മോദി പ്രഭാവം തുടരും; 2019ല്‍ മോദിയുടെ തിരിച്ചുവരവിന് സാധ്യതയേറി

By Web DeskFirst Published Mar 11, 2017, 8:41 AM IST
Highlights

ദില്ലി: ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ നരേന്ദ്ര മോദിയുടെ അപ്രമാദിത്വം ഏറെ നാള്‍ തുടരും എന്ന് ഉറപ്പാക്കുന്ന ജനവിധിയാണ് ഇന്ന് പുറത്തു വന്നിരിക്കുന്നത്. 2019ല്‍ മോദിയുടെ തിരിച്ചുവരവിനുള്ള സാധ്യത ഇരട്ടിയായി. നോട്ട് അസാധുവാക്കല്‍ പോലുള്ള കൂടുതല്‍ അപ്രതീക്ഷിത നടപടികള്‍ ഇനി പ്രതീക്ഷിക്കാം.
 
2014ല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കുമ്പോള്‍ ബിജെപിയില്‍ പാര്‍ട്ടിക്കു പുറത്ത് ഏറ്റവും ജനപ്രീതി കുറഞ്ഞ നേതാക്കളില്‍ ഒരാളായിരുന്നു നരേന്ദ്ര മോദി. അസാധാരണ പ്രചരണത്തിലൂടെയും കഠിനാദ്ധ്വാനത്തിലൂടെയും മോദി പെട്ടെന്ന് താരമായി. മോദി തരംഗം തന്നെ വോട്ടെടുപ്പില്‍ ദൃശ്യമായി. പ്രധാനമന്ത്രിയാകാനുള്ള സാധ്യത കുറവെന്ന നിരീക്ഷണമെല്ലാം തകര്‍ത്ത് വന്‍ഭൂരിപക്ഷത്തോടെ നരേന്ദ്ര മോദി പാര്‍ലമെന്റില്‍ എത്തി. ലട്ട്യന്‍സ് ദില്ലിയില്‍ താന്‍ ഉള്‍പ്പെടുന്നില്ലെന്നും വരുത്തനാണെന്നും വ്യക്തമാക്കി നരേന്ദ്ര മോദി സംവിധാനത്തിന് എതിരാണ് താനെന്ന പ്രതിച്ഛായ നിലനിര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ ബറാക്ക് ഒബാമയ്‌ക്കൊപ്പം നിന്നപ്പോള്‍ അണിഞ്ഞആ വിലകൂടിയ സ്യൂട്ടും വന്‍വ്യവസായികളുമായുള്ള ചിത്രങ്ങളും മോദിയുടെ പിഴവുകളായി.

പ്രതിപക്ഷം ഇത് ഉപയോഗിച്ചപ്പോള്‍ ദില്ലിയിലും പിന്നെ ബീഹാറിലും നരേന്ദ്ര മോദി പരാജയമറിഞ്ഞു. തെറ്റു മനസ്സിലാക്കി തിരുത്തിയ മോദിയെ ആണ് ഉത്തര്‍പ്രദേശില്‍ കാണാനായത്. നോട്ട് അസാധുവാക്കല്‍ ഒരു സാമ്പത്തിക വിഡ്ഢിത്തമായിരുന്നു എന്ന് ബിജെപി നേതാക്കളും സമ്മതിക്കും.എന്നാല്‍ ഗുജറാത്ത് കലാപത്തിന്റെ കറ മാറ്റി ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ധാര്‍മ്മിക ഇടം നേടാനുള്ള ഒരു മാസ്റ്റര്‍ സ്ട്രോക്ക് ആയിരുന്നു നവംബര്‍ എട്ടിലെ പ്രഖ്യാപനം എന്ന് വ്യക്തമാകുന്നു. കോണ്‍ഗ്രിനൊപ്പം നിന്ന ദരിദ്ര ജനവിഭാഗങ്ങളെയും സാധാരണക്കാരെയും തന്റെ പിന്നില്‍ അണിനിരത്താനും വര്‍ഗ്ഗവ്യത്യാസം മുതലെടുക്കാനും മോദിക്ക് ഒറ്റ തീരുമാനത്തിലൂടെ കഴിഞ്ഞു.

എല്ലാ തെരഞ്ഞെടുപ്പിലും ജനം മോദിക്കൊപ്പമാകുന്നു. ഇനിയും കടുത്തനടപടികള്‍ക്ക് മോദിക്ക് ഈ ജനവിധി അവസരം നല്‍കുന്നു. 2024 വരെയെങ്കിലും മോദിയുഗം തുടരുമെന്ന ഇത് വ്യക്തമായ സൂചനയാണ്. പാര്‍ട്ടിയില്‍ രണ്ട് വര്‍ഷത്തേക്ക് മോദി ചോദ്യം ചെയ്യപ്പെടില്ല. അമിത് ഷായുടെ സ്വാധീനം കൂടുന്നു. പാര്‍ട്ടിയിലെ രണ്ടാമന്‍ ആരെന്ന് ഇനി ഒരു സംശയമില്ല.

രാഷ്‌ട്രപതി ഉപരാഷ്‌ടപതി തെരഞ്ഞെടുപ്പുകളില്‍ വലിയ വെല്ലുവിളി ബിജെപി നേരിടാന്‍ ഇടയില്ല. നരേന്ദ്ര മോദി തീരുമാനിക്കുന്ന വ്യക്തി രാഷ്‌ടപതി സ്ഥാനത്തേക്ക് വരും. മന്ത്രിസഭയില്‍ ചില മാറ്റങ്ങള്‍ക്ക് മോദി ഈ അവസരം ഉപയോഗിക്കും. ബിജെപിക്ക് കാര്യമായ നേട്ടം നല്‍കാത്ത ഒഡീഷ. പശ്ചിമ ബംഗാള്‍, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ നീക്കങ്ങള്‍ക്കും ഈ ഫലം മോദിക്ക് കരുത്തു പകരും.

click me!