
കോഴിക്കോട്: കല്ലുരുട്ടി കോണ്‍വെന്‍റിലെ കന്യാസ്ത്രീയുടെ മരണത്തിലെ ദുരൂഹത ശരിവച്ച് ക്രൈബ്രാംഞ്ചിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിര്‍ണ്ണായക കണ്ടെത്തലിന് വ്യക്തത ലഭിക്കണമെങ്കില്‍ ശാസ്ത്രീയ അന്വേഷണം നടക്കണമെന്ന റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഡിജിപിക്ക് കൈമാറി.
ഇരുപത് വര്‍ഷം മുന്‍പാണ് കല്ലുരുട്ടി സേക്രട്ട് ഹാര്‍ട്ട് മഠം വളപ്പിലെ കിണറ്റില്‍ സിസ്റ്റര്‍ ജ്യോതിസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പോലീസും, ക്രൈംബ്രാഞ്ചും നേരത്തെ ആത്മഹത്യയെന്ന് വിധിയെഴുതിയ കേസിലാണ് നിര്‍ണ്ണായക വഴിത്തിരിവ്. ഇപ്പോള്‍ നടക്കുന്ന ക്രൈംബ്രാഞ്ചിന്‍റെ തുടരന്വേഷണമാണ് മരണത്തിലെ ദുരൂഹതകള്‍ ശരിവയ്ക്കുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍ സംബന്ധിച്ച് ഒരന്വേഷണവും നടന്നിരുന്നില്ലെന്നാണ് വ്യക്തമാകുന്നത്.
കന്യാസ്ത്രീയുടേത് മുങ്ങിമരമാണെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം നിഗമനമെങ്കിലും ഏറെ നിര്‍ണ്ണായകമായ കണ്ടെത്തല്‍ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ജനനേന്ദ്രിയത്തില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നെന്നും, രക്തം വാര്‍ന്നിരുന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോ. പിബി ഗുജ്റാളില്‍ നിന്ന് അന്വേഷണ സംഘം വീണ്ടും മൊഴിയെടുത്തിട്ടുണ്ട്. മാതാപിതാക്കളുടേയും, പരാതിക്കാരന്‍റെയും മൊഴി രേഖപ്പെടുത്തി.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിര്‍ണായക കണ്ടെത്തല്‍ സംബന്ധിച്ച് അന്വേഷണം നടക്കാത്തതതിനെതിരെ നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു. മരണം ആത്മഹത്യയാക്കി തീര്‍ക്കാന്‍ സഭ അധികൃതര്‍ ഇടപെട്ടെന്നും, സിബിഐ അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് കന്യാസ്ത്രീയുടെ കുടംബം ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടരന്വേഷണം ആവശ്യപ്പെട്ട് കാത്തലിക് ലെയ്മാന്‍ അസോസിയേഷന്‍ എന്ന സംഘടന ഇക്കഴിഞ്ഞ ജൂലൈയില്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസില്‍ ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷണം നടത്തുന്നത്.
ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തെങ്കിലും ലോക്കല്‍ പൊലീസിന്‍റെ കണ്ടെത്തല്‍ ശരിവയ്ക്കുകയായിരുന്നു. എന്നാല്‍ ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും ഇല്ലായിരുന്നുവെന്നും മകളുടെ മരണം ദുരൂഹമാണെന്നും മാതാപിതാക്കള്‍ ആവര്‍ത്തിക്കുന്നു. അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. മാറിമാറി വന്ന സര്‍ക്കാരുകള്‍ മുഖം തിരിച്ചതോടെ കുടംബം നിയമപോരാട്ടം അവസാനിപ്പിച്ചു. തുടര്‍ന്ന് കാത്തലിക് ലെയ്മെന്‍സ് അസോസിയേഷന്‍ എന്ന സംഘടന കഴിഞ്ഞ ഏപ്രിലില്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് തുടരന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടിരിക്കുന്നത്.
അന്വേഷണത്തിന്‍റെ ഭാഗമായി കന്യാസ്ത്രീയുടെ മാതാപിതാക്കളുടെയും പരാതിക്കാരനായ ജോര്‍ജ്ജ് മാളിയേക്കലിന്‍റെയും മൊഴി വീണ്ടുമെടുത്തു. വരുംദിവസങ്ങളില്‍ മഠം അധികൃതരെയും ക്രൈംബ്രാഞ്ച് സമീപിക്കും. തുടരന്വേഷണത്തിലെങ്കിലും നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് കന്യാസ്ത്രീയുടെ കുടുംബം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam