ഇടുക്കി ‍ഡാമില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്നു വിടും, ഇടമലയാറില്‍ നിയന്ത്രണം

Published : Aug 10, 2018, 10:17 AM ISTUpdated : Aug 10, 2018, 10:24 AM IST
ഇടുക്കി ‍ഡാമില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്നു വിടും, ഇടമലയാറില്‍ നിയന്ത്രണം

Synopsis

കൂടുതല്‍ വെള്ളം ഇടുക്കിഡാമില്‍ നിന്നും പുറത്തുവിട്ടാല്‍ ചെറുതോണി പട്ടണം വെള്ളത്തിലാവും എന്ന ആശങ്ക ശക്തമാണ്

ഇടുക്കി: ഇടമലയാര്‍ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ അവിടുത്തെ ഷട്ടറുകള്‍ അടച്ചായാലും ഇടുക്കി ഡാമില്‍ നിന്നും കൂടുതല്‍ വെള്ളം പുറത്തേക്ക് വിടാനുള്ള സാധ്യത പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്ന് വൈദ്യുതി മന്ത്രി എം.എം.മണി അറിയിച്ചു.ഇടുക്കിയും ഇടമലയാറും ഒരുമിച്ച് നിറഞ്ഞതാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയതെന്നും നിലവില്‍ ഇടമലയാറില്‍ കാര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്നും ഇടുക്കി അണക്കെട്ടിലെ മൂന്ന് ഷട്ടറുകള്‍ തുറന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

അതേസമയം  ഇടമലയാറിലെ ഷട്ടറുകൾ അടക്കേണ്ടതില്ലെന്ന് കെ.എസ്.ഇ.ബി തീരുമാനിച്ചു. പകരം വെള്ളത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് നിയന്ത്രിക്കാനാണ് നീക്കം. കെ. എസ് ഇ. ബി ചീഫ് എഞ്ചിനീയറാണ് ഇക്കാര്യം അറിയിച്ചത്. ഡാമിലേക്കുള്ള ഒഴുക്കും പുറത്തേക്കുള്ള ഒഴുക്കും ഒരേ പോലെയാക്കി ഇലനിരപ്പ് ക്രമപ്പെടുത്തുക എന്ന സാധ്യതയാണ് ഇടമലയാറില്‍ വൈദ്യുതിവകുപ്പ് തേടുന്നത്. 

ഇടുക്കിയിലെ കൂടുതൽ ഷട്ടറുകൾ തുറന്ന സാഹചര്യത്തിലാണ് ഇടമലയാറിലെ ഒഴുക്ക് നിയന്ത്രിക്കുന്നത്. പതിനൊന്നു മണിക്ക് ഇടുക്കി കളക്ട്രേറ്റില്‍ ചേരുന്ന നിര്‍ണായക യോഗത്തില്‍ ഇടുക്കി. ഇടമലയാര്‍ ഡാമുകളുടെ ഷട്ടറുകള്‍ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നത് സംബന്ധിച്ച് നിര്‍ണായക തീരുമാനമുണ്ടാക്കും. ഇടുക്കി ഡാമിലെ അഞ്ച് ഷട്ടറുകളും തുറക്കാന്‍ കെ.എസ്.ഇ.ബി താത്പര്യപ്പെടുന്നില്ല. പകരം നിലവില്‍ തുറന്ന മൂന്ന് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താനാണ് ബോര്‍ഡ് ആലോചിക്കുന്നത്. 

ഇന്നലെ രാവിലെ പന്ത്രണ്ടരയ്ക്കാണ് ഇടുക്കി ഡാമിന്‍റെ മൂന്നാം നന്പര്‍ ഷട്ടര്‍ അന്‍പത് സെമീ ഉയരത്തില്‍ തുറന്നത്. എന്നാല്‍ വൃഷ്ടിപ്രദേശത്തുണ്ടായ മഴ കാരണം കനത്ത നീരൊഴുക്കാണ് ഇടുക്കി ഡാമിലേക്ക് പിന്നീട് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് വെള്ളിയാഴ്ച്ച രാവിലെ ഏഴ് മണിയോടെ രണ്ട്, മൂന്ന് നന്പര്‍ ഷട്ടറുകള്‍ അല്‍പം തുറന്നിട്ടത്. നിലവില്‍ ഇന്നലെത്തേക്കാള്‍ ഇരട്ടി അളവില്‍ അതായത് സെക്കന്‍ഡില്‍ 1.25 ലക്ഷം ലിറ്റര്‍ വെള്ളം ഇടുക്കി ഡാമില്‍ നിന്നും ഒഴുകിയെത്തുന്നുണ്ട്.

കൂടുതല്‍ വെള്ളം ഇടുക്കിഡാമില്‍ നിന്നും പുറത്തുവിട്ടാല്‍ ചെറുതോണി പട്ടണം വെള്ളത്തിലാവും എന്ന ആശങ്ക ശക്തമാണ്. നിലവില്‍ ചെറുതോണി പുഴയുടെ വശങ്ങളിലെ മരങ്ങള്‍ പലതും കടപുഴകി വീണിട്ടുണ്ട്. അപകടസാധ്യത മുന്നില്‍ കണ്ട് നൂറ് മീറ്റര്‍ ചുറ്റളവിലുള്ള ആളുകളെ ഒഴുപ്പിച്ചിട്ടുണ്ട്. ചെറുതോണി ബസ് സ്റ്റാന്‍ഡ് അടക്കം പല സ്ഥലങ്ങളിലും വെള്ളം കയറുമെന്ന് ഉറപ്പായിട്ടുണ്ട്. അപകടസാധ്യത മുന്നില്‍ കണ്ട് ചെറുതോണി പാലത്തിലൂടെ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. പെരിയാറിന്‍റെ നൂറ് മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരോട് ഒഴിഞ്ഞു പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എറണാകുളത്തെ ആലുവയും, ഏലൂരുമടക്കമുള്ള പ്രദേശങ്ങളിലെ നൂറു കണക്കിന് വീടുകള്‍ ഇപ്പോള്‍ വെള്ളത്തിനടിയിലാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അമിതവില, അളവ് കുറവ്, എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ നൂഡിൽസ്; 98000 രൂപ പിഴ ഈടാക്കി, ശബരിമല സന്നിധാനത്താകെ പരിശോധന
വാളയാർ ആൾക്കൂട്ട ആക്രമണം: പ്രത്യേക സംഘം അന്വേഷിക്കും, ഐപിഎസ് ഉദ്യോഗസ്ഥൻ നയിക്കും; കുടുംബത്തിന് ഉറപ്പ് നൽകി സർക്കാർ