
തിരുവനന്തപുരം: സർക്കാർ ഭൂമിയിലെ കൈയേറ്റമൊഴിപ്പിക്കാന്‍ റവന്യൂ വകുപ്പ് മോണിറ്ററിംഗ് സെൽ രൂപീകരിച്ചു. കയ്യേറ്റം സംബന്ധിച്ച പരാതിയോ മാധ്യമ റിപ്പോര്‍ട്ടുകളോ വന്നാല്‍ സ്ഥല പരിശോധന നടത്തി നടപടി സ്വീകരിക്കാന്‍ സെല്ലിന് അധികാരമുണ്ടാവും. കൈയേറ്റം ഒഴിപ്പിക്കാൻ സ്‌പെഷ്യൽ ഡ്രൈവ് നടത്താനും സെല്ലിനെ ചുമതലപ്പെടുത്തി.
ലാന്‍റ് റവന്യു കമ്മീഷണറും ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റിലെ ഒരു സംഘം ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നതാണ് മോണിറ്ററിംഗ് സെല്‍. സർക്കാർ ഭൂമി കൈയേറ്റം സംബന്ധിച്ച് ജില്ലാ കളക്ടർമാർ, തഹസിൽദാർമാർ എന്നിവരിൽ റിപ്പോർട്ട് തേടുകയും കൈയേറ്റം സമയബന്ധിതമായി ഒഴിപ്പിക്കുകയുമാണ് സെല്ലിന്‍റെ പ്രധാന ചുമതല.
സ്‌റ്റേ ഉത്തരവുകൾ ഒഴിപ്പിച്ചെടുക്കാനുള്ള ചുമതലയും സെല്ലിനാണ്. കോടതിയിൽ നിലനിൽക്കുന്ന കേസുകളിൽ സർക്കാര്‍ ഭാഗം വാദിക്കുന്നതും എതിര്‍സത്യവാങ്ങ്മൂലം ഫയൽ ചെയ്യുന്നതും സെല്ലിന്‍റെ ചുമതലയില്‍ വരും. സബ് കളക്ടർമാരുടെയും ആർ. ഡി. ഒ മാരുടെയും നേതൃത്വത്തിൽ സര്‍ക്കാര്‍ ഭൂമിയിയലെയും പുറന്പോക്ക് ഭൂമിയിലെയും പാതയോരത്തെയും കൈയ്യേറ്റം ഒഴിപ്പിക്കാന്‍ സ്പെഷ്യല്‍ നടത്താനും സെല്ലിന് ചുമലതല നല്‍കിയിട്ടുണ്ട്.
കോടതി ഇടപെടലുകൾ കാരണം ഒഴിപ്പിക്കാനാവാത്ത കൈയേറ്റങ്ങളെക്കുറിച്ചുള്ള വിവരം ജില്ലാ കളക്ടർമാർ ഉടനടി മോണിറ്ററിംഗ് സെല്ലിന് റിപ്പോർട്ട് ചെയ്യാനും നിർദ്ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റം അനന്തമായി നീണ്ടും പോകുന്ന സാഹചര്യത്തിലാണ് മോണിറ്ററിംഗ് സെല്‍ രൂപീകരിക്കാനുളള തിരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam