കാലവര്‍ഷം നാല് ദിവസത്തിനകം; ഇത്തവണ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

By Web DeskFirst Published Jun 3, 2016, 2:24 AM IST
Highlights

എൽ നിനോ പ്രതിഭാസം വില്ലനായപ്പോൾ കഴിഞ്ഞ തവണ കാലവർഷം 88 ശതമാനമായി കുറഞ്ഞിരുന്നു. എന്നാൽ എൽ നിനോയ്ക്ക് പകരം ലാ നിനാ പ്രതിഭാസം മൂലം ഇത്തവണ ദേശീയതലത്തിൽ പ്രതീക്ഷിച്ചതിലും കൂടുതൽ മഴ കിട്ടുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്‍റെ പ്രതീക്ഷ. ജൂലൈയിൽ ശരാശരി 107 ശതമാനവും ആഗസ്റ്റിൽ 104 ശതമാനവും മഴ ലഭിയ്ക്കും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കാലവർഷം ശക്തിപ്പെടും. 113 ശതമാനം മഴയാണ് കേരളമുൾപ്പടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രതീക്ഷിയ്ക്കപ്പെടുന്നത്.

വരൾച്ചയിൽ പൊറുതിമുട്ടുന്ന മഹാരാഷ്ട്രയിലെ മറാത്ത് വാഡയുൾപ്പടെയുള്ള പ്രദേശങ്ങളിൽ 113 ശതമാനവും ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡുൾപ്പടെ ഉത്തരേന്ത്യയിൽ 108 ശതമാനവുമാണ് മഴ പ്രതീക്ഷിയ്ക്കുന്നത്. 1988 ന് ശേഷം ഇതാദ്യമായാണ് രാജ്യത്ത് സാമാന്യത്തിലധികം മഴ പെയ്യാൻ സാധ്യത കൽപിക്കപ്പെടുന്നത്. ജൂൺ ആദ്യവാരം മുതൽ സെപ്തംബർ അവസാനവാരം വരെയാണ് മഴക്കാലം. ഈ സീസണിന്‍റെ രണ്ടാം പകുതിയിലാണ് കൂടുതൽ മഴ പെയ്യാൻ സാധ്യതയെന്നും കാലാവസ്ഥാനിരീക്ഷണകേന്ദ്രം വ്യക്തമാക്കി.

click me!