ബിജെപി സമീപിച്ചു, പക്ഷേ മോഹന്‍ലാല്‍ മത്സരിക്കില്ലെന്ന് നിര്‍മ്മാതാവ് സുരേഷ് കുമാര്‍

By Web TeamFirst Published Feb 2, 2019, 9:06 PM IST
Highlights

രാഷ്ട്രീയപ്രവേശന അഭ്യൂഹങ്ങളെ കുറിച്ച് മോഹന്‍ലാലുമായി സംസാരിച്ചിരുന്നു. തത്കാലം രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. സിനിമയാണ് അദ്ദേഹത്തിന് എല്ലാം. അദ്ദേഹം സിനിമാ അഭിനയം തുടര്‍ന്നുകൊണ്ട് പോകുന്നതാണ് നല്ലതെന്നും സുരേഷ് കുമാര്‍ പറഞ്ഞു. 
 

തിരുവനന്തപുരം: നടന്‍ മോഹന്‍ലാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തുനിന്ന് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി സുഹൃത്തും നിര്‍മ്മാതാവുമായ സുരേഷ് കുമാര്‍. മോഹന്‍ലാലിന് അത്തരമൊരു താത്പര്യമില്ലെന്നും മത്സരിക്കില്ലെന്ന് ഉറപ്പാണെന്നും സുരേഷ് കുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു. മോഹന്‍ലാലിന് രാഷ്ട്രീയ നിലപാടുകളുണ്ടാകാം. എന്നാല്‍ അദ്ദേഹത്തിന് സിനിമയില്‍ തുടരാനാണ് താത്പര്യമെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി. 

രാഷ്ട്രീയപ്രവേശന അഭ്യൂഹങ്ങളെ കുറിച്ച് മോഹന്‍ലാലുമായി സംസാരിച്ചിരുന്നു. തത്കാലം രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.  സിനിമയാണ് അദ്ദേഹത്തിന് എല്ലാം. അദ്ദേഹം സിനിമാ അഭിനയം തുടര്‍ന്നുകൊണ്ട് പോകുന്നതാണ് നല്ലതെന്നും സുരേഷ് കുമാര്‍ പറഞ്ഞു. 

തിരുവനന്തപുരത്ത് മത്സരിക്കാന്‍ മോഹന്‍ലാലിനെ പരിഗണിക്കുന്നുണ്ടെന്ന ഒ രാജഗോപാല്‍ എം പി ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തോടും സുരേഷ് കുമാര്‍ പ്രതികരിച്ചു. '' മോഹന്‍ലാല്‍ മത്സരിക്കുമെന്ന് ആരെങ്കിലും രാജേട്ടനോട് പറഞ്ഞ് കാണും. എല്ലാവരും നോക്കുമല്ലോ. മോഹന്‍ലാലിനെപ്പോലെ ഒരു സ്ഥാനാര്‍ത്ഥിയെ കിട്ടാൻ ആരായാലും നോക്കുമല്ലോ '' - സുരേഷ് കുമാര്‍

Read more: മോഹൻലാൽ മത്സരിക്കണ്ട: ശക്തമായി പ്രതിഷേധിക്കുമെന്ന് ലാൽ ഫാൻസ് അസോസിയേഷൻ

മോഹൻലാൽ നില്‍ക്കുമോ എന്ന് പലരും തന്നോട് അന്വേഷിച്ചിരുന്നു. അത് അദ്ദേഹവുമായി ചര്‍ച്ച ചെയ്തപ്പോള്‍ താത്പര്യമില്ലെന്ന് പറയുകയും ചെയ്തു. എന്നാല്‍ അത്തരം ചോദ്യങ്ങള്‍ ഔദ്യോഗികമായിരുന്നില്ല. മോഹന്‍ലാലിനെ ആരും വലിച്ചിഴച്ചിട്ടില്ല. ആരും നിര്‍ബന്ധിച്ചിട്ടുമില്ല. മോഹന്‍ലാല്‍ നരേന്ദ്രമോദിയുടെ ആരാധകനൊന്നുമല്ല. ആര്‍ക്ക് വേണമെങ്കിലും പോയി മോദിയെ കാണാം. മോദിയെ കാണണമെന്ന് ലാലിന് ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹം പോയി കണ്ടു. നല്ലത് ചെയ്താല്‍ സര്‍ക്കാരിനെ പുകഴ്ത്തും. അതിന് മത്സരിക്കുന്നു എന്ന് അര്‍ത്ഥമില്ലെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി.  

click me!