കേരളത്തില്‍ വ്യാപകമായ റൗണ്ടപ്പ് കളനാശിനിക്ക് എതിരെ കോടതി; 2000 കോടിരൂപ പിഴ ചുമത്തി

By Web TeamFirst Published Aug 11, 2018, 6:53 PM IST
Highlights

കേരളത്തിലടക്കം വ്യാപകമായി ഉപയോഗിക്കുന്ന റൗണ്ട് അപ്പ് എന്ന കീടനാശിനി കാന്‍സറിന് കാരണമാവുന്നതായി അമേരിക്കന്‍ കോടതിയുടെ കണ്ടെത്തല്‍. റൗണ്ട് അപ്പ് നിര്‍മ്മാതാക്കളായ മൊണ്‍സാന്‍റോ 2000 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു.  

വാഷിംഗ്ടണ്‍: കേരളത്തിലടക്കം വ്യാപകമായി ഉപയോഗിക്കുന്ന റൗണ്ട് അപ്പ് എന്ന കീടനാശിനി കാന്‍സറിന് കാരണമാവുന്നതായി അമേരിക്കന്‍ കോടതിയുടെ കണ്ടെത്തല്‍. റൗണ്ട് അപ്പ് നിര്‍മ്മാതാക്കളായ മൊണ്‍സാന്‍റോ 2000 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു.  

റൗണ്ട് അപ്പെന്ന പേരില്‍ അമേരിക്കന്‍ വിപണിയില്‍ വിറ്റഴിക്കുന്ന കളനാശിനി ക്യാന്‍സറിന് കാരണമായെന്നാണ് സാന്‍ഫ്രാന്‍സിസ്‌കോ കോടതിയുടെ കണ്ടെത്തല്‍. ഡിവെയ്ന്‍ ജോണ്‍സണ്‍ എന്ന ആളിന് ക്യാന്‍സര്‍ വരാന്‍ കാരണമായത് റൗണ്ട് അപ്പിന്റെ ഉപയോഗമാണെന്ന് തെളിഞ്ഞതായി വിധി പ്രസ്താവത്തില്‍ പറയുന്നു.  2000 കോടി രൂപ ജോണ്‍സണ് കമ്പനി നല്‍കാനാണ് കോടതി ഉത്തരവ്.

ഏറെ കാലമായി വാദപ്രതിവാദങ്ങള്‍ നടക്കുന്ന വിഷയത്തിലാണ് നിര്‍ണായക വിധി. റൗണ്ട് അപ്പ് ക്യാന്‍സറിന് കാരണമാകുമെന്ന് നേരത്തെ തന്നെ ശക്തമായ വാദങ്ങള്‍ ഉണ്ടായിരുന്നു. ഗ്ലൈഫോസേറ്റ് എന്ന രാസപദാര്‍ത്ഥമാണ് റൗണ്ട് അപ്പെന്ന പേരില്‍ മൊണ്‍സാന്‍റോ വിപണിയില്‍ എത്തിക്കുന്നത്. ഗ്ലൈഫോസേറ്റിന്റെ ക്യാന്‍സര്‍ സ്വഭാവത്തെക്കുറിച്ച് പല പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍  ഈ വാദങ്ങളെല്ലാം തള്ളുന്ന നിലപാടാണ് അമേരിക്കയിലെ വമ്പന്‍ കമ്പനിയായ മൊണ്‍സാന്റോ ഇതുവരെ സ്വീകരിച്ചത്.  

ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന രക്താര്‍ബുദമാണ് ലിംഫോമ. ഹോഡ്ഗിന്‍ ലിംഫോമ എന്നറിയപ്പെടുന്ന രക്താര്‍ബുര്‍ദത്തിന് ഗ്ലൈഫോസേറ്റ് കാരണമാകുമെന്നാണ് പല പഠനങ്ങളും പറയുന്നത്. ഇതേ അസുഖമാണ് പരാതിക്കാരനായ ഡിവെയ്ന്‍ ജോണ്‍സണെനെയും ബാധിച്ചത്.  സ്ഥിരമായി ഉപയോഗിച്ച കളനാശിനിയാണ് ക്യാന്‍സറിന് കാരണമായതെന്നാണ് ജോണ്‍സന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. 

സമാനമായ അയ്യായിരത്തിലധികം കേസുകളാണ് അമേരിക്കന്‍ കോടതികളില്‍ ഉള്ളത്. സാന്‍ഫ്രാന്‍സിസ്‌കോ ജൂറിയുടെ വിധി വലിയ പ്രത്യാഘാതമാകും കമ്പനിക്ക് ഉണ്ടാക്കുക. എന്നാല്‍ ഗ്ലൈഫോസേറ്റ് ക്യാന്‍സറിന് കാരണമാകുമെന്ന കണ്ടെത്തല്‍ മൊണ്‍സാന്‍േറാ തള്ളിക്കളയുകയാണ്. ജൂറി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നാണ് കമ്പനി അധികൃതരുടെ പ്രതികരണം. വ്യാപക പ്രചാരണത്തിനിടെ എന്‍ഡോസള്‍ഫാന്‍ കീടനാശിനി ഉപയോഗം കുറഞ്ഞ ഒഴിവിലാണ് കേരളത്തില്‍ റൗണ്ട് അപ്പ് ഉപയോഗം വ്യാപകമായത്. മാരകമായ കളനാശിനിയാണ് ഇതെന്ന രീതിയില്‍ റിപ്പോര്‍ട്ടുകളുണ്ടെങ്കിലും കേരളത്തിലടക്കം ഇതിന് വിലക്കുകളില്ല. പ്ലാറ്റ്‌ഫോമിലെ പുല്ലുകള്‍ നശിപ്പിക്കുന്നതിന് റെയില്‍വേ റൗണ്ട് അപ്പ് വ്യാപകമയി ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 


 

click me!