
തിരുവനന്തപുരം: ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ച മന്ത്രി കെ ടി ജലീലിന്‍റെ ബന്ധു കെ ടി അദീബിന്‍റെ യോഗ്യതയും വിവാദത്തില്‍. അദീബിന്‍റെ ബിസിനസ് അഡ്മിനിസ്ട്രേഷന്‍ ഡിപ്ലോമക്ക് കാലിക്കറ്റ് സര്‍വ്വകലാശാലയുടെ അംഗീകാരമുണ്ടെന്ന കോര്‍പ്പറേഷന്‍ വാദമാണ് പൊളിയുന്നത്. കേരളത്തിലെ സര്‍വ്വകലാശാലകളൊന്നും ഈ കോഴ്സിന് അംഗീകാരം നല്‍കിയിട്ടില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തില്‍ വ്യക്തമായി.
ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള യോഗ്യതകളിലൊന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ പി ജി ഡിപ്ലോമയാണ്. ഇന്‍റര്‍വ്യൂവിന് പോലും ഹാജരാകാതെ തസ്തികയില്‍ നിയമിതനായ മന്ത്രി ബന്ധു കെ ടി അദീബിന് മാത്രമാണ് ഈ യോഗ്യത ഉണ്ടായിരുന്നത്. തസ്തികയിലേക്ക് അപേക്ഷിച്ച സഹീര്‍ കാലടിയെന്ന മറ്റൊരു ഉദ്യോഗാര്‍ത്ഥി വിനായക മിഷന്‍ സര്‍വ്വകലാശാലയില്‍ നിന്ന് വിദൂര വിദ്യാഭ്യാസത്തിലൂടെ നേടിയ എംബിഎ ക്ക് തുല്യത സര്‍ട്ടിഫിക്കേറ്റ് ഇല്ലെന്ന കാര്യത്തില്‍ അയോഗ്യത കല്‍പിച്ചിരുന്നു.
എന്നാല്‍ അണ്ണാമല സര്‍വ്വകലാശാലയില്‍ നിന്ന് വിദൂര വിദ്യാഭ്യാസത്തിലൂടെയാണ് അദീബ് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ പി ജി ഡിപ്ലോമ നേടിയത്. ഈ കോഴ്സിന്‍റെ തുല്യത ആരാഞ്ഞ് ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനെ ഏഷ്യാനെറ്റ് ന്യൂസ് സമീപിച്ചു. കാലിക്കറ്റ് സര്‍വ്വകലാശാല കോഴ്സ് അംഗീകരിച്ചിട്ടുണ്ടെന്നായിരുന്നു. എംഡി വി കെ കബീറിന്‍റെ വാദം.
കാലിക്കറ്റ് സര്‍വ്വകലാശാല അംഗീകരിച്ച മറ്റ് സര്‍വ്വകലാശാലകളുടെ കോഴ്സ് വിവരങ്ങള്‍ കൂടി പരിശോധിച്ചാല്‍ അണ്ണാമല സര്‍വ്വകലാശാലയുടെ 14 കോഴ്സുകള്‍ക്കാണ് സര്‍വ്വകലാശാല അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതിലെവിടെയും അദീബ് പഠിച്ച പിജിഡിബിഎ കോഴ്സ് ഇല്ല. എംജി, കേരള ഉള്‍പ്പടെ കേരളത്തിലെ മറ്റ് സര്‍വ്വകലാശാലകളും കോഴ്സിന് അംഗീകാരം നല്‍കിയിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ജനറല്‍ മാനേജര്‍ തസ്തികക്ക് നേരത്തെ നിശ്ചയിച്ചിരുന്ന യോഗ്യതകളില്‍ മാറ്റം വരുത്തിയാണ് പിജിഡിബിഎ കൂടി ചേര്‍ത്തത്. 2016 ഓഗസ്റ്റില്‍ 18ന് യോഗ്യത പുനര്‍നിര്‍ണയം നടത്തി 27നാണ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam