക്രട്ടറി ദേവീന്ദര്‍ സിംഗ് അറിയിച്ചു.

ഇതിനിടെ  അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന‍ റാം റഹീമിനെ തിങ്കളാഴ്ച വീഡിയോ കോണ‍്ഫറന്‍സ് വഴി  കോടതിയില്‍ ഹാജരാക്കാനാണ് ആലോചിക്കുന്നതെന്ന് ഹരിയാനാ ഡിജിപിബി എസ് സന്ധു  അറിയിച്ചു. ഇതിനായി കോടതിയുടെ അനുമതി തേടും.
ഖട്ടാറിന്‍റെ രാജിക്കായി മുറവിളി ശക്തം
 

click me!