
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മോഹന്‍ലാല്‍ നല്‍കുമെന്ന് പറഞ്ഞ 25 ലക്ഷം രൂപ കൈമാറി. ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനം പുരോഗമിക്കവെ മോഹന്‍ലാല്‍ നേരിട്ടെത്തിയാണ് തുക കൈമാറിയത്. മാധ്യമപ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലായിരുന്നു തുക കൈമാറല്‍. 'ഇവരെല്ലാം ഇവിടെയുള്ളപ്പോള്‍ ഇവരുടെ മുന്നിലാവട്ടെ നിങ്ങള്‍ ഫണ്ട് തരുന്നത്' എന്നായിരുന്നു മോഹന്‍ലാലിനോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം. ആയിക്കോട്ടെ എന്ന് മോഹന്‍ലാലും മറുപടി പറഞ്ഞു.
വ്യക്തിയെന്ന നിലയിലുള്ള സഹായമാണ് നല്‍കിയതെന്നും സംഘടന എന്ന നിലയിലുള്ള 'അമ്മ'യുടെ കൂടുതല്‍ സഹായം പിന്നീട് നല്‍കുമെന്നും മോഹന്‍ലാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപയാണ് താരസംഘടനയായ 'അമ്മ' നേരത്തേ നല്‍കിയത്. 'അമ്മ'യുടെ സഹായം കുറഞ്ഞുപോയെന്ന വിമര്‍ശനങ്ങള്‍ക്കിടെ അത് ആദ്യഘട്ട സഹായമായിരുന്നുവെന്നും കൂടുതല്‍ സഹായം വൈകാതെ നല്‍കുമെന്നും സംഘടനയ്ക്കുവേണ്ടി തുക കൈമാറിയ മുകേഷും ജഗദീഷും പ്രതികരിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒട്ടേറെ താരങ്ങള്‍ വ്യക്തിപരമായ നിലയില്‍ സംഭാവനകള്‍ നല്‍കിയിരുന്നു. മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് 25 ലക്ഷം രൂപ ഇന്നലെ നല്‍കിയിരുന്നു. എറണാകുളം കളക്ടര്‍ മുഹമ്മദ് സഫിറുള്ളയ്ക്കാണ് തുക കൈമാറിയത്. കമല്‍ഹാസന്‍, അല്ലു അര്‍ജ്ജുന്‍ എന്നിവര്‍ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നല്‍കിയിരുന്നു. സൂര്യ, കാര്‍ത്തി എന്നിവര്‍ ചേര്‍ന്നും 25 ലക്ഷം സംഭാവന ചെയ്തിരുന്നു.
അതേസമയം പ്രളയ ദുരിതത്തെത്തുടര്‍ന്ന് ഇത്തവണത്തെ സര്‍ക്കാര്‍ ഓണാഘോഷം റദ്ദാക്കുന്നതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിനായി നീക്കിവച്ച തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും. സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം 8316 കോടിയുടെ നഷ്ടമാണ് കേരളം നേരിടുന്നത്. 20,000 വീടുകള്‍ തകര്‍ന്നു. അറുപതിനായിരത്തോളം കൃഷിയിടങ്ങള്‍ തകര്‍ച്ച നേരിട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam