കൊലപാതകത്തിന് പിന്നാലെ ദേഷ്യമടങ്ങാതെ സ്വന്തം വിലാസത്തിൽ നിന്നാണ് 22 കാരൻ യുവതിയുടെ ഭർത്താവിന് താലി കൊറിയർ അയച്ച് നൽകിയത്

സേലം: ഭർത്താവുമായി അകന്ന് താമസിച്ചിരുന്ന 25കാരിയുമായി പ്രണയം. കൂടിക്കാഴ്ചയ്ക്കിടെ വന്ന ഫോൺ കോളിനെ ചൊല്ലിയുള്ള തർക്കത്തിനിടെ കാമുകിയെ കൊലപ്പെടുത്തി മൃതദേഹം കൊക്കയിൽ തള്ളി 22കാരൻ. 25കാരിയുടെ മാലയിൽ ഉണ്ടായിരുന്ന താലി വേർപിരിഞ്ഞ് കഴിഞ്ഞിരുന്ന ഭർത്താവിന് അയച്ച് നൽകിയും ക്രൂരത. തമിഴ്നാട്ടിലെ സേലത്താണ് സംഭവം. രണ്ട് കുട്ടികളുടെ അമ്മയായ 25കാരിയായ സുമതിയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ മൃതദേഹം യേർക്കാട് കുപ്പന്നൂർ ചുരത്തിൽ 300 അടി താഴ്ചയിൽ നിന്നുമാണ് കണ്ടെത്തിയത്. സംഭവത്തിൽ 22കാരനായ ജി വെങ്കടേഷ് അറസ്റ്റിലായി. ട്രെക്ക് ഡ്രൈവറായ ഷൺമുഖത്തിന്റെ ഭാര്യയാണ് കൊല്ലപ്പെട്ടത്. കുടുംബ പ്രശ്നങ്ങളേ തുടർന്ന് സുമതി രണ്ട് വർഷമായി തനിച്ചാണ് താമസം. ദമ്പതികളുടെ രണ്ട് മക്കൾ ഷൺമുഖനൊപ്പമാണ് കഴിഞ്ഞിരുന്നത്. ഏതാനും മാസങ്ങൾക്ക് മുൻപാണ് ഇൻസ്റ്റഗ്രാമിലൂടെ വെങ്കടേഷ് സുമതിയുമായി സൌഹൃദത്തിലാവുന്നത്. 

ചാക്കിൽ കെട്ടി മൃതദേഹം കൊക്കയിൽ തള്ളി 22കാരൻ

ഡിസംബർ 23 ന് യേർക്കാട് വച്ച് കാണാമെന്ന് ഇരുവരും തീരുമാനിച്ചിരുന്നു. ഈ കൂടിക്കാഴ്ചയ്ക്കിടെ ഫോൺ കോളിനെ ചൊല്ലിയുണ്ടായ തർക്കമാണ് 22കാരനെ പ്രകോപിപ്പിച്ചത്. സുമതിക്ക് വന്ന ഫോൺ കോൾ ആരുടേതാണെന്ന ചോദ്യത്തിന് 25കാരി കൃത്യമായി മറുപടി നൽകിയില്ല. ഇതിൽ പ്രകോപിതനായ വെങ്കടേഷ് യുവതിയെ ഷോൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം യുവതിയുടെ മൃതദേഹം ചാക്കിലാക്കി യേർക്കാട് ചുരത്തിൽ നിന്ന് താഴേക്ക് തള്ളിയിടുകയും ചെയ്തു.

സുമതിയുടെ മാലയിൽ നിന്ന് എടുത്ത താലി 22 കാരൻ ഷൺമുഖത്തിന് കൊറിയർ ആയി അയച്ച് നൽകുകയായിരുന്നു. വെങ്കടേഷിന്റെ വിലാസത്തിൽ നിന്ന് തന്നെയായിരുന്നു കൊറിയർ നൽകിയത്. താലി തിരിച്ചറിഞ്ഞ ഷൺമുഖം സുമതിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു സാധിക്കാതെ വന്നതോടെ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. കൊറിയറിലെ വിലാസത്തിൽ അന്വേഷിച്ചെത്തിയ പൊലീസിനോട് 22 കാരൻ സംഭവിച്ചത് വിശദമാക്കുകയായിരുന്നു. പിന്നാലെ മൃതദേഹം ചുരത്തിൽ നിന്ന് കണ്ടെത്തുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം