
കോഴിക്കോട്: കൊയിലാണ്ടിയിൽ പൊലീസുകാരനെ അഭിഭാഷകൻ താക്കോൽ കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. എലത്തൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ രഞ്ജിഷിനാണ് പരിക്കേറ്റത്. സംഭവത്തിൽ അഭിഭാഷകനായ മഹേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊയിലാണ്ടി കോടതി വരാന്തയിലാണ് സംഭവം. കൊയിലാണ്ടി സ്വദേശിയായ അഭിഭാഷകൻ മഹേഷാണ് എലത്തൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ രൻജിഷിനെ താക്കോൽ കൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. രഞ്ജിഷിന്‍റെ കഴുത്തിലാണ് പരിക്ക്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ - കേസ് ആവശ്യത്തിനായി കൊയിലാണ്ടി കോടതിയിൽ എത്തിയതായിരുന്നു രഞ്ജിഷ്. മദ്യപിച്ചെത്തിയ മഹേഷ് കയ്യിൽ കരുതിയിരുന്ന കാറിന്‍റെ താക്കോൽ ഉപയോഗിച്ച് രൻജിഷിനെ കുത്തി. കോടതി വരാന്തയിൽ ഉണ്ടായിരുന്നവർ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും പലവട്ടം ഇയാൾ താക്കോല്‍ കൊണ്ട് പരിക്കേൽപ്പിച്ചു.
കൊയിലാണ്ടി കോടതിയിലെ ഒരു കേസിൽ ഒത്തുതീർപ്പ് ശ്രമം പരാജയപ്പെടുത്തിയതിലെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും പൊലീസ് പറയുന്നു. ഔദ്യോഗിക ജോലി തടസപ്പെടുത്തിയതിനും അപായപ്പെടുത്താൻ ശ്രമിച്ചതിനും മഹേഷിനെതിരെ കൊയിലാണ്ടി പൊലീസ് കേസ് എടുത്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam